അട്ടപ്പാടിയിലെ ഇപ്പോഴത്തെ പ്രധാന റോഡിലൂടെ നൂറ്റാണ്ടുകൾക്ക് മുമ്പ് പാതയുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ശിലാലിഖിതങ്ങൾ
അഗളി: ചരിത്ര വഴികളുടെ നാടാണ് അട്ടപ്പാടി. നൂറ്റാണ്ടുകൾക്ക് മുമ്പ് അന്യദേശത്തുനിന്നും ആളുകളും വ്യാപാരികളും നടന്നു പോയ വഴികൾ പിന്നീട് നാട്ടുവഴികളായും റോഡുകളായും ചിലത് പിന്നീട് ഹൈവേകളും എക്സ്പ്രസ് ഹൈവേകളുമായും പരിണമിച്ചു. നീണ്ട 20 വർഷക്കാലം ബ്രിട്ടീഷ് ഇന്ത്യയുടെ മലബാർ പ്രവിശ്യയിലെ കലക്ടറായ വില്യം ലോഗൻ എഴുതിയ ‘മലബാർ മാന്വൽ’ എന്ന പുസ്തകത്തിൽ പാലക്കാട് ഗ്യാപ്പി (ഇടപ്പാത) നെ കുറിച്ച് പറയുന്നുണ്ട്.
1887ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോയിരുന്നത് പാലക്കാട് ഇടപ്പാത വഴിയിലൂടെയായിരുന്നെന്ന് ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ അട്ടപ്പാടിയിലും നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര വഴികളുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. അട്ടപ്പാടിയിൽനിന്ന് കണ്ടെത്തിയ പട്ടണക്കൽ, പ്ലാമരം, നായ്ക്കാർപടി ശിലാലിഖിതങ്ങൾ പുരാതന വ്യാപാര പാതകളെ ശരിവെയ്ക്കുന്നുണ്ട്.
കർണാടകയിലെ പ്രബലമായ രാജവംശമായിരുന്ന പടിഞ്ഞാറൻ ചാലൂക്യന്മാരുടെ തലസ്ഥാന നഗരമായിരുന്ന ഐഹോളെയിൽനിന്ന് വ്യാപാരികൾ തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ ദൂരദേശങ്ങളിലേക്ക് വ്യാപാര ആവശ്യങ്ങൾക്ക് പോകാൻ ഈ വഴി ഉപയോഗിച്ചിരുന്നതായി ശിലാലിഖിതങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്.
എ.ഡി പത്താം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ കർണാടകയിലെ ഐഹോളെയിൽനിന്നും തമിഴ്നാട്ടിലെ കൊങ്കു ദേശത്തുനിന്നും സമ്പന്നരായ വ്യാപാരികൾ അട്ടപ്പാടിയിലെ താവളം വരെ എത്തിയതായാണ് ചരിത്രം പറയുന്നത്. പഴയ പ്രമുഖ തുറമുഖമായ മുസിരിസിലേക്കും കോഴിക്കോട്ടെ പഴയ സാമൂതിരി വിപണന കേന്ദ്രങ്ങളിലേക്കും അട്ടപ്പാടിയിലൂടെ പാതകളുണ്ടായിരുന്നു. ഇവിടേക്കുള്ള യാത്രക്കിടയിൽ വിശ്രമത്തിനായി വ്യാപാരികൾ ഉപയോഗിച്ചിരുന്ന സ്ഥലമായും മധ്യകാലഘട്ടത്തിൽ ചന്ത നടന്നിരുന്നത് കൊണ്ടുമാണ് താവളം എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു.
നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവുമുണ്ട് അട്ടപ്പാടിയിലെ വ്യാപാര പാതക്ക്. രണ്ട് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ടൂറിസത്തിനും ചരിത്ര ഗവേഷണങ്ങൾക്കും അനന്ത സാധ്യതകളുമുള്ള അട്ടപ്പാടിയിലെ പ്രധാന പാതയുടെ നവീകരണത്തിനാണ് ഭരണ പ്രതിപക്ഷ നേതാക്കൾ പരസ്പരം പഴിചാരുന്നത്.
അട്ടപ്പാടിയിലെ പാതകളുടെ ചരിത്ര പശ്ചാത്തലം മനസിലാക്കി റോഡുകൾ അതിവേഗം നവീകരിക്കുക മാത്രമല്ല കർണാടകയിലെ ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാന നഗരങ്ങളായിരുന്ന ഐഹോളെയെയും ബദാമിയെയും തമിഴ്നാട്ടിലെ ചേര സാമ്രാജ്യകാലത്തെ തലസ്ഥാനമായിരുന്ന കരൂരിനെയും (വഞ്ചി) ബന്ധിപ്പിക്കുന്ന വിധത്തിൽ അതിവേഗപാതകൾ അട്ടപ്പാടിക്ക് ആവശ്യമുണ്ടെന്നും ഗവേഷകനായ ഡോ. എ.ഡി. മണികണ്ഠൻ അഭിപ്രായപ്പെടുന്നു. സർക്കാർ അട്ടപ്പാടിയിലെ പൗരാണിക പാതയെ അന്തർസംസ്ഥാന വികസനപാതയായി കണ്ട് റോഡുകൾ നവീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.