പട്ടാമ്പി: ശത്രു-മിത്രങ്ങളില്ലാത്ത പൊളിറ്റിക്കൽ ഗെയിമാണ് രാഷ്ട്രീയം എന്നതിന് പട്ടാമ്പിയേക്കാൾ മികച്ചൊരുദാഹരണം കണ്ടെത്തുന്നത് ദുഷ്കരം. പട്ടാമ്പി നഗരസഭ തെരഞ്ഞെടുപ്പിൽ ടി.പി. ഷാജി എന്ന കോൺഗ്രസുകാരന്റെ രാഷ്ട്രീയ നയവ്യതിയാനമാണ് പോർക്കളം ചൂടുപിടിപ്പിക്കുന്നത്.
കോൺഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പം ചേർന്ന് ഭരണപങ്കാളിത്തം വഹിക്കുകയും അഞ്ചു അഞ്ചുവർഷത്തെ സഹശയനം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് തന്നെ തിരിച്ചുപോയി അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്യുകയാണ് ടി.പി. ഷാജി. പഞ്ചായത്തായിരിക്കുമ്പോഴും നഗരസഭ രൂപവത്കരിച്ച ശേഷവും പച്ചതൊടാൻ കഴിയാതെ പോയ സി.പി.എമ്മിന് ഷാജി ബാന്ധവത്തിലൂടെ അധികാര വരൾച്ചക്ക് ആശ്വാസം ലഭിച്ചു.സ്വന്തം പാർട്ടിയിൽനിന്ന് അർഹമായ പരിഗണന ലഭിക്കാതെ വന്നപ്പോഴാണ് വി. ഫോർ പട്ടാമ്പി എന്ന മുന്നണി രൂപവത്കരിച്ച് ടി.പി. ഷാജി പോരിനിറങ്ങിയത്.
സി.പി.എം ചങ്ങാത്തത്തിലൂടെ നഗരസഭയിൽ നിർണായക ശക്തിയാകാൻ ഷാജിക്ക് കഴിഞ്ഞു. മഹിള കോൺഗ്രസ് നേതാവ് കെ.ടി. റുഖിയ അടക്കം ആറു കൗൺസിലർമാരെ ഇടതുപക്ഷത്തിന് സംഭാവന നൽകിയപ്പോൾ ആദ്യമായി സി.പി.എമ്മിന് നഗരസഭ ഭരണം ലഭിച്ചു. നഷ്ടപ്പെട്ട നഗരഭരണത്തിലേക്ക് ടി.പി. ഷാജിയുടെ ചിറകിലേറി പറന്നുയരാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. വെൽഫെയർ പാർട്ടിക്ക് പട്ടാമ്പിയിൽ അയിത്തം കൽപ്പിച്ചത് ഭീഷണിയായി യു.ഡി.എഫ് കരുതുന്നില്ല. അതേസമയം വി. ഫോർ പട്ടാമ്പിയിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും ടി.പി. ഷാജിക്കൊപ്പം പോയിട്ടില്ലെന്നും അഞ്ചുവർഷത്തെ ധാരണയാണ് ഷാജിയുമായുണ്ടാക്കിയിരുന്നതെന്നും വികസന പ്രവർത്തനങ്ങൾ ഭരണത്തുടർച്ച നൽകുമെന്നുമാണ് എൽ.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
യു.ഡി.എഫിൽ പടലപ്പിണക്കമുണ്ടായപ്പോൾ പഞ്ചായത്ത് ഭരണം ഇടത്തോട്ട് ചാഞ്ഞ അനുഭവമുണ്ടായിട്ടുണ്ട്. അത് നഗരസഭയിലും ആവർത്തിക്കുകയായിരുന്നു. നഗരസഭ രൂപവത്കരിച്ച് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 28 ഡിവിഷനുകളിൽ 19 എണ്ണം നേടി യു.ഡി.എഫാണ് ഭരണം പിടിച്ചത്. മുസ്ലിം ലീഗിന് പത്തും കോൺഗ്രസിന് ഒമ്പതും അംഗങ്ങൾ. ചെയർമാൻ പങ്കിട്ടപ്പോൾ ആദ്യപാദം ലീഗ് അവകാശപ്പെട്ടു. കെ.പി. വാപ്പുട്ടി നഗരസഭയുടെ പ്രഥമ ചെയർമാനായി. കോൺഗ്രസ് ഊഴത്തിൽ കെ.എസ്.ബി.എ തങ്ങൾക്ക് സ്ഥാനം ലഭിച്ചു.
സി.പി.എമ്മിന്റെ കരുത്ത് ആറിലൊതുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് 10 അംഗംങ്ങളെ വിജയിപ്പിക്കാനായി. വി ഫോർ പട്ടാമ്പിയുടെ ആറംഗങ്ങളും ഇടതുപക്ഷത്തോടൊപ്പം നിന്നു കൗൺസിലിൽ ഭൂരിപക്ഷം നേടി. പ്രതിപക്ഷത്ത് കോൺഗ്രസിന് നാലും മുസ്ലിം ലീഗിന് ഏഴും ഉൾപ്പെടെ 11. ബി.ജെ.പിക്ക് ഒരംഗത്തെയും നഗരസഭയിലെത്തിക്കാൻ കഴിഞ്ഞു.
ഇത്തവണ ഡിവിഷനുകളുടെ എണ്ണം 29 ആണ്. അർഹരായ 394 കുടുംബങ്ങൾക്ക് വീടിന് ഫണ്ടനുവദിച്ചു, 389 വീടുകൾ പൂർത്തിയായി, 15,000 ലിറ്റർവരെ ശുദ്ധ ജലം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമാക്കി, താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, പുതിയ ഫയർ സ്റ്റേഷൻ നിർമാണം തുടങ്ങി, പൊതുശ്മശാനം യാഥാർഥ്യമാക്കി, ഭാരതപ്പുഴയോരം മാലിന്യമുക്തമാക്കി ഇ.എം.എസ് പാർക്ക് തുറന്നു, എല്ലാ പ്രധാന കേന്ദ്രങ്ങളിലും മിനിമാസ്റ്റ് ലൈറ്റ്, അർഹരായ എസ്.സി കുട്ടികൾക്ക് ലാപ് ടോപ്, ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ചൂണ്ടിക്കാണിക്കുന്നത്.
പാഴായിപ്പോയ അഞ്ചുവർഷം എന്നാണ് യു.ഡി.എഫ് പ്രതിവാദം. അഞ്ചു വർഷം വികസന മുരടിപ്പിന്റേതായിരുന്നുവെന്ന് കോൺഗ്രസ് പാർലിമെന്ററി പാർട്ടി നേതാവ് കെ.ആർ. നാരായണസ്വാമി കുറ്റപ്പെടുത്തുന്നു. സമഗ്ര ശുദ്ധജല പദ്ധതി നടപ്പാക്കിയില്ല, മെക്കനൈസ്ഡ് പാർക്കിങ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവ വാഗ്ദാനത്തിലൊതുങ്ങി, ലൈഫ് പദ്ധതിൽ അനുവദിച്ച വീടുകൾ പണി തീർന്നിട്ടും 50 കൊല്ലം മുമ്പ് കൃഷി സ്ഥലമായിരുന്നുവെന്ന് പറഞ്ഞു വീട്ടുനമ്പർ നൽകാതെ ബുദ്ധിമുട്ടിക്കുന്നു, താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരില്ല, ബി.പി.എൽ റേഷൻ കാർഡ് നൽകാതെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം, റോഡുകളുടെ തകർച്ച എന്നിങ്ങനെ നീളുന്നു യു.ഡി.എഫ് കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.