ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം ജുമാ മസ്ജിദിൽ നിന്ന് ആറ് ലക്ഷത്തോളം രൂപ കവർന്ന പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ചത് കവർന്ന പണമുപയോഗിച്ച് വാങ്ങിയ കാറിലെന്ന് പൊലീസ്. ഞായറാഴ്ച പുലർച്ചെ നടന്ന മോഷണത്തിൽ ഈസ്റ്റ് ഒറ്റപ്പാലം കാളംതൊടി വീട്ടിൽ അബൂബക്കറിനെ (28) ഏതാനും മണിക്കൂറുകൾക്കകം തന്നെ ഒറ്റപ്പാലം പൊലീസ് പിടികൂടിയിരുന്നു.
ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ് ലാം ജമാഅത്ത് പള്ളിയോട് ചേർന്ന ഓഫിസ് മുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നാണ് പണം കൈക്കലാക്കിയത്. മോഷണ ശേഷം കല്ലേക്കാട്ടെ യൂസ്ഡ് വെഹിക്കിൾ ഷോറൂമിലെത്തി 2.55 ലക്ഷം രൂപ നൽകി കാർ വാങ്ങിയായിരുന്നു പിന്നീടുള്ള യാത്ര. അട്ടപ്പാടിയിലേക്കുള്ള യാത്രമധ്യേ മണ്ണാർക്കാട് നിന്നാണ് വൈകുന്നേരം ഏഴോടെ ഇയാളെ പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ നിന്ന് 2.85 രൂപയും കണ്ടെടുത്തു.
വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനെന്ന വ്യാജേന ഇയാൾ നേരത്തെ പള്ളിയിലെത്തി പരിസരം വീക്ഷിച്ചിരുന്നു. പള്ളിയിൽ സൂക്ഷിച്ച സന്ദർശക രജിസ്റ്ററിൽ നിന്ന് ശേഖരിച്ച ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു പൊലീസിന്റെ തുടരന്വേഷണം. ഓഫിസ് മുറിയിലെ സി.സി.ടി.വി കാമറയുടെ കണക്ഷൻ വിച്ഛേദിച്ചെങ്കിലും പുറത്തുള്ള മറ്റ് കാമറകൾ പ്രവർത്തിച്ചിരുന്നു. അബൂബക്കറിനെതിരെ വിവിധ സ്റ്റേഷനുകളിൽ ഇരുപതോളം മോഷണകേസുകളുള്ളതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐമാരായ എം. സുനിൽ, കെ. ഹരിദേവ് എന്നിവരുടെ നേതൃത്വത്തിയിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.