പന്തളം കരിങ്ങാലി പാടശേഖരത്തിൽ നെൽകൃഷി വെള്ളം കയറി നശിച്ചപ്പോൾ
ആലത്തൂർ: മഴ കനത്തതോടെ പാടശേഖരങ്ങളിൽ വെള്ളം അധികമാണെങ്കിലും കർഷകർ രണ്ടാം വിളയുടെ ഞാറ്റടി തയാറാക്കി തുടങ്ങി. കൃഷിയിറക്കേണ്ട കാലം കടന്നു പോകുന്നതിനാൽ ഇനി കാത്തിരിക്കാൻ സമയമില്ല.ചിലയിടങ്ങളിൽ രണ്ടാം വിളയുടെ നടീൽ വരെ കഴിഞ്ഞു. ഒന്നാം വിള കൊയ്ത്ത് മഴയിൽ പലയിടത്തും നശിച്ചുപോയെങ്കിലും കൃഷി ഇറക്കേണ്ട കാലമായാൽ നോക്കിയിരിക്കാൻ കർഷകർക്കാവില്ല.
പല സ്ഥലത്തും മഴയിൽ വീണ നെല്ല് കൊയ്തെടുക്കാൻ കഴിയാതെ ഉഴുതുമറിച്ചിരുന്നു. ഓരോ വിള കൃഷിയിറക്കുമ്പോഴും വലിയ പ്രതീക്ഷയാണ് കർഷകർ പുലർത്തുന്നത്. മഴയുടെ ഗതിയറിയാത്തതിൽ കർഷകർക്ക് ആധിയുണ്ട്.
ഒന്നാം വിളയിൽ കളശല്യം രൂക്ഷമായതിനാൽ കൂലിയിനത്തിലും ഓലകരിച്ചിൽ രോഗത്താൽ കീടനാശിനിയും മറ്റും പ്രയോഗിച്ചും നല്ലൊരു തുക ചെലവായെങ്കിലും അതിന് തക്ക പ്രതിഫലം കൊയ്ത്തിൽനിന്ന് കിട്ടിയില്ല. കൊയ്തെടുത്തിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി വിള ആകെ ഉഴുതുമറിച്ചവരുമുണ്ട്.
രണ്ട് തരത്തിലാണ് ഞാറ്റടി തയാറാക്കുന്നത്. വയലിൽ ഉഴുത് ചേറാക്കി അതിൽ വിത്ത് പാകുന്ന സാധാരണ രീതിയും ടാർപായ വിരിച്ച് അതിൽ ചേറ് തയാറാക്കി വിത്തിട്ട് ഞാറ്റടി ഉണ്ടാക്കുന്നവരുമുണ്ട്. അങ്ങനെ തയാറാക്കുന്നത് മെഷീൻ നടീലിനാണ്. സാധാരണ രീതിയിലുള്ള ഞാറ് 28 ദിവസത്തിനുള്ളിൽ പറിച്ച് നടും. മെഷീന് വേണ്ടി തയാറാക്കുന്നത് 35 ദിവസം മൂപ്പെത്തിയ ശേഷമാണ് നടുക. സാധാരണ രീതിയിലുള്ള നടീൽ വ്യാപകമായി നടത്തുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. കോവിഡ് പ്രതിസന്ധിയിൽ അവരിൽ മിക്കവരും നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും പതിവുപോലെ അവരെത്തുമെന്ന പ്രതീക്ഷയിലാണ് കൃഷിയിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.