പാലക്കാട്: നെല്ലിന്റെ സംഭരണവില കിലോക്ക് 30 രൂപയായി വർധിപ്പിച്ച സർക്കാർ നടപടി ആശങ്കൾക്കിടയിലും നെൽകർഷകർക്ക് പ്രതീക്ഷ നൽകുന്നു. കേന്ദ്രം താങ്ങുവില വർധിപ്പിക്കുമ്പോൾ കേരളം അതിന് ആനുപാതികമായി പ്രോത്സാഹന വിലയിൽ വെട്ടിക്കുറവ് വരുത്തുകയാണ് മുൻവർഷങ്ങളിലെ പതിവ്.
ഈ സീസണിലും കേന്ദ്രം നെല്ലിന്റെ അടിസ്ഥാന താങ്ങുവില വർധിപ്പിച്ചെങ്കിലും അതിന്റെ ഗുണം ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു കർഷകർക്ക്. നിലവിൽ കേന്ദ്രത്തിന്റെ താങ്ങുവില വിഹിതം 23 രൂപയും സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതം 5.20 രൂപയുമാണ്.
കൈകാര്യ ചിലവ് അടക്കം 28.32 രൂപയാണ് കഴിഞ്ഞ സീസൺ വരെ കർഷകന് ലഭിക്കുന്നത്. കേന്ദ്രം നെല്ലിന്റെ താങ്ങുവിലയിൽ ഈ സീസണിൽ കിലോക്ക് 69 പൈസ കൂടി വർധിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ ബുധാനാഴ്ച പ്രഖ്യാപിച്ച വില വർധനവിലൂടെ പ്രോത്സാഹന വിഹിതം 5.20 രൂപയിൽനിന്ന് 1.11 രൂപ കൂട്ടി 6.31 രൂപയായി വർധിക്കും.
2019-20 സീസണ് ശേഷം ഇപ്പോഴാണ് സംസ്ഥാന സർക്കാർ നെല്ലിന്റെ പ്രോത്സഹാന വില വർധിപ്പിക്കുന്നത്. അതേസമയം കൊയ്ത്ത് ആരംഭിക്കുന്ന സമയത്തുതന്നെ സംഭരണം ആരംഭിക്കാത്തതും സംഭരിച്ച നെല്ലിന്റെ വില സമയബന്ധിതമായി ലഭിക്കാതെ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതും കർഷകരെ വല്ലാതെ ദുരിതത്തിലാക്കുന്നുണ്ട്.
സർക്കാറിനെ അഭിനന്ദിച്ച് കർഷകസംഘം
പാലക്കാട്: നെൽകർഷകരുടെ ദീർഘകാലമായ ആവശ്യം അംഗീകരിക്കുകയും സംഭരണത്തിന് തടസ്സമായ കേന്ദ്ര നിർദേശം മറികടക്കുന്നതിന് സ്വന്തം നിലയിൽ നഷ്ടം സഹിക്കാൻ തയാറാവുകയും ചെയ്ത സംസ്ഥാന സർക്കാറിനെ കർഷകസംഘം അഭിനന്ദിച്ചു.
സംഭരണവില 28.20 രൂപയിൽനിന്ന് 30 രൂപയായി വർധിപ്പിച്ചത് വലിയ ആശ്വാസമാണ്. മുഴുവൻ കർഷകർക്കുവേണ്ടിയും സർക്കാറിനെ അഭിനന്ദിക്കുന്നതായി ജില്ല പ്രസിഡന്റ് കെ.ഡി. പ്രസേനൻ എം.എൽ.എ, സെക്രട്ടറി എം.ആർ. മുരളി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
സംഭരണവില 32 രൂപയാക്കണം-കർഷക കോൺഗ്രസ്
പാലക്കാട്: കേന്ദ്രസർക്കാർ കഴിഞ്ഞ മൂന്നു വർഷങ്ങളിലായി വർധിപ്പിച്ച 3.40 രൂപ കേരളത്തിലെ നെൽകർഷകർക്ക് ലഭിച്ചിട്ടില്ലെന്നും കേന്ദ്രം വർധിപ്പിക്കുന്ന സമയത്ത് കേരളം പ്രോത്സാഹന വിലയിൽ വെട്ടിക്കുറവ് വരുത്തുകയാണ് ചെയ്തിരുന്നതെന്നും കർഷക കോൺഗ്രസ്. കേന്ദ്രം വർധിപ്പിച്ച സംഖ്യ കൂടി ചേർത്ത് സംഭരണവില 32 രൂപയാക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി. ഇക്ബാൽ പറഞ്ഞു.
പ്രോത്സാഹന വിലയിലെ വർധന അഞ്ചുവർഷത്തിന് ശേഷം
പാലക്കാട്: അഞ്ച് വർഷത്തിന് ശേഷമാണ് സർക്കാർ പ്രോത്സാഹന വിലയിൽ വർധന വരുത്തുന്നത്. 2015-16ൽ പ്രോത്സാഹന വില കിലോക്ക് 7.40 രൂപയായിരുന്നു. 2016-17ൽ 40 പൈസ വർധിപ്പിച്ച് 7.80 ആക്കി. തൊട്ടടുത്ത രണ്ടു വർഷങ്ങളിലും ഉയർത്തിയില്ലെങ്കിലും 2019-20ൽ ഒരു രൂപയുടെ വർധന വരുത്തി 8.80 രൂപയാക്കി. 2020-21ൽ അതേ സ്ഥിതി തുടർന്നു. 2021-22 സാമ്പത്തിക വർഷം മുതലാണ് സംസ്ഥാന സർക്കാർ പ്രോത്സാഹന വിഹിതം വെട്ടിക്കുറക്കൽ ആരംഭിച്ചത്.
മുൻവർഷത്തെ സംസ്ഥാന വിഹിതത്തിൽ നിന്ന് 2021-22ൽ 20 പൈസ കുറച്ച് 8.60 രൂപയാക്കി. തുടർന്ന് തൊട്ടടുത്ത വർഷം 80 പൈസ കുറച്ചു. പിന്നീട് 1.43 രൂപ കുറച്ചതോടെ 2023-24ൽ സംസ്ഥാനവിഹിതം 6.37 രൂപയായി കുറഞ്ഞു. 2024-25ൽ 5.20 രുപയായി കുറവ് വരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.