2023 പടിയിറങ്ങുകയാണ്. വാർത്തകളാൽ സമ്പന്നമായ ഒരു വർഷം കൂടി ഓർമകളിലേക്ക് ചുവടുമാറ്റുന്നു.. രാഷ്ട്രീയ സംഭവവികാസങ്ങളാലും വികസനക്കുതിപ്പുകളാലും കായിക, സാംസ്കാരിക, സാഹിത്യ, വ്യവസായ ശ്രേണികളിലെ നേട്ടങ്ങളാലും കൈയെത്തുംദൂരത്ത് പിടിവിട്ടുപോയ സന്തോഷങ്ങളാലുമെല്ലാം സമൃദ്ധമായ വർഷം... നോവുകൾ തന്ന കറുത്ത ദിനങ്ങളും ഇടയിൽ ഓർക്കാതെ വയ്യ... കളഞ്ഞുപോയവക്കായി വീണ്ടും ശ്രമിക്കാനും തെറ്റിയ പാഠങ്ങൾ തിരുത്താനും വിജയങ്ങൾ ആവർത്തിക്കാനും, പോയ വർഷം തന്ന നേട്ടങ്ങളിലേക്കും പ്രതീക്ഷകളിലേക്കും നോവുകളിലേക്കും ഒരു തിരിഞ്ഞുനോട്ടം...
പാലക്കാട് നഗരസഭ ചെയർപേഴ്സന്റെ രാജിയാണ് ജില്ലയിൽ ഈ വർഷം നടന്ന അവസാന സംഭവവികാസം. ബി.ജെ.പി നേതൃത്വം നൽകുന്ന നഗരസഭയിൽ സ്വന്തം അണികളിൽനിന്നുള്ള എതിർപ്പും ഭിന്നസ്വരവുമാണ് ചെയർപേഴ്സൻ സ്ഥാനത്തുനിന്നുള്ള പ്രിയ അജയന്റെ രാജിക്കിടയാക്കിയത്. പകരം ചെയർപേഴ്സനെ ഇനിയും കണ്ടെത്താൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
നവകേരളയാത്രയിലെ പാലക്കാട്ടെ പ്രഭാതയോഗത്തിൽ ഡി.സി.സി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എ.വി. ഗോപിനാഥ് പങ്കെടുത്തത് ചർച്ചകൾക്ക് ഇടയാക്കി. എ.വി. ഗോപിനാഥിനെ കെ.പി.സി.സി സസ്പെൻഡ് ചെയ്തെങ്കിലും 2021ല്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കുമെന്ന ചോദ്യത്തോടെ അദ്ദേഹം നേതൃത്വത്തെ വെട്ടിലാക്കി.
പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവർക്കെതിരെ സി.പി.ഐ നടപടി എടുത്തതിനും ജില്ല സാക്ഷ്യം വഹിച്ചു. സി.പി.എം സമ്മേളനത്തിലെ വിഭാഗീയതയുടെ ഭാഗമായി ജില്ല നേതൃത്വം വിവിധ ഘടകങ്ങളിലെ നേതാക്കൾക്കെതിരെ നടപടിയെടുത്തതും 2023ലാണ്. യൂത്ത് കോൺഗ്രസിന്റെ പടലപിണക്കവും വാർത്തയിലിടം നേടി.
കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട്ട് നെൽകർഷകർ തീരാദുരിതത്തിലാണ്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കുന്നതിന് മാസങ്ങളുടെ നീണ്ട കാത്തിരുപ്പ് തുടരുന്നു. താളം തെറ്റിയ കാലവർഷത്തിൽ വിളയിറക്കാൻ കഴിയാത്തതും പണം ലഭിക്കാനുള്ള കാലതാമസവും വയലുകൾ തരിശിടുന്നതിൽ വരെയെത്തി. കാർഷിക വിളകളിൽ രണ്ടാം സ്ഥാനത്തുള്ള നാളികേരവും ദുരിതത്തിലാണ്. പച്ചതേങ്ങ സംഭരണകേന്ദ്രങ്ങൾ തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപനം പേരിലൊതുങ്ങി. ജില്ലയുടെ മലയോര മേഖലകളിൽ പ്രധാന വരുമാനമായ റബറിനും വിലയിടിവ് തുടരുകയാണ്.
മലബാർ സിമന്റ്സിൽ വീണ്ടും നഷ്ടം കുമിയുകയാണ്. സിമന്റ് ഓർഡർ ഇല്ലാത്തതിനാൽ ക്ലിംഗർ ഉൽപാദനം നിർത്തി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലിന്റെ സ്വകാര്യവത്കരണ നീക്കവും കമ്പനിയുടെ ഭൂമി വിറ്റഴിക്കാൻ മറ്റൊരു കമ്പനി രൂപവത്കരിച്ചതും വാർത്തയായി. കഞ്ചിക്കോട്ടെ വ്യവസായമേഖലയെ പുനർജീവിക്കാൻ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഫലം കണ്ടില്ല. കോച്ച് ഫാക്ടറി നിർമാണത്തിന് കഞ്ചിക്കോട് 239 ഏക്കർ ഭൂമി കേന്ദ്രസർക്കാറിന് കൈമാറിയെങ്കിലും പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി. കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷനോട് കടുത്ത കേന്ദ്ര അവഗണന തുടരുകയാണ്. സി.എം.ഡി ഇല്ലാത്തതാണ് നിലവിലെ ഏറ്റവും വലിയ പ്രതിസന്ധി. ചുമതലയുള്ളയാൾ ഒഴിഞ്ഞിട്ട് രണ്ടുമാസമായി. 2015നുശേഷം ഇവിടെ സ്ഥിരനിയമനം നടന്നിട്ടില്ല.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 16ല്‍ 14 പേര്‍ക്കും ശിക്ഷ ലഭിച്ചു. ഒന്നാം പ്രതി ഹുസൈന് വിവിധ വകുപ്പുകളിലായി പതിനൊന്നര വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 28 വർഷവും 1,18,000 രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്. വിധിക്കെതിരെ പ്രതികള്‍ ഹൈകോടതിയെ സമീപിച്ചു.
വികസന ചരിത്രത്തിലെ പുതുചരിത്രം രചിച്ച് ജില്ലയിലൂടെ കടന്ന് പോകുന്ന ഗ്രീൻഫീൽഡ് പാത വ്യവസായി മുന്നേറ്റത്തിന് നാന്ദി കുറിക്കും. ഈ പാതക്കുള്ള സ്ഥലമെടുപ്പ് പ്രക്രിയ അവസാന ഘട്ടത്തിലാണ്. പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ 21 വില്ലേജുകൾ സ്പർശിച്ച് പോവുന്ന പാത യാഥാർഥ്യമാകുന്നതോടെ കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിക്കുന്ന പുതുവാണിജ്യ വഴിയാവും തുറക്കുക.
ഏറെ നാളത്തെ ആവശ്യമായിരുന്ന പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണത്തിന് തുടക്കം കുറിക്കാനായി. 63.08 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. വാടാനാംകുറുശ്ശി മേല്‍പ്പാലത്തിന്റെ നിര്‍മാണ നടപടികള്‍ സജീവമായി. ഭൂരിഭാഗം തൂണുകളുടെയും നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നു കഴിഞ്ഞു. പട്ടാമ്പി ടൗണ്‍ പാര്‍ക്ക് നിര്‍മാണം ഭാരതപ്പുഴയോരത്ത് ആരംഭിച്ചു. പട്ടാമ്പി ഗുരുവായൂരപ്പന് ക്ഷേത്രം മുതല്‍ കിഴായൂര്‍ നമ്പ്രം റോഡ് വരെയുള്ള പുഴയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പാര്‍ക്ക്, പ്രഭാതനടത്തത്തിനുള്ള സൗകര്യം, ഓപ്പണ്‍ ജിം അടക്കം പാര്‍ക്കില്‍ ഏര്‍പ്പെടുത്തും.
രണ്ട് പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന പട്ടാമ്പി ബൈപാസ് ഒന്നാം ഘട്ട പ്രവൃത്തി അവസാനഘട്ടത്തിലാണ്. റോഡിലെ കട്ട വിരിക്കല്‍ അന്തിമ ഘട്ടത്തിലാണ്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി ഉപയോഗിച്ചാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
പാലക്കാട് ഡിവിഷൻ യാത്ര-ചരക്ക് ഗതാഗതത്തിൽ ജില്ലയിൽ വരുമാനം വർധിപ്പിച്ചെങ്കിലും സാധാരണ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഓരോന്നായി എടുത്തുമാറ്റി. പാലക്കാട്-തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന പല ട്രെയിനുകളും ഷൊർണൂർ ഒഴിവാക്കുന്ന കാഴ്ചയാണുള്ളത്. സമയലാഭമാണ് കാരണം പറയുന്നത്. വാളയാർ, കഞ്ചിക്കോട്, പറളി, മങ്കര, ലെക്കിടി, മാന്നനൂർ, പട്ടാമ്പി എന്നിവയാണ് പ്രധാന പാതയിൽ അവഗണന നേരിടുന്ന സ്റ്റേഷനുകൾ. കോവിഡിന് മുമ്പ് വരെ ഇവയിൽ പല സ്റ്റേഷനുകളിലും സ്റ്റോപ് ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 27ന് കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് സ്വദേശി ഷിജിത്, പുതുശേരി സ്വദേശി സതീഷ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ യുവാക്കളുടെ മൃതദേഹം ആനന്ദ്കുമാര്‍ കുഴിച്ചിടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 23ന് തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് പേര് മരിച്ചു. ആഗസ്റ്റ് 30ന് മണ്ണാർക്കാട്ട് കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. നവംബര്‍ മൂന്നിന് തൃത്താല കണ്ണനൂര്‍ കരിമ്പനക്കടവില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റു മരിച്ചു.
ശ്രീനഗറിലെ വാഹനാപകടത്തെത്തുടർന്ന് ചിറ്റൂർ സ്വദേശികളായ അഞ്ച് യുവാക്കളുടെ മരണം നാടിന് നൊമ്പരമായി. മാഞ്ചിറ നെടുങ്ങോട് സ്വദേശികളായ അനിൽ (34), സുധീഷ് (33), രാഹുൽ (28),വിഗ്നേഷ് (23), മനോജ്(22) എന്നിവരാണ് മരിച്ചത്.
ജില്ലയുടെ മലയോരമേഖലകൾ പോയവർഷവും ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവർ ഏറെ. അട്ടപ്പാടി, മണ്ണാർക്കാട്, കല്ലടിക്കോട്, ധോണി, മലമ്പുഴ, കഞ്ചിക്കോട്, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, മംഗലം ഡാം ഉൾപ്പെടെ മേഖലകളിലാണ് വന്യമൃഗശല്യം കൂടുതലുള്ളത്. ആനകൾ കൂട്ടത്തോടെയും ഒറ്റക്കുമെത്തി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് ഇപ്പോഴും അറുതിയായിട്ടില്ല.
ദേശീയപാത 544, പാലക്കാട്-കോഴിക്കോട് ദേശീയപാത, മേലാമുറി-കുളപ്പുള്ളി, പാലക്കാട്-ചെർപ്പുളശ്ശേരി, ഗോവിന്ദാപുരം-വടക്കഞ്ചേരി എന്നിവയാണ് ജില്ലയിലെ പ്രധാനപ്പെട്ട പാതകൾ. എ.ഐ കാമറകൾ മിഴി തുറന്നെങ്കിലും ദേശീയ-സംസ്ഥാന പാതകളിലെ അപകടങ്ങൾക്ക് കുറവില്ല.
2023ൽ അട്ടപ്പാടി അമ്പരന്ന സംഭവമായിരുന്നു കോഴിക്കോട് ഹണി ട്രാപ്പ് കേസ്. വെട്ടിനുറുക്കി ബാഗിലാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തിൽ നിന്നും കണ്ടെത്തിയത് നാടിനെ നടുക്കി. തിരൂരിൽ ഹോട്ടൽ വ്യവസായി ആയിരുന്ന ഏഴൂർ മേച്ചേരി സിദ്ദിഖിന്റെ (58) ആയിരുന്നു മൃതദേഹം.
സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും മാർഗ നിർദേശങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണിയെത്തുടർന്ന് ചിറ്റൂർ താലൂക്കിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം നാലു പേർ ആത്മഹത്യ ചെയ്തു. ഇത്തരം അനധികൃത കമ്പനികൾക്കെതിരെ ജനകീയ സമരങ്ങൾ രൂപപ്പെട്ടെങ്കിലും ഇവ ഇപ്പോഴും നിർബാധം പ്രവർത്തിക്കുന്നു.
ജനുവരി 30ന് കലക്ടര്‍ ഡോ.എസ്. ചിത്രയും ജൂൺ 12ന് ജില്ല പൊലീസ് മേധാവിയായി ആര്. ആനന്ദും ചുമതലയേറ്റു.
പി.ടി ഏഴ് ആനയെ പിടികൂടാന്‍ ജനുവരി നാലിന് ആദ്യസംഘം ജില്ലയില്‍ എത്തി. കൂട് നിർമാണം തുടങ്ങി. വയനാട്ടില്‍നിന്ന് വനം ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിലുള്ള 72 അംഗ സംഘമെത്തി. ജനുവരി 21ന് മയക്കുവെടി വച്ച് കൂട്ടിലാക്കി. ധോണി എന്ന പേരിട്ടു. മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ ധോണിയെ മെരുക്കി.
അന്യാധീനപ്പെട്ട ആദിവാസി ഭൂമി സംബന്ധിച്ച കേസുകളിൽ വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നത് പുറത്തുകൊണ്ടുവന്ന മാധ്യമം ഓൺലൈനിലെ ലേഖകൻ ആർ. സുനിലിനെതിരെ അഗളി പൊലീസ് കേസെടുത്തു. ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചിയമ്മയുടേതുൾപ്പെടെ വ്യാപകമായി വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്ത വാർത്ത സുനിൽ പുറത്തുകൊണ്ടുവന്നിരുന്നു. ജോസഫ് കുര്യൻ നടത്തിയ ആദിവാസി ഭൂമികൈയേറ്റം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പി മലപ്പുറം എസ്.പിക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാളയാർ കേസിൽ പ്രതിസ്ഥാനത്തുള്ള രണ്ടുപേർ ആത്മഹത്യ ചെയ്തു. അഡ്വ. കെ.പി. സതീശനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ സി.ബി.ഐ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുമുണ്ട്.
യാക്കര സ്വദേശിയായ ഈ ലോങ് ജമ്പ് താരം ഇതിനകം നിരവധി പുരസ്കാരങ്ങൾ ജില്ലയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലായിരുന്നു പാരിസ് ഡയമണ്ട് ലീഗില്‍ എം. ശ്രീശങ്കറിന് വെങ്കലം ലഭിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ലോങ് ജമ്പില്‍ വെള്ളിയും ലഭിച്ചു. ഏഷ്യന്‍ ഗെയിംസില്‍ റിലേയില്‍ ചെര്‍പ്പുളശ്ശേരിക്കാരന്‍ മുഹമ്മദ് അജ്മലിന്വെ ള്ളിയും 800 മീറ്ററില്‍ മുഹമ്മദ് അഫ്സലിന് വെങ്കലവും ലഭിച്ചു.
നാട്യകുലപതി കോട്ടക്കൽ ഗോപിനായർ, നരവംശ ശാസ്ത്രജ്ഞൻ ഡോ. പി.ആർ.ജി. മാത്തൂർ, സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന്, സി.പി.എം ജില്ല കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ. സുധാകരന് എന്നിവരുടെ വിയോഗം 2023ന്റെ നോവായി.
2023ൽ അട്ടപ്പാടി സാക്ഷ്യം വഹിച്ച പ്രമാദമായ സംഭവമായിരുന്നു കെ. വിദ്യയുമായി ബന്ധപ്പെട്ടത്. അട്ടപ്പാടി ആർ.ജി.എം ഗവ. കോളജിൽ മലയാളം ഗസ്റ്റ് ലക്ചർ തസ്തികക്ക് അപേക്ഷിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചെന്ന കേസിനും അനുബന്ധ നടപടികൾക്കും അട്ടപ്പാടി സാക്ഷിയായി.
പാലക്കയത്ത് വില്ലേജ് ഓഫിസര്‍ വി. സുരേഷ് കുമാര്‍ കൈക്കൂലിയുമായി പിടിയില്‍. ഇയാളില്‍നിന്ന് 35 ലക്ഷം രൂപയും 17 കിലോ നാണയങ്ങളും 71 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തി. ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.