ജില്ല ആശുപത്രിക്ക് മുന്നിലെ റോഡരികിൽ നോ പാർക്കിങ് ബോർഡിന് താഴെ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ
പാലക്കാട്: നഗരത്തിലെ നോ പാർക്കിങ് ഏരിയകളെല്ലാം അനധികൃത പാർക്കിങ് കേന്ദ്രങ്ങളായി മാറുന്നു. ട്രാഫിക് പൊലീസ് നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിലെല്ലാം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിർത്തിയിടുന്നത് പതിവാണ്.
നഗരത്തിലെ മിക്ക റോഡുകളിലും ഇതാണ് സ്ഥിതി. ഏറെ തിരക്കുള്ള ജില്ല ആശുപത്രിക്ക് മുൻവശത്ത് നഗരസഭയുടെ മതിലിനോട് ചേർന്ന് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി വേണം നടക്കാൻ.
നിർത്തിയിടുന്ന വാഹനങ്ങൾ റോഡിലേക്ക് ഇറക്കി തിരിച്ചാണ് തിരിച്ചെടുത്തുപോകുന്നത്. ഇത് പലപ്പോഴും മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം അപകടങ്ങൾക്കും സാധ്യതയൊരുക്കുന്നു. ആശുപത്രിയിലേക്ക് ആംബുലൻസുകളും മറ്റു വാഹനങ്ങളും രോഗികളുമായി ഇതുവഴിയാണ് വരാറുള്ളത്.
ഇതിനുപുറമേ സുൽത്താൻപേട്ട ഭാഗത്തുനിന്നും നഗരത്തിലെ പ്രധാന ജങ്ഷനായ അഞ്ചുവിളക്കിന് സമീപത്തുനിന്നും ധാരാളം വാഹനങ്ങളും ഇതുവഴി കടന്നുപോകാറുണ്ട്. ജില്ല ആശുപത്രിയിലേക്കും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും മറ്റും വരുന്നവരുടെ വാഹനങ്ങളാണ് റോഡരികിൽ നിർത്തിയിടുന്നത്.
നഗരസഭക്ക് സമീപത്തും കോട്ടമൈതാനത്തിന് ചുറ്റുമായി അംഗീകൃത വാഹനപാർക്കിങ് സൗകര്യം ഉള്ളപ്പോഴാണ് ജില്ല ആശുപത്രി ഗേറ്റിന് മുന്നിലെ ഈ അനധികൃത നിർത്തിയിടൽ. വർഷങ്ങളായി ഈ സ്ഥിതി തുടരുമ്പോഴും ഇതിനെതിരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല.
ജില്ല ആശുപത്രിക്ക് പുറമേ ജില്ല വനിത-ശിശു ആശുപത്രി, ജി.ബി റോഡ്, സ്റ്റേഡിയം റോഡ് ടി.ബി റോഡ്, എച്ച്.പി.ഒ റോഡ് എന്നിവിടങ്ങളിലെല്ലാം നോ പാർക്കിങ് ബോർഡിന് കീഴെ നിർത്തിയിട്ട വാഹനങ്ങൾ കാണാം. റോഡരികിലെ ഓട്ടോ സ്റ്റാൻഡുകളും അനധികൃത പാർക്കിങ്ങും കാൽനടയാത്രക്കാർക്ക് ദുരിതം തീർക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.
മിക്കയിടത്തും പാർക്കിങ് പാടില്ലെന്ന് കാണിച്ച് ട്രാഫിക് പൊലീസും എൻഫോഴ്സ്മെന്റ് വിഭാഗവും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തങ്ങൾക്കിതൊന്നും ബാധകമല്ലെന്ന മട്ടിലാണ് അനധികൃത പാർക്കിങ് തുടരുന്നത്. നേരത്തേ ഇത്തരത്തിൽ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചും കത്രികപ്പൂട്ടിട്ടും ട്രാഫിക് പൊലീസ് നടപടിയെടുത്തിരുന്നു. അനധികൃത പാർക്കിങ്ങിനു പുറമേ നടപ്പാതകൾ കൈയേറിയുള്ള പാർക്കിങ്ങും മിക്കയിടത്തും കാണാം.
നഗര റോഡുകളിലെ അനധികൃത പാർക്കിങ്ങിനെതിരെ ബന്ധപ്പെട്ടവർ കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.