പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി ഷെയർ ട്രേഡിങ് ചെയ്ത് പണമുണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 63.63 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശിയെ വാട്സ് ആപ് വഴി ബന്ധപ്പെട്ടാണ് ആന്ധ്രാപ്രദേശ് അനന്തപുരമു, ധർമവാരം സാകെ ഗണേഷ്(29) എന്നയാളെയാണ് പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈയിലാണ് തട്ടിപ്പുകാർ പരാതിക്കാരനെ വാട്സ് ആപ് വഴി ബന്ധപ്പെട്ട് ഇത്തരത്തിൽ വീട്ടിലിരുന്ന് ഓൺലൈനായി ഷെയർ ട്രേഡിങ് ചെയ്ത് വലിയ വരുമാനം വാഗ്ദാനം ചെയ്തത്.
തുടർന്ന് തട്ടിപ്പുകാരുടെ നിർദേശമനുസരിച്ച് ട്രേഡിങ് ചെയ്യുകയും തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ചെറിയ തുകകൾ നിക്ഷേപിച്ച് ചെറിയ ലാഭം നൽകി വിശ്വാസം നേടിയെടുത്ത് പിന്നീട് ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിച്ച് മുഴുവൻ തുകയും തട്ടിയെടുക്കുകയാണ് ഉണ്ടായത്. പാലക്കാട് സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തവേ നഷ്ടപ്പെട്ട തുകയിൽനിന്ന് പ്രതിയുടെ അനന്തപുരമുവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ ടാൻസ്ഫർ ചെയ്തതായും ഈ തുക ഉടൻ തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘം അനന്തപുരമുവിൽ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എം. പ്രസാദിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശശികുമാർ, മലമ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സിജിൻ മാത്യു, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ ഷെബീബ് റഹ്മാൻ, എ.എസ്.ഐ എ.പി. ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.എൻ. രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുബിൻ, മുഹമ്മദ് ഫാസിൽ, ശരണ്യ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളതും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.