പാലക്കാട്: മലമ്പുഴയിൽ ട്രെയിനുകൾ ഇടിച്ച് ഒമ്പത് പശുക്കൾ ചത്തു. നവോദയ വിദ്യാലയത്തിനുസമീപം കാഞ്ഞിരക്കടവ് കൊട്ടേക്കാട് പുഴപാലം പരിസരത്ത് ശനിയാഴ്ച പുലർച്ചെ 12.30നും 1.30നും മധ്യേയാണ് സംഭവം. കന്യാകുമാരിയിൽനിന്നും ശ്രീവൈഷ്ണോദേവി കത്രയിലേക്ക് പോകുന്ന ഹിംസാഗർ എക്സ് പ്രസ് (16317), കൊച്ചുവേളി-യശ്വന്ത്പുർ എക്സ് പ്രസ്(12258), ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) എന്നീ ട്രെയിനുകളാണ് ഇടിച്ചത്.
എ ലൈൻ ട്രാക്കിലും ബി ലൈൻ ട്രാക്കിലുമായാണ് അപകടം നടന്നത്. ആദ്യം എ ലൈനിൽ ട്രെയിൻ പശുക്കളെ ഇടിച്ചതോടെ കുറച്ചുനേരം നിർത്തിയിട്ടു. ഈ ട്രെയിൻ പോയശേഷം പിന്നാലെ വന്ന ട്രെയിനും പശുക്കളെ ഇടിച്ചു. തുടർന്ന് ബി ലൈനിലും അപകടമുണ്ടായി.
പതിവായി കാട്ടാന സാന്നിധ്യമുള്ളതിനാൽ വേഗ നിയന്ത്രണമുള്ള സ്ഥലമാണിത്. അപകടത്തെ തുടർന്ന് ട്രെയിനുകൾ 10 മിനിറ്റോളം വൈകി. മലമ്പുഴ പൊലീസ്, റെയിൽവേ അധികൃതർ, മൃഗ ഡോക്ടർ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അലക്ഷ്യമായി കാലികളെ അഴിച്ചുവിട്ട ഉടമക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഉടമക്ക് ചത്ത പശുക്കൾക്കുള്ള ഇൻഷുറൻസ് തുക ലഭിക്കാൻ സാധ്യതയില്ലെന്ന് മൃഗ ഡോക്ടർ പറഞ്ഞു. സംഭവത്തിൽ പൊലീസും ആർ.പി.എഫും കേസെടുത്തു. സമാനരീതിയിൽ കഴിഞ്ഞമാസം മീങ്കരയിൽ ട്രെയിൻ തട്ടി 13 പശുക്കൾ ചത്തിരുന്നു. രാത്രികാലങ്ങളിൽ പശുക്കളെ കെട്ടിയിടാതെ അലയാൻ വിടുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.