റോഡ് നിർമാണ മറവിൽ വയലുകള്‍ നികത്തിയിട്ടില്ലെന്ന്​ റിപ്പോര്‍ട്ട്​ നല്‍കിയവർക്കെതിരെ പരാതി

റാന്നി: പൊൻകുന്നം-പുനലൂർ റോഡ് നിർമാണ മറവിൽ വയലുകള്‍ ഒന്നും മണ്ണിട്ട്​ നികത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ട്​ നല്‍കിയ റാന്നി, ചേത്തയ്ക്കല്‍, പഴവങ്ങാടി വില്ലേജ് ഓഫിസര്‍മാര്‍ക്കെതിരെ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. റാന്നി മന്ദിരം കാറ്റാടിക്കൽ അനില്‍കുമാറാണ് പരാതി നല്‍കിയത്. കെ.എസ്.ടി.പി അധികൃതര്‍ക്കും കരാര്‍ കമ്പനികള്‍ക്കെതിരെയും പരാതി നല്‍കിയതു കൂടാതെയാണ് ഈ പരാതി. സർക്കാർ ഉടമസ്ഥതയിലുള്ള മണ്ണ് ഉപയോഗിച്ച്​ ഏക്കർ കണക്കിന് വയൽ, കരാർ കമ്പനിയുടെ നേതൃത്വത്തിൽ നികത്തിയെന്നും താഴ്ന്ന സ്ഥലങ്ങൾ മണ്ണിട്ടുനൽകി കോടികൾ നിർമാണ കമ്പനി നേടുകയും തോടുകളും കലുങ്കുകളും കെട്ടിയടക്കുകയും ചെയ്​തതായി കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതിയില്‍ തിരുവല്ല ആര്‍.ഡി.ഒ വില്ലേജ് ഓഫിസുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിന്നു. ഇതി​ന്​ മറുപടിയായി റാന്നി വില്ലേജ് ഓഫിസിൽനിന്ന്​ നൽകിയ റിപ്പോർട്ടിൽ ഓഫിസ്​ പരിധിയിൽ വയലുകളോ താഴ്ന്ന സ്ഥലങ്ങളോ നികത്തിയിട്ടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചേത്തക്കൽ, പഴവങ്ങാടി വില്ലേജ് ഓഫിസർമാരുടെ റിപ്പോർട്ടിലും താഴ്ന്ന സ്ഥലങ്ങൾ നികത്തിയിട്ടുള്ളതായും എന്നാൽ, ഇവ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്നും പറയുന്നു. പഴവങ്ങാടി വില്ലേജിൽ ചെല്ലക്കാട് മാത്രം മൂന്ന് ഏക്കർ വയൽ നികത്തിയിരിക്കെയാണ്‌ ഇത്തരത്തിൽ റിപ്പോർട്ട്‌. ഈ വിഷയം പരിശോധിച്ച് വീഴ്ച വരുത്തിയ വില്ലേജ് അധികൃതർക്കെതിരെ നിയമനടപടി ആവിശ്യപ്പെട്ടാണ്​ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.