മല്ലപ്പള്ളി: വാഹനങ്ങൾ വാടകയ്‌ക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടുന്ന തട്ടിപ്പുവീരന്മാർ കടത്തിയ കാർ കീഴ്‌വായ്‌പ്പൂർ പൊലീസ് കണ്ടെടുത്തു. സമാനമായ തട്ടിപ്പുകേസിൽ കോയിപ്രം പൊലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതികൾ, മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിൽനിന്ന് ഏപ്രിൽ 22ന് കടത്തിയ കെ.എൽ 38 ജി. 7532 നമ്പർ കാർ മൂവാറ്റുപുഴയിൽ നിന്നാണ് അന്വേഷണസംഘം കണ്ടെടുത്തത്. കീഴ്‌വായ്‌പ്പൂർ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാർ നാല് ദിവസത്തേക്ക് എന്നുപറഞ്ഞ് ഭർത്താവിനെ വിശ്വസിപ്പിച്ച് ഒന്നാം പ്രതി വാടകയ്ക്ക് എടുത്തശേഷം കടത്തിക്കൊണ്ടുപോകുകയായിരുന്നു. നിശ്ചിത ദിവസത്തിനുശേഷവും തിരികെ നൽകാതെ രണ്ടാം പ്രതിക്ക് മറിച്ച് കൊടുത്തു. ഈ മാസം രണ്ടിന് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞ കോയിപ്രം പൊലീസ് ഈകേസിൽ പ്രതികളായ കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപു കെ.ജി (27), മാവേലിക്കര തഴക്കര കാർത്തിക വീട്ടിൽ സുജിത് (32) എന്നിവരെ എറണാകുളത്തുനിന്നും പിടികൂടിയിരുന്നു. ഇതേ പ്രതികൾ മാർച്ച് നാലിന് കോയിപ്രം പുറമറ്റം സ്വദേശിയുടെ വാഗൺ ആർ കാർ, കോയമ്പത്തൂരിൽനിന്ന് മൊബൈൽ ഫോൺ വാങ്ങാനെന്നു പറഞ്ഞ് വാടകയ്‌ക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു. തുടർന്നാണ് മല്ലപ്പള്ളിയിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത കീഴ്‌വായ്‌പ്പൂർ പൊലീസ്, വെള്ളിയാഴ്ച രാത്രി മൂവാറ്റുപുഴയിൽനിന്നും വാഹനം പിടിച്ചെടുക്കുകയായിരുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ച് വാഹനത്തട്ടിപ്പ് നടക്കുന്നത് മനസ്സിലാക്കി അവിടെയെത്തിയ, മല്ലപ്പള്ളിയിലെ വാഹന ഉടമയുടെ ഭർത്താവ് തനിക്ക് ലഭ്യമായ ഒരു ഫോൺ നമ്പർ സംബന്ധിച്ച് കീഴ്‌വായ്‌പ്പൂർ പൊലീസിനെ അറിയിക്കുകയും, പൊലീസിന്റെ നിർദേശപ്രകാരം, വണ്ടി വാങ്ങാനെന്ന ഭാവേന ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന്, മൂവാറ്റുപുഴയിൽ എത്താൻ ഫോണിൽ സംസാരിച്ചയാൾ അറിയിച്ചതനുസരിച്ച് വാഹന ഉടമയും ഭർത്താവും ഒരു വാഹനത്തിലും, പൊലീസ് മറ്റൊരു വാഹനത്തിൽ ഔദ്യോഗിക വേഷത്തിലല്ലാതെയും മൂവാറ്റുപുഴയിലേക്ക് തിരിച്ചു. ആദ്യം ബസ് സ്റ്റാൻഡിൽ എത്താനായിരുന്നു ഫോണിൽ സംസാരിച്ച ആളിന്റെ നിർദേശം, എന്നാൽ, പിന്നീട് അതുമാറ്റി മുനിസിപ്പൽ പാർക്കിങ് ഗ്രൗണ്ടിൽ എത്താൻ പറഞ്ഞു. അവിടെ വൈകീട്ട് നാലുമുതൽ രാത്രി എട്ടര വരെ കാത്തുനിന്നിട്ടും ആരും എത്തിയില്ല. പൊലീസ് സംഘം മൂവാറ്റുപുഴ നഗരത്തിലൂടെ പോകവെ തട്ടിക്കൊണ്ടുപോയ കാർ ശ്രദ്ധയിൽപ്പെട്ടു. വാഹനത്തെ സമീപിച്ചപ്പോൾ സംശയം തോന്നിയ ഡ്രൈവർ കാറുമായി പാഞ്ഞു. പൊലീസ് സംഘം പിന്നാലെ പാഞ്ഞു കുറുകെയിട്ട് തടഞ്ഞു. കാറിലിരുന്നവർ ഓടി രക്ഷപ്പെട്ടു, തുടർന്ന് വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രൊബേഷൻ എസ്.ഐ ജയകൃഷ്ണൻ, പൊലീസ് ഉദ്യോഗസ്ഥരായ ജൂബി, ഷെറിൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് കാർ പിടിച്ചെടുത്തത്. ഫോട്ടോ: PTL42gopuk.g പ്രതി ഗോപു PTL43sujit പ്രതി സുജിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.