പട്ടാമ്പി: കാളപ്പെരുമയുടെ തട്ടകത്തിലെ തെരഞ്ഞെടുപ്പ് കാഹളത്തിന് ചൂടും ചൂരുമേറെ. കാളവേലയും പൂരവും വാദ്യപാരമ്പര്യവും തിലകം ചാർത്തുന്ന മുളയൻകാവടങ്ങുന്ന കുലുക്കല്ലൂർ പഞ്ചായത്തിൽ ഭരണത്തുടർച്ചക്കായി എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും കച്ച മുറുക്കി കളം നിറഞ്ഞുള്ള പോരാട്ടത്തിലാണ്. രാജിയും കൂറു മാറ്റവും സ്ഥിരത നഷ്ടപ്പെടുത്തിയ ഭൂതകാലം കുലുക്കല്ലൂരിനുണ്ട്. ഇരു മുന്നണികളെയും മാറി മാറി വരിക്കുന്നതും കുലുക്കല്ലൂരിന്റെ ചരിത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനേഴിൽ പത്തു വാർഡുകളിൽ വിജയിച്ച എൽ.ഡി.എഫ് ആണ് ഭരണത്തിൽ.
വി. രമണി പ്രസിഡന്റും ടി.കെ. ഇസ്ഹാഖ് വൈസ് പ്രസിഡന്റുമായുള്ള ഭരണസമിതി അഞ്ചു വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വീണ്ടും ജനവിധി തേടുന്നത്. ലൈഫ്, പി.എം.എ.വൈ പദ്ധതികളിൽ അപേക്ഷിച്ച മുഴുവൻ കുടുംബങ്ങൾക്കും വീട്, തരിശുഭൂമിയിലുൾപ്പെടെയുള്ള നെൽകൃഷിയിലൂടെ കാർഷിക രംഗത്തെ മുന്നേറ്റം, ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം,ആനക്കൽ ടൂറിസം പദ്ധതിക്കായി 23 എക്കർ റവന്യൂ ഭൂമി ഏറ്റെടുക്കൽ,മാലിന്യ സംസ്കരണ രംഗത്ത് മാതൃകപരമായ പ്രവർത്തനങ്ങൾ,ബഡ്സ് സ്കൂളിന്റെ പ്രവർത്തനാരംഭം,വയോജനങ്ങൾക്ക് പകൽ വീട്, സമ്പൂർണ കുടിവെളള പദ്ധതി, വഴിയോര വിശ്രമകേന്ദ്രം, മുളയങ്കാവ് പട്ടണത്തിന്റെ നവീകരണത്തിന് തുടക്കം എന്നിവ നേട്ടങ്ങളായി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയുമായിരുന്നു എൽ.ഡി.എഫിന്റെ അഞ്ചു വർഷങ്ങളെന്ന് പ്രതിപക്ഷാംഗം മിസിത സൂരജ് ആരോപിക്കുന്നു.
വാർഷിക പദ്ധതികൾ ഏകപക്ഷീയമായി നടപ്പാക്കി, സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ആശുപത്രിയുടെ പുരോഗതിയിൽ ആവശ്യമായ ഇടപെടൽ നടത്തിയില്ല, പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യമായി നൽകിയില്ല, വിദ്യാഭ്യാസ മേഖലയിൽ പഞ്ചായത്ത് പരിധിയിലെ സ്കൂളുകൾക്ക് അത്യാവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല, പഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്കൂളായ ചുണ്ടമ്പറ്റ സ്കൂളിന്റെ ചോർന്നൊലിക്കുന്ന കെട്ടിടത്തിന് ഫണ്ട് വെച്ചില്ല, ഗ്രാമീണ റോഡുകളുടെ തകർച്ച എന്നിവയും പ്രതിപക്ഷ വിമർശനമാണ്. 17 വാർഡുകളാണ് പഞ്ചായത്തിലുണ്ടായിരുന്നത്. വിഭജനത്തിൽ 19 ആയി.
എൽ.ഡി.എഫ് സ്ഥാനാർഥികൾ: 1. എൻ.പി. സുധാകരൻ, 2. ജയശ്രീ, 3. അബൂബക്കർ, 4. പ്രമീള, 5. അഞ്ജുഷ, 6. രാജേന്ദ്രനുണ്ണി, 7. മുഹമ്മദ് ഷാഫി, 8. മുഹമ്മദ് ഷിയാദ്, 9. നിഷ, 10. എം.എം. വിനോദ് കുമാർ, 11. കെ.പി. രാജശ്രീ, 12. രശ്മി സുധീഷ്, 13. ജംഷീന, 14. അഞ്ജു സുരേഷ് 15. റസിയ, 16. പി.കെ. ബഷീർ, 17. പി.കെ. ആസ്യ, 18 ടി.കെ. ഇസ്ഹാഖ്, 19. ശോഭന സുരേഷ്.
യു.ഡി.എഫ് സ്ഥാനാർഥികൾ: 1. വി.എം. മുഹമ്മദ് അലി, 2. ഖദീജ അബൂബക്കർ, 3. ഇ.പി. ഹുസ്സൻ, 4. കെ.കെ. സാജൻ, 5. മിസിത സൂരജ്, 6. മക്കടയിൽ അലി, 7. നിസാർ മപ്പാട്ടുകര, 8. രാജൻ പൂതനായിൽ, 9. ശ്രുതി ഗോപി, 10. കെ. സുകുമാരൻ, 11. ടി.കെ. രമണി, 12. മുംതാസ് ലൈല,13. ഇ.എം. ഷാഹിന റിയാസ്, 14. നീതു സുഭാഷ്, 15. സുനിത രാജൻ, 16. അബൂബക്കർ കിഴക്കേതിൽ, 17. ഷഹന ഷരീഫ്, 18. എം.കെ. ഖദീജ, 19. റഷീദ ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.