റബർ തോട്ടങ്ങളിൽ തീപിടിത്തം ഒഴിവാക്കാനായി ഇല കൊഴിഞ്ഞ തോട്ടങ്ങളിൽ ബ്ലോവറുകൾ ഉപയോഗിച്ച് ഫയർ ലൈൻ നിർമിക്കുന്നു
വടക്കഞ്ചേരി: വേനൽ ചൂടും തീപിടിത്തവും കാരണം റബർ തോട്ടങ്ങളിലുണ്ടാകുന്ന നാശനഷ്ടം ഒഴിവാക്കാൻ പ്രതിരോധ നടപടികൾ ആരംഭിച്ചു. കരിയില വീണുകിടക്കുന്ന തോട്ടങ്ങളിൽ തീപിടിത്തം ഒഴിവാക്കാനായി പവർ സ്പ്രയറുകളും ബ്ലോവറുകളും ഉപയോഗിച്ച് ഫയർ ലൈൻ നിർമാണം ആരംഭിച്ചു. വെട്ടുപട്ടകളിൽ വെയിലേറ്റ് സംഭവിക്കുന്ന ഉണക്കും പൊള്ളലും ഒഴിവാക്കാനായി ചൈനാക്ലേ, ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ച് വെള്ള പൂശി തുടങ്ങി.
പുതുതായി വെച്ചതും രണ്ടും മൂന്നും വർഷം പ്രായമായതുമായ റബർ തൈകളെ ഉണക്കിൽനിന്ന് രക്ഷിക്കാനും വേനൽ പ്രതിരോധിക്കാനുമായി തവിട്ടു നിറത്തിലുള്ള തടിഭാഗത്ത് ചൈനാക്ലേ, ചുണ്ണാമ്പ്, തുരിശ് എന്നിവ തേക്കുന്ന പ്രവൃത്തികളും പുല്ല്, ഓല, വൈക്കോൽ എന്നിവ ഉപയോഗിച്ച് തൈകൾ മറക്കുന്ന പ്രവൃത്തികളും മേഖലയിൽ സജീവമാണ്.
തൈകൾക്ക് ചുവട്ടിൽ മണ്ണ് ചൂടുപിടിക്കുന്നത് കുറക്കാനായി അമിതമായി വളർന്ന ആവരണ വിളകൾ വെട്ടിയും ചപ്പുചവറുകൾ കൂട്ടിയിട്ടും പുതയിടുന്ന ജോലികളും തകൃതിയാണ്. മഴ ഒഴിവായി ഒന്നരമാസം പിന്നിട്ടതോടെ തോട്ടം മേഖലകളിൽ ചൂട് ശക്തമാണ്.
തെങ്ങ്, കമുക് തോട്ടങ്ങൾ പോലെ ഇടവിളകളോ നനക്കാനുള്ള സംവിധാനങ്ങളോ ഇല്ലാത്ത മലയോര മേഖലകളിലെ റബർ തോട്ടങ്ങളിലാണ് ചൂട് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായത്. ഇടക്ക് വേനൽ മഴ ലഭിച്ചില്ലെങ്കിൽ പ്രായം കുറഞ്ഞ റബർ തൈകൾക്ക് വേനൽചൂട് കനത്ത ആഘാതമുണ്ടാക്കുമെന്ന് കർഷകർ പറയുന്നു. മംഗലംഡാം, വണ്ടാഴി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് റബർ തോട്ടങ്ങളിൽ വേനൽ സംരക്ഷണ പ്രവർത്തനം സജീവമായത്.
റബർ മരങ്ങളിൽ ഇലകൊഴിച്ചിലും അമിതചൂടും കാരണം ഉൽപാദനം മൂന്നിലൊന്നായി ചുരുങ്ങി. ഇല കൊഴിഞ്ഞതിനുശേഷം വരുന്ന തളിരുകൾ മൂപ്പ് എത്തിയാൽ ഉൽപാദനം പഴയ നിലയിൽ ആകുമെന്ന പ്രതീക്ഷയിൽ ചില കർഷകർ ടാപ്പിങ് തുടരുന്നുണ്ട്. തൈ മരങ്ങളിൽ ടാപ്പിങ് ആരംഭിച്ച തോട്ടങ്ങളിൽ നിലവിൽ ടാപ്പിങ് അവസാനിപ്പിച്ചു. എന്നാൽ, സീസൺ അവസാനിക്കാറായിട്ടും റബർ വില കിലോക്ക് 200ലേക്ക് എത്തിയില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.