നിരവധി ഭക്തർ രായിരനെല്ലൂർ മലകയറി

പട്ടാമ്പി: നിരവധി ഭക്തർ ഇത്തവണ രായിരനെല്ലൂർ മലകയറി. അഞ്ഞൂറടി ഉയരമുള്ള മലമുകളിൽ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ തൊഴുതും മുട്ടറുത്തും വഴിപാടുകൾ കഴിച്ചും നാറാണത്തു ഭ്രാന്തന്‍റെ കൂറ്റൻ പ്രതിമ വലം വെച്ചും രണ്ടാണ്ടിന്‍റെ കാത്തിരിപ്പ് സഫലമാക്കി ഭക്തർ മലയിറങ്ങി.

കഴിഞ്ഞവർഷം കോവിഡ് മുടക്കിയ മലകയറ്റത്തിന് ഇക്കൊല്ലവും ജില്ലാ ഭരണകൂടം അനുമതി നൽകാതിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പെത്തിയ വിവിധ കച്ചവടക്കാർക്കും മലകയറ്റത്തിനുള്ള ഒരുക്കം പൂർത്തിയാക്കിയ മലയുടെ ചുമതലയുള്ള ട്രസ്റ്റിനും സർവ്വോപരി മല കയറാൻ കാത്തിരുന്ന ഭക്തർക്കും തീരുമാനം നിരാശയാണുണ്ടാക്കിയത്. എങ്കിലും ലക്ഷാർച്ചന തുടങ്ങിയ വെള്ളിയാഴ്ച മുതൽ തന്നെ മലയിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു.

നിയന്ത്രണവും കനത്ത മഴയും സൃഷ്ടിച്ച ആശങ്കകളെ അസ്ഥാനത്താക്കിയാണ് മലകയറ്റം നടന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ളവർ പുലർച്ചെ മുതൽ മലയിലെത്തിത്തുടങ്ങി. സംക്രമത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ രണ്ടു ദിവസമാണ് മല കയറ്റമെങ്കിലും കലണ്ടറിനെ ആശ്രയിച്ചവർ ആദ്യദിനം തന്നെ മല കയറി.

തിങ്കളാഴ്ചയും മലകയറ്റം തുടരുമെന്നാണ് പ്രതീക്ഷ.ആമയൂർ മന മധു ഭട്ടതിരിപ്പാട്, രാമൻ ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള ദ്വാദശാക്ഷരീ ട്രസ്റ്റ് ക്ഷേത്ര ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

Tags:    
News Summary - devotees at rayiranellur mala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.