മങ്കര: ഏറെ നാളെത്തെ കാത്തിരിപ്പും പരിശ്രമത്തിനൊടുവിൽ തുറന്ന് പ്രവർത്തനം ആരംഭിച്ച മങ്കര കാളികാവ് ശ്മശാനം അടച്ചുപൂട്ടി. പ്രതിഷേധവുമായി കോൺഗ്രസ്. കഴിഞ്ഞദിവസമാണ് ശ്മശാനം നടത്തിപ്പുകാരൻ പഞ്ചായത്ത് സെക്രട്ടറിക്ക് ശ്മശാനം പൂട്ടി താക്കോലും ബന്ധപ്പെട്ട രേഖകളും കൈമാറിയത്.
ശ്മശാനം പൂട്ടിയതോടെ ശ്മശാനം ഇനി നാഥനില്ലാത്ത അവസ്ഥയായി. ഇതൊന്നും അറിയാതെ മൃതദേഹം എത്തിക്കുന്നവരാണ് ഏറെ വലയുക. കഴിഞ്ഞമാസം 30 വരെ മാത്രമേ ജോലിയിൽ തുടരാനാകു എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞമാസം 20ന് നടത്തിപ്പുകാരൻ കത്ത് നൽകിയിരുന്നു.
ഇതേ തുടർന്ന് താക്കോലും മറ്റു രേഖകളും ഹാജരാക്കണമെന്നാവശ്യപെട്ട് പഞ്ചായത്ത് സെക്രട്ടറി നടത്തിപ്പുകാരന് കത്ത് നൽകിയതിനെ തുടർന്ന് ബുധനാഴ്ച രേഖകളും താക്കോലും സെക്രട്ടറിക്ക് തിരിച്ചേൽപ്പിച്ചിരുന്നു. അല്ലാതെ മറ്റു വിഷയങ്ങളൊന്നും തനിക്കറിയില്ലെന്നും സെക്രട്ടറി പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങളൊന്നും സെക്രട്ടറി ഔദ്യോദികമായി പഞ്ചായത്ത് പ്രസിഡൻറിനെ അറിയിച്ചില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അച്യുതൻകുട്ടിയും പരാതിപ്പെട്ടു.
ഇക്കാര്യം പഞ്ചായത്ത് പ്രസിഡൻറോ ഭരണസമിതിയോ അറിയില്ലന്നും അറിഞ്ഞിരുന്നാൽ പകരം എന്തെങ്കിലും സൗകര്യം ഒരുക്കുമായിരുന്നെന്നും പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽ ദാസും പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറിനെ അറിയിക്കാത്ത ഏകപക്ഷീയയമായി എടുത്തനടപടി തെറ്റാണെന്നും ഇതിന് പരിഹാരം കാണേണ്ടതായിരുന്നെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അച്യുതൻകുട്ടി സെക്രട്ടറിയെ നേരിൽ കണ്ട് പരാതിപ്പെട്ടു.
ആരെങ്കിലും മരണപ്പെട്ട് ബോഡി ശ്മാശാനത്തിലെത്തിയാൽ പ്രശ്നം ഗുരുതരമാകുമെന്നും കോൺഗ്രസ് നേതാക്കൾ സെക്രട്ടറിയെ ധരിപ്പിച്ചു. ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇക്കാര്യം സൂചിപ്പിച്ച് അടിയന്തിര ഇടപെടൽ നടത്താനായി ജില്ല കലക്ടർക്ക് പരാതി നൽകുമെന്നും അറിയിച്ചു. അടച്ച് പൂട്ടിയ വിവരം തനിക്കറിയില്ലെന്നും സെക്രട്ടറി ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും അവർ തന്നെ തുറക്കാനുള്ള നടപടി എടുക്കട്ടെയെന്നും പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.