എഴുമറ്റൂർ-പടുതോട് റോഡ് കുണ്ടും കുഴിയും; വാഹനയാത്ര ദുസ്സഹം

മല്ലപ്പള്ളി: എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡ് തകർന്ന് റോഡിൽ കുണ്ടും കുഴിയും നിറഞ്ഞു. കാൽനടപോലും ദുസ്സഹമായിട്ടും നടപടി ഉണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് വർഷങ്ങളായി അധികൃതരുടെ അവഗണനയിലാണ്. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഒഴുക്കാണ് റോഡിന്‍റെ ദുരവസ്ഥക്ക് കാരണമെന്ന ആക്ഷേപവും നിലനിൽക്കുന്നു. പാറമടകളിൽനിന്ന്​ അമിതഭാരം കയറ്റിയ നൂറുകണക്കിന് ടിപ്പറുകളാണ് രാപ്പകൽ വ്യത്യാസമില്ലാതെ ഇതുവഴി കടന്നുപോകുന്നത്. ഇതാണ് റോഡ് തകരാൻ പ്രധാന കാരണവും. റോഡിലെ ടാറിങ് പൂർണമായും ഇളകി വലിയ കുഴി രൂപപ്പെട്ടിട്ടുള്ളതിനാൽ കലുങ്കുകളും ഏതുനിമിഷവും തകരാവുന്ന നിലയിലാണ്. ഗർത്തങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് കാഴ്ചയാണ്. ഈ റോഡുമായി ചേരുന്ന മറ്റു റോഡുകളെല്ലാം ഉന്നത നിലവാരത്തിൽ പണി പൂർത്തിയാക്കിയെങ്കിലും എഴുമറ്റൂർ-പടുതോട് 5.5 കിലോമീറ്റർ ദൂരം ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നാലുവർഷം മുമ്പ്​ ലക്ഷങ്ങൾ മുടക്കി റീടാറിങ് നടത്തി മൂന്നുതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാഞ്ഞ ഒഴുക്ക് റോഡിന്‍റെ തകർച്ച വേഗത്തിലാക്കുന്നു. റോഡിന്‍റെ തകർച്ച കാരണം ഈ റൂട്ടിലെ സ്വകാര്യ ബസുകൾ സർവിസ് നിർത്തിയതോടെ യാത്രക്ലേശവും രൂക്ഷമായിരിക്കുകയാണ്. റോഡിന്‍റെ ദുരവസ്ഥക്ക് പരിഹാരം കാണാൻ നിരവധിതവണ ബന്ധപ്പെട്ടവർക്ക് പരാതിയും മറ്റും നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. നാട്ടുകാർ സംഘടിച്ച് സമരത്തിനൊരുങ്ങിയതോടെ കുഴിയടക്കൽ നടപടിയുമായി കഴിഞ്ഞദിവസം അധികൃതരും രംഗത്തെത്തിയിരിക്കുകയാണ്. ഫോട്ടോ: എഴുമറ്റൂർ-പടുതോട് റോഡിൽ ആരംഭിച്ച കുഴിയടക്കൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.