നിർമിതികളില്ലാതെ എന്ത് വികസനം. നാട്ടിലെ വികസന പ്രവർത്തനങ്ങളെന്നാൽ നിർമാണ പ്രക്രിയയാകുന്നു. കെട്ടിടങ്ങളും റോഡുകളും നിർമിച്ച് കൂട്ടുമ്പോഴാണ് നാട് വികസിക്കുന്നത് എന്നാണല്ലോ പൊതുവേയുള്ള ഒരു ഇത്. അതായത് ആശുപത്രിയുടെ വികസനമെന്നാൽ പുതിയ കെട്ടിടങ്ങൾ നിർമിക്കലാണ്. അവിടേക്ക് പുതിയ ഉപകരണങ്ങൾ വാങ്ങിക്കൂട്ടലാണ്. സ്കൂളുകൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയവയുടെ കാര്യത്തിലും അതുതന്നെ വികസനം. 10 പുത്തൻ ചെലവഴിക്കാതെ നാട് വികസിക്കില്ലല്ലോ. അതുകൊണ്ടാണ് പത്തനംതിട്ട ആനപ്പാറയിൽ ആനപോലൊരു ഭക്ഷ്യപരിശോധന ലാബ് സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്. അതോടെ ജില്ലയിലുള്ളവർക്ക് വയറ്റിപ്പിടിക്കുന്ന ഭക്ഷണം യം..യം... എന്ന് തിന്നാമത്രെ. കെട്ടിടവും ഉപകരണങ്ങളും എല്ലാംകൂടി മൂന്നുകോടിയാണ് ചെലവഴിക്കാൻ പോകുന്നത്. ഇതൊന്നും ദഹിക്കാത്ത ചിലർ തലപൊക്കിയിരിക്കുന്നതാണ് ഇപ്പോഴത്തെ വിശേഷം. കോന്നിയിൽ ഭക്ഷ്യവകുപ്പിൻെറ 10 കോടിയുടെ ലാബ് ഒരെണ്ണം കരിയും പുകയും മാറാലയും ഒക്കെ പിടിച്ച് കിടപ്പുണ്ടല്ലോ പിന്നെന്തിനാണിത് എന്നാണ് അവറ്റകളുടെ ചോദ്യം. കുബുദ്ധികൾ, വികസന വിരോധികൾ അല്ലാതെന്ത് പറയാൻ. പിന്നെയും പിന്നെയും പുതിയവ നിർമിക്കുന്നതാണ് വികസനം എന്ന് ഇവറ്റകളെ ആരു പറഞ്ഞ് മനസ്സിലാക്കും. 80 ലക്ഷം രൂപ ചെലവിൽ പത്തനംതിട്ടയിൽ വിശ്രമ കേന്ദ്രമൊരുക്കിയപ്പോഴും ചിലർ കുത്തിത്തിരിപ്പുമായി രംഗത്തെത്തി. ഒടുവിൽ 65 ലക്ഷത്തിൽ ചെലവ് ചുരുക്കേണ്ടിവന്നു. അതിൻെറ നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ ആറിലേറെയായി. തുറന്നുകൊടുക്കാൻ സമയം കിട്ടിയിട്ടില്ല. നിർമാണമല്ലേ പ്രാധാനം. ആശുപത്രികളെടുത്തുനോക്കൂ. കെട്ടിട നിർമാണമാണെങ്കിൽ തകൃതിയായി നടക്കും. കാരണം അത് വികസന പ്രവർത്തനമാണ്. അതിനിടയിൽ മരുന്നില്ല, ഡോക്ടറില്ല, നഴ്സില്ല എന്നുപറഞ്ഞ് ബഹളം കൂട്ടുന്നവരുണ്ട്. കർഷക ക്ഷേമത്തിനായി എന്ത് നിർമാണ പ്രവർത്തനവും നടത്താൻ സർക്കാർ സന്നദ്ധമാണ്. അതിനിടയിൽ കൊയ്യാനാളില്ല, പാടം മുങ്ങുന്നു, നെല്ല് കിളിർക്കുന്നു, കൊയ്ത നെല്ലിന് വിലയില്ല, സംഭരിക്കാൻ ആളില്ല ഇത്യാദി കാര്യങ്ങൾ പറഞ്ഞ് ബേജാറാക്കുന്നവരുമുണ്ട്. അപ്പോൾ ജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിലല്ല, നിർമാണത്തിലാണല്ലേ കമ്പം.. എന്നു ചോദിക്കുന്നവരുമുണ്ട്. ഇവറ്റകളുടെ കുബുദ്ധി ജനം തിരിച്ചറിയണം. സർക്കാർവക നിർമാണങ്ങളിനിയും എത്രയോ വരാനിരിക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.