കുന്നന്താനം കിൻഫ്രാ പാർക്കിൽ പ്ലാസ്റ്റിക് പാഴ്​വസ്തു സംസ്കരണശാല വരുന്നു

കേരളത്തെ ശുചിത്വ സംസ്ഥാനമാക്കും -മന്ത്രി എം.വി. ഗോവിന്ദൻ മല്ലപ്പള്ളി: നാലുവർഷം കൊണ്ട് കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പത്തനംതിട്ട ജില്ല പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും ചേർന്ന് കുന്നന്താനം കിൻഫ്ര വ്യവസായ പാർക്കിൽ ആറ് കോടി രൂപ ചെലവിൽ നിർമിക്കുന്ന പ്ലാസ്റ്റിക് പാഴ്​വസ്തു സംസ്​കരണ ശാലയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു. ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന്​ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേനയിലെ അംഗങ്ങൾ എല്ലാ ഭവനങ്ങളിൽനിന്നും പൊതു ഇടങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കളുടെ സംസ്​കരണവും വൈവിധ്യവത്കരണവും നടത്തുന്ന സംസ്ഥാനത്തെ ആദ്യ പൊതുമേഖല സ്ഥാപനത്തിനായി കുന്നന്താനം കിൻഫ്രാ പാർക്കിൽ ഒരേക്കർ സ്ഥലമാണ് എറ്റെടുത്തത്. സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും, ശൗചാലയം, സോക്പിറ്റുകൾ നിർമിക്കുക, ആശുപത്രികളിലും വിദ്യാലയങ്ങളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കുക, ആധുനിക ശവസംസ്കാര കേന്ദ്രങ്ങൾ സ്ഥാപിക്കുക തുടങ്ങിയ നിരവധി പരിപാടികളാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ, ക്ലീൻ കേരള കമ്പനി മാനേജിങ്​ ഡയറക്ടർ ജി.കെ. സുരേഷ്​ കുമാർ, പഞ്ചായത്ത്​ പ്രസിഡന്‍റ്​ ശ്രീദേവി സതീഷ് ബാബു, ജില്ല പഞ്ചായത്തംഗങ്ങളായ ജിജി മാത്യു, ബീന പ്രഭ, സി.കെ. ലതാകുമാരി, രാജി പി. രാജപ്പൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രഫ മധുസൂധനൻ നായർ, പ്രഫ. രാജശേഖരൻ നായർ, മനോജ് മാധവശ്ശേരിൽ, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ നാൻസി റഹ്മാൻ, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ------ ഫോട്ടോ: കുന്നന്താനം കിൻഫ്ര വ്യവസായ പാർക്കിൽ പ്ലാസ്റ്റിക്, പാഴ്​വസ്തു സംസ്കരണ ശാലയുടെ ശിലാസ്ഥാപനം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.