പത്തനംതിട്ട: എഴിക്കാട് പട്ടികജാതി കോളനിക്ക് സമീപം നീർവിളാകം പുഞ്ചയിൽ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി. എഴിക്കാട് ബ്ലോക്ക് നമ്പർ 15ൽ വിശ്വനാഥൻ ആചാരിയെയാണ് (65) കാണാതായത്. ശനിയാഴ്ച വൈകീട്ട് 3.30നാണ് സംഭവം. മറ്റ് രണ്ടുപേരുമൊത്ത് നീർവിളാകം പുഞ്ചയിലേക്ക് പോകുമ്പോൾ ഇവർ കയറിയ ചെറുവള്ളം മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബ്ലോക്ക് 14ൽ പൊന്നൻ, നീർവിളാകം മലമോടിയിൽ പ്രസാദ് എന്നിവർ നീന്തി രക്ഷപ്പെട്ടു. കുറിച്ചിമുട്ടം എഴിക്കാട്ടിൽ ഇരുചക്ര വാഹന വർക്ഷോപ് നടത്തുന്നയാളാണ് വിശ്വനാഥൻ ആചാരി. വെള്ളപ്പൊക്കത്തെ തുടർന്ന് പല കുടുംബങ്ങളും ഇവിടെ ബന്ധുവീടുകളിൽ അഭയം തേടിയിരുന്നു. പൊന്നൻ, നീർവിളാകം മലമോടിയിലെ ബന്ധുവീട്ടിലേക്കാണ് മാറിയത്. അവിടെനിന്ന് ശനിയാഴ്ച ഉച്ചക്ക് സുഹൃത്ത് പ്രസാദിനൊപ്പം പുഞ്ചയിലൂടെ ചെറുവള്ളത്തിൽ എഴിക്കാട്ട് എത്തിയിരുന്നു. ഭക്ഷണം കഴിഞ്ഞ് തിരിച്ച് മലമോടിയിലേക്കുപോകാൻ വള്ളത്തിൽ കയറുന്നതിനിടെ വിശ്വനാഥനും വള്ളത്തിൽകയറി. ചെറിയ വള്ളമായതിനാൽ രണ്ടിലധികംപേർ കയറുന്നത് പൊന്നൻ എതിർത്തെങ്കിലും വിശ്വനാഥന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. പാടത്ത് എത്തിയതോടെ കാറ്റിലും ഓളത്തിലും നിലതെറ്റി വള്ളംമറിഞ്ഞു. മൂവരും വെള്ളത്തിൽവീണു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിശ്വനാഥൻ താണുപോയി. ഒടുവിൽ മറ്റു രണ്ടുപേരും നീന്തി കരയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ ആറന്മുളയിൽനിന്ന് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ പൊലീസും ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്‌സ് സംഘവും എത്തി സ്‌കൂബ ബോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വിശ്വനാഥൻ ഇപ്പോൾ ചെങ്ങന്നൂർ പെണ്ണുക്കരയിലാണ് താമസം. ഭാര്യ: സരസ്വതി. മക്കൾ: സരിത, സവിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.