ഡോ. ജോസ് പുളിക്കൻ
പട്ടാമ്പി: ആതുരസേവനത്തിന്റെ ജനകീയ മുഖമായിരുന്ന ഡോ. ജോസ് പുളിക്കന്റെ ഓർമക്ക് ഒരാണ്ട്. തൃശൂർ മണ്ണമ്പറ്റ ആന്റണി-ഏലിക്കുട്ടി ദമ്പതികളുടെ മകനായ ഡോ. ജോസ് പുളിക്കന്റെ സേവനം പാലക്കാട് ജില്ലയാണ് ഉപയോഗപ്പെടുത്തിയത്. പട്ടാമ്പി താലൂക്ക് ആശുപത്രി, കൊപ്പം, ഓങ്ങല്ലൂർ, വല്ലപ്പുഴ, മണ്ണാർക്കാട് സർക്കാർ ആശുപത്രികൾ എന്നിവയിലായിരുന്നു ഔദ്യോഗികകാലം കഴിച്ചു കൂട്ടിയതെങ്കിലും മേലെ പട്ടാമ്പിയിൽ ആർക്കും എപ്പോഴും സമീപിക്കാവുന്ന ഡോക്ടറായിരുന്നു ജോസ് പുളിക്കൻ.
40 വർഷത്തോളമാണ് പട്ടാമ്പിയുടെ ജനകീയ ഡോക്ടറായി ഡോ. ജോസ് പുളിക്കൻ സേവനമനുഷ്ഠിച്ചത്. 2005ൽ വിരമിച്ച ശേഷവും മേലെ പട്ടാമ്പിയിലെ വസതിയിൽ രോഗികൾക്ക് സാന്ത്വനം പകർന്ന് ജോസ് പുളിക്കൻ ജനങ്ങളുടെ ആദരവ് നേടിയിരുന്നു. ചിരിച്ചു കൊണ്ടല്ലാതെ ജോസ് ഡോക്ടറെ കണ്ടിട്ടില്ല. അനാവശ്യ ടെസ്റ്റുകളില്ലാതെയാണ് രോഗ നിർണയം നടത്തിയിരുന്നത്. പിങ്ക്, വയലറ്റ് മഷി നിറച്ച വലിയ ഫൗണ്ടൻ പേന കൊണ്ട് നീട്ടി വലിച്ചെഴുതുന്ന മരുന്ന് ചീട്ട് ജോസ് ഡോക്ടറുടെ പ്രത്യേകതയായിരുന്നു. പട്ടാമ്പി കരുണ സ്റ്റോറിൽ ഏൽപ്പിക്കുന്ന അര ഡസനോളം പേനകളിൽ മഷി നിറച്ചു നൽകിയിരുന്നത് ജീവനക്കാരി ഇന്ദിരയായിരുന്നു.
ആമാശയ അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ 2024 ജൂൺ ഒമ്പതിനായിരുന്നു അന്ത്യം. ജോസ് ഡോക്ടറുടെ ഓർമകൾ അനശ്വരമാക്കാനുള്ള ശ്രമത്തിലാണ് കുടുംബം. ദീർഘകാലം അദ്ദേഹം ജോലി ചെയ്ത പട്ടാമ്പി ഗവ. ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂനിറ്റിന് തികയാതെ വരുന്ന ഉപകരണങ്ങൾ നൽകാനും തുടർന്ന് ഡയാലിസിസിനെത്തുന്നവർക്കും സ്ഥിരമായി ഡോക്റ്ററുടെ ചികിത്സ തേടിയെത്തിയിരുന്ന രോഗികൾക്കും സഹായമെത്തിക്കാനും പദ്ധതിയുണ്ടെന്ന് മകൻ ആന്റണി പുളിക്കൻ പറഞ്ഞു. ഇതിനായി കുടുംബം ‘ഡോ.ജോസ് പുളിക്കൻ ഫൗണ്ടേഷൻ’രൂപവത്കരിച്ചിട്ടുണ്ടെന്നും ആന്റണി പുളിക്കൻ, ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.