സ്റ്റേഡിയം ബൈപാസിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയ
സ്വകാര്യ ബസ്
പാലക്കാട്: തിരക്കേറിയ നഗരത്തിൽ സ്വകാര്യ ബസുകളുടെ അനധികൃത സ്റ്റോപ്പ് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. അംഗീകൃത സ്റ്റോപ്പിൽ വശം ചേർത്ത് നിർത്തുന്നതിന് പകരം റോഡിന് നടുവിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും.
സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് നിന്നും പാതയുടെ നടുവിൽ പെട്ടെന്ന് ബസുകൾ നിർത്തുന്നത് പിറകിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നു.
ഐ.എം.എ റോഡിലാണ് ട്രാഫിക് ലംഘനം കൂടുതലും നടക്കുന്നത്. സ്റ്റേഡിയം സ്റ്റാൻറിൽ നിന്നും വരുന്ന ബസുകളും സുൽത്താൻപേട്ട ഭാഗത്തു നിന്നും വരുന്ന ബസുകളുമാണ് ഇവിടെ നിർത്തുന്നത്. സ്വകാര്യ ബസുകൾക്കു പുറമെ ഒലവക്കോട് ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആർ.ടി.സിയും ഇവിടെ നിർത്താറുണ്ട്. ട്രാഫിക് പൊലീസ് മുന്നറിയിപ്പു ബോർഡു സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാറില്ല.
സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന മിക്ക ബസ്സുകളും ഇവിടെ യാത്രക്കാരെ കയറ്റാനായി നിർത്തുന്നു. കൽമണ്ഡപം ഭാഗത്തു നിന്നുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും സ്റ്റേഡിയം ബൈപാസിലേക്കു കയറി വേണം സുൽത്താൻപേട്ട റോഡിലേക്കു പ്രവേശിക്കാനെന്നതിനാൽ ഇവിടെ സ്വകാര്യ ബസുകളുടെ പാർക്കിങ് പലപ്പോഴും തിരക്കിന് കാരണമാവുന്നു. ഇതിനു പുറമെ ഇവിടെ ഓട്ടോകൾ നിർത്തിയിടുന്നതും കുരുക്കിന് കാരണമാവുന്നു.
മുനിസിപ്പൽ സ്റ്റേഡിയത്തിലും സ്റ്റേഡിയം ഗ്രൗണ്ടിലുമെല്ലാം എക്സ്ബിഷൻ, സർക്കസ്, മേളകൾ എന്നിവയൊക്കെ തുടങ്ങുന്ന സമയത്ത് സന്ധ്യ മയങ്ങുന്നതോടെ തിരക്കേറുന്ന സ്ഥിതിയാണ്. ചില സമയങ്ങളിൽ ഇവിടെ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണത്തിനുണ്ടാകാറുണ്ട്. സ്റ്റേഡിയം സ്റ്റാൻറിനു മുന്നിലെ പ്രവർത്തനരഹിതമായ സിഗ്നൽ സംവിധാനവും ഇത്തരത്തിൽ ബസ്സുകളുടെ അനധികൃത പാർക്കിങ്ങുമെല്ലാം ഗതാഗതക്കുരുക്ക് സൃഷ്ടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.
അനധികൃത പാർക്കിങ് നിർബാധം തുടരുമ്പോൾ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.