പാലക്കാട്: പ്ലസ് വൺ പ്രവേശനത്തിന് ജില്ലയിൽ ഇതുവരെ അപേക്ഷിച്ചത് 39,925 പേർ. ശനിയാഴ്ച വൈകീട്ട് 5.15 വരെയുള്ള കണക്കുപ്രകാരം 41,770 പേർ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്റെ ആദ്യഘട്ടമായ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചു. 39,925 പേരാണ് അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയത്.
എസ്.എസ്.എൽ.സി വിജയിച്ച 38,001 പേർ, സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ 1273 പേർ, ഐ.സി.എസ്.ഇ പത്ത് ജയിച്ച 83 പേർ, മറ്റ് സംസ്ഥാന ബോർഡുകളിൽനിന്നും പത്താം ക്ലാസ് പാസായ 568 പേർ എന്നിങ്ങനെയാണ് അപേക്ഷിച്ചിട്ടുള്ളത്. എം.ആർ.എസുകളിൽ 167 പേർ ലോഗിൻ സൃഷ്ടിക്കുകയും 125 പേർ അപേക്ഷാ സമർപ്പണം പൂർത്തിയാക്കുകയും ചെയ്തു. മേയ് 24ന് ട്രയൽ അലോട്ട്മെന്റ് വരും.
ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. ജൂൺ 10ന് രണ്ടും 16ന് മൂന്നും അലോട്ട്മെന്റുകൾ വരും. ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. ജില്ലയിൽ 39,898 വിദ്യാർഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി വിജയിച്ചത്. 155 സ്കൂളുകളിലായി 35,000 സീറ്റുകളാണ് ഹയർ സെക്കൻഡറിക്കുള്ളത്. 63 സർക്കാർ സ്കൂളുകൾ, 62 എയ്ഡഡ് സ്കൂളുകൾ, 24 അൺഎയ്ഡഡ് സ്കൂളുകൾ, നാല് റസിഡന്റ് സ്കൂളുകൾ, രണ്ട് സ്പെഷൽ സ്കൂളുകൾ എന്നിവിടങ്ങളിലായാണ് ഇത്രയും സീറ്റുകളുള്ളത്.
പുതുതായി സീറ്റുകളൊന്നും അനുവദിച്ചിട്ടില്ലാത്തതിനാൽ പത്താം ക്ലാസ് പാസായ എല്ലാവർക്കും ഹയർ സെക്കൻഡറി പഠനം നടത്താനാകില്ല. എന്നാൽ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ സീറ്റുകളിലേക്ക് കൂടി പ്രവേശനം നടക്കുന്നതിനാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ 25 സ്കൂളുകളിലായി 2100 സീറ്റാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനത്തിന് സർക്കാർ, എയ്ഡഡ് മേഖലയിലുള്ളത്. നിലവിൽ ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.