പാലക്കാട്: അനധികൃത വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റുള്ള അപകടങ്ങൾ അടുത്തകാലത്തായി വർധിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 24 പേരാണ് ഇത്തരത്തിൽ മരിച്ചത്. അടുത്തിടെ രണ്ട് കുട്ടികളുൾപ്പെടെ ഷോക്കേറ്റ് മരിച്ച സ്ഥിതിയുണ്ടായി. പലപ്പോഴും കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനിൽനിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ വീട്ടിലെ കണക്ഷനിൽനിന്നോ വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് അപകടത്തിൽ കലാശിക്കുന്നത്.
വന്യജീവി ആക്രമണത്തെയും വിളനാശത്തെയും ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. ഒരു കാരണവശാലും കെ.എസ്.ഇ.ബി ലൈനിൽനിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ ഇത്തരം വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ല.
ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് IS -302-2-76- (1999 ) സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്ററുള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ. വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e ) പ്രകാരം നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.
ജില്ലയിലെ കൃഷിയിടങ്ങളെയോ വസ്തുക്കളെയോ സംരക്ഷിക്കാനായി സ്ഥാപിക്കുന്ന വൈദ്യുത വേലികള്‍ (ഇലക്ട്രിക് ഫെന്സുകള്) സുരക്ഷിതമായിരിക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. വൈദ്യുത വേലികള്‍ സ്ഥാപിക്കുമ്പോള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.
വൈദ്യുത വേലികള്‍ക്കായി മുള്ളുകമ്പികള്‍ ഉപയോഗിക്കാന്‍ പാടില്ല. മൃഗങ്ങള്‍ കുടുങ്ങുന്ന തരത്തിലുള്ള വേലികളുടെ നിർമാണം അനുവദിക്കില്ല. വേലികള്‍ക്ക് ശരിയായ ഇന്സുലേഷന് നല്‍കണം. വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ വേലികള്‍ സ്ഥാപിക്കുമ്പോള്‍ സുരക്ഷിതമായ അകലം പാലിക്കണം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ഇടങ്ങളില്‍ ഓരോ 50 മീറ്റര്‍ അകലത്തിലും അപകട ചിഹ്നങ്ങള്‍ സ്ഥാപിക്കണം.
വേലികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഫെന്‍സ് എനര്‍ജൈസര്‍ എന്ന ഉപകരണത്തില്‍നിന്ന് ഒരു സെക്കന്‍ഡില്‍ ഒന്നിലധികം ഇലക്ട്രിക് ഇംപള്‍സുകള്‍ നല്കാന് പാടില്ല. ഇത്തരം ഇംപള്‍സുകളുടെ വോള്‍ട്ടത 10,000 വോള്‍ട്ടിലും ദൈര്‍ഘ്യം ഒരു സെക്കന്‍ഡിന്റെ പത്തിലൊന്നിലും കൂടാന്‍ പാടില്ല. ഫെന്‍സ് എനര്ജൈസറിന്റെ പരമാവധി വാട്ടേജ് 15 വാട്സാണ്.
വൈദ്യുതി വേലിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന മൃഗങ്ങള്‍ക്ക് മാരകമല്ലാത്ത ഷോക്ക് നല്കി അവയെ അകറ്റുക എന്നതാണ് ഈ വേലികളുടെ ലക്ഷ്യം. ഈ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വേലികള്‍ സ്ഥാപിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.