നെല്ലിയാമ്പതി: നെല്ലിയാമ്പതി റോഡിൽ പതിനാലാം മൈലിനും ഇരുമ്പുപാലത്തിനുമിടയിൽ റോഡ് ഭാഗം ബുധനാഴ്ച രാവിലെയോടെ ഇടിഞ്ഞുവീണു. മുമ്പ് പ്രളയത്തിൽ റോഡിന്റെ ഒരുവശം ഇവിടെ തകർന്നിരുന്നു. അത് നന്നാക്കാൻ വർഷങ്ങൾ കഴിഞ്ഞാണ് പൊതുമരാമത്ത് അധികൃതർ ശ്രമം തുടങ്ങിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത് നന്നാക്കിയെങ്കിലും വീണ്ടും പഴയ സ്ഥിതിയിലായി. മണ്ണിടിഞ്ഞതോടെ ഗതാഗതം ബുധനാഴ്ച വൈകീട്ട് തന്നെ ഭാഗികമായി നിർത്തിയിരുന്നു. ബുധനാഴ്ച രാത്രി തോരാമഴയത്ത് കൂടുതൽ റോഡ് ഭാഗം തകർന്നു.
വ്യാഴാഴ്ച മുതൽ ഗതാഗതം ഏതാണ്ട് പൂർണമായി സ്തംഭിക്കുന്ന സ്ഥിതിയായി. കെ.എസ്.ആർ.ടി.സി അടക്കമുള്ള വലിയ വാഹനങ്ങൾക്ക് സർവിസ് നടത്താനാകുന്നില്ല. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് നിലവിൽ നെല്ലിയാമ്പതിയിലേക്ക് പോയി വരുന്നത്. വാഹന സർവിസ് നിലക്കുകയും ടൂറിസ്റ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ നെല്ലിയാമ്പതി ഒറ്റപ്പെട്ട സ്ഥിതിയിലായി. മഴയും കാലാവസ്ഥ പ്രതികൂലമാവുകയും ചെയ്താൽ റോഡ് മുഴുവനായി ഇടിഞ്ഞുപോകുമെന്ന അവസ്ഥയാണ്. കുണ്ട്റ ചോല, ചെറുനെല്ലി, അയ്യപ്പൻ തിട്ട് ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നു.
നെന്മാറ: പോത്തുണ്ടി-നെല്ലിയാമ്പതി റോഡിൽ ചെറുനെല്ലി ഭാഗത്ത് മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് തകർന്നതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴി ഭാരം കയറ്റിയ ചരക്കുവാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. റോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമാണം നടക്കുന്നതിനിടെ മണ്ണിടിയുകയും റോഡ് തകരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഇറക്കി അപകടസാധ്യതയുള്ള സ്ഥലത്തിനുശേഷം വീണ്ടും കയറ്റി യാത്ര തുടരണം. ഡ്രൈവർ ഒഴികെ യാത്രക്കാർ വാഹനങ്ങളിൽനിന്നിറങ്ങി കാൽനടയായി അപകടസ്ഥലം കടക്കേണ്ടതാണ്. രാത്രി പ്രദേശത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണം.
സ്ഥലത്ത് അപകടസൂചന ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന് ജില്ല കലക്ടർ നിർദേശം നൽകി. രാത്രി ആവശ്യമായ വെളിച്ചം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിനും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിനും നിർദേശം നൽകി. റോഡ് പൂർവസ്ഥിയിലാക്കാനാവശ്യമായ സമയം, തുടർമണ്ണിടിച്ചിലിനുള്ള സാധ്യത, ഗതാഗത നിയന്ത്രണം തുടരേണ്ട കാലാവധി എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നെന്മാറ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, ജില്ല മണ്ണുസംരക്ഷണ ഓഫിസർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ, ചിറ്റൂർ തഹസിൽദാർ, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഹസാർഡ് അനലിസ്റ്റ് എന്നിവരെ ചുമതലപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.