കോങ്ങാട്: കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഒഴിവ് നികത്താത്തത് പ്രവർത്തനം താളംതെറ്റിക്കുന്നു. കൂടാതെ നിലവിലുള്ള ഡോക്ടർമാരുൾപ്പെടെയുള്ള സഹജീവനക്കാർക്ക് ജോലി ഭാരവും കൂടി. അരനൂറ്റാണ്ടിലധികം പഴക്കമുള്ള ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയുക്തമാക്കണമെന്ന മൂന്ന് പതിറ്റാണ്ട് കാലത്തെ ആവശ്യം ഇനിയും യാഥാർഥ്യമായതുമില്ല.
കോങ്ങാട് സി.എച്ച്.സിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യം നിലവിൽ വന്നതോടെ സായാഹ്ന ഒ.പി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ അഞ്ച് ഡോക്ടർമാരുടെ സ്ഥാനത്ത് മൂന്ന് പേരാണുള്ളത്. സായാഹ്ന ഒ.പിക്ക് മറ്റൊരു ഡോക്ടറുടെ സേവനം ലഭ്യമാണ്. മാസങ്ങൾക്ക് മുമ്പ് ഹെൽത്ത് സൂപ്പർവൈസർ സ്ഥലം മാറിപ്പോയി. പകരം വന്നയാൾ പ്രമോഷൻ കിട്ടി പോയതോടെ ആറ് മാസമായി ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മറ്റും പ്രതിരോധ കുത്തിവെപ്പ് അടക്കമുള്ള ആരോഗ്യ പ്രവർത്തനങ്ങൾക്ക് നിർണായക പങ്ക് വഹിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ (ജെ.പി.എച്ച്.എൻ) നാല് ഒഴിവുകൾ ആറ് മാസമായി ഒഴിഞ്ഞുകിടക്കുകയാണ്.
ഇതിന് പുറമെ ലാബ് ടെക്നീഷ്യന്മാരുടെ സേവനം ലഭ്യമാണെങ്കിലും ദിവസേന 400ലധികം പേർ ചികിത്സ തേടിയെത്തുന്ന കോങ്ങാട് സി.എച്ച്.സിയിൽ രോഗികളുടെ ആധിക്യം കാരണം പരിശോധന ഫലം സമയത്തിന് നൽകാനാവുന്നില്ല.
പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ മുൻനിര സർക്കാർ ആതുരാലയമാണിത്. ഈ വിധത്തിലുള്ള സൗകര്യങ്ങൾ നല്ല രീതിയിൽ ഉപയുക്തമാക്കാൻ പറ്റുന്നുമില്ല. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കോങ്ങാട്, കേരളശ്ശേരി ഉൾപ്പെടെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് പേർ നിത്യേന ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയുടെ പരാധീനതകൾ പരിഹരിക്കാൻ സത്വര നടപടി വേണമെന്നാണ് ജനകീയ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.