പെട്രോൾ പമ്പ് കവർച്ച: പ്രതി പിടിയിൽ

കൊല്ലങ്കോട്: കാമ്പ്രത്ത് ചള്ളയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് സുഹൈൽ എന്ന ഓട്ടോ സുഹൈൽ (42) പിടിയിൽ. തൃശൂർ വാടാനപ്പള്ളി മരയ്ക്കാർ വീട്ടിൽ സുഹൈൽ നിലവിൽ താമസിക്കുന്ന പൊന്നാന്നി ഈശ്വരമംഗലത്തുവെച്ചാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. കാമ്പ്രത്ത്ചള്ളയിൽ കുമാർ ഫ്യൂവൽ എന്ന പെട്രോൾ പമ്പിൽ മേയ് 25ന് പുലർച്ച രണ്ടു മണിക്കാണ് പൂട്ട് പൊളിച്ച് അകത്തു കയറിയ സുഹൈലും കൂട്ടാളിയും 8,71,165 രൂപ കവർന്നത്.

കവർച്ച ദിവസം തമിഴ്നാട് ഭാഗത്തുനിന്ന് ബൈക്കിലെത്തിയ പ്രതികൾ പോത്തമ്പാടത്ത് ബൈക്ക് നിർത്തിയിട്ടാണ് നടന്ന് പെട്രോൾ പമ്പിലെത്തിയത്. മഴക്കോട്ട്, മുഖം മൂടി, ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ പെട്രോൾ പമ്പിലെ സി.സി.ടി.വികൾ തിരിച്ചുവെച്ച് ദൃശ്യം മറച്ചതിനു ശേഷമാണ് അകത്തു കയറി കവർച്ച നടത്തിയത്. തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ വിരലടയാള വിദഗ്ധരുടെ സഹായത്താലും അന്നും തുടർച്ചയായ ദിവസങ്ങളിലും സംസ്ഥാനത്ത് നടത്തിയ മറ്റു കവർച്ചകളുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു.

തൃശൂർ, മലപ്പുറം ജില്ലകളിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കവർച്ച ചെയ്ത സംഖ്യ തൃശൂരിലെത്തി മോഷണമുതൽ പങ്കുവെച്ച് തുടർന്നും കവർച്ചകൾ നടത്തിയതായി അന്വേഷണത്തിൽ അറിഞ്ഞതായി പൊലീസ് പറഞ്ഞു. മേയ് 31ന് തൃശൂർ കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊടുങ്ങല്ലൂർ റോഡിലുള്ള പെട്രോൾ പമ്പ് കുത്തിത്തുറന്ന് 16,000 രൂപ മോഷണം നടത്തിയതായും 2021 ഡിസംബറിൽ തൃശൂർ പാവറട്ടി, മുല്ലശേരിയിലെ പെട്രോൾ പമ്പ് കുത്തിത്തുറന്ന് 20,000 രൂപ കവർച്ച നടത്തിയതായും പൊലീസ് പറഞ്ഞു.

2008 മുതൽ പെട്ടി ഓട്ടോറിക്ഷകൾ, മിനിലോറികൾ എന്നിവ സ്ഥിരമായി മോഷ്ടിച്ചിരുന്ന സുഹൈൽ ബൊലേറോ വാഹനവും ബൈക്ക് മോഷണവും തുടർച്ചയായി നടത്തിയിരുന്നതിനാലാണ് ഓട്ടോ സുഹൈൽ എന്ന പേര് വന്നത്. തൃശൂർ ജില്ലയിൽ ചാവക്കാട്, വലപ്പാട്, കൊടുങ്ങല്ലൂർ, മതിലകം, വടക്കേക്കാട്, അന്തിക്കാട്, പേരാമംഗലം പൊലീസ് സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം, തിരൂർ എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിൽ പറവൂർ സ്റ്റേഷൻ പരിധിയിലും വാഹന മോഷണക്കേസുകൾ നിലവിലുണ്ട്. കുപ്രസിദ്ധ അന്തർജില്ല വാഹന മോഷ്ടാവായ അബ്ദുൽ സലാമിന്‍റെ കൂട്ടാളിയാണ് ഓട്ടോ സുഹൈൽ.

2020ൽ ചാവക്കാട്ടിൽ വീട് കുത്തിത്തുറന്ന് 37 പവൻ കവർച്ച ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പനക്കൽ ചന്ദ്രന്‍റെ കൂട്ടുപ്രതിയാണ്. അവസാനമായി 2022 ഫെബ്രുവരി രണ്ടിന് തൃശൂർ പെരിങ്ങോട്ടുകരയിൽ പോസ്റ്റ്ഓഫിസ് മോഷണത്തിനിടെ ഓഫിസിനകത്ത് തീവെച്ച് നശിപ്പിച്ചതിന് ഓട്ടോ സുഹൈലിനെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ജയിലിലായിരുന്ന പ്രതി കഴിഞ്ഞ മേയ് ഒമ്പതിനാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. തുടർന്നാണ് മുൻ കുറ്റവാളികളുമായി ചേർന്ന് പുതിയ മോഷണത്തിന് പദ്ധതി നടപ്പാക്കിയത്. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച ഉച്ചക്ക് കാമ്പ്രത്ത് ചള്ളയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 

Tags:    
News Summary - Petrol pump robbery: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.