പാലക്കാട്: കാലവർഷം ശക്തി പ്രാപിച്ചതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശമുണ്ടായി. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ പുഴയിൽ മീൻ പിടിക്കാൻ പോയ ആൾ മുങ്ങി മരിച്ചു.
പട്ടാമ്പി, മണ്ണാർക്കാട്, അട്ടപ്പാടി, പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിലായി 40 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഇതിൽ പട്ടാമ്പിയിലെ കുലുക്കല്ലൂരിൽ 14 വീടുകളും കൊപ്പത്ത് 11 വീടുകളുമാണ് ഭാഗികമായി തകർന്നത്.
മണ്ണാർക്കാട്ടെ പാലക്കയം, പാലക്കാട്ടെ കൊടുമ്പ്, മങ്കര, അകത്തേത്തറ, ഒറ്റപ്പാലത്തെ നെല്ലായ എന്നിവിടങ്ങളിൽ ഒന്ന് വീതവും അട്ടപ്പാടിയിലെ അഗളിയിൽ രണ്ടും പാലക്കാട് മണ്ണൂരിൽ എട്ടും വീടുകൾ ഭാഗികമായി തകർന്നു. മലമ്പുഴയിലും മണ്ണൂരിലും ഒന്ന് വീതവും കുലുക്കല്ലൂരിൽ രണ്ട് വീടുകളുമാണ് പൂർണമായി തകർന്നത്.
പാലക്കാട്-കുളപ്പുള്ളി റോഡിൽ ഒറ്റപ്പാലത്ത് റോഡ് ഇടിഞ്ഞുതാഴ്ന്നു. ചെർപ്പുളശ്ശേരി കാക്കാത്തോട് റോഡ് നിർമാണത്തിന്റെ ഭാഗമായി തോടിനു കുറുകെ നിർമിച്ച താൽക്കാലിക പാലത്തിന്റെ ബലക്ഷയംമൂലം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. അട്ടപ്പാടിയിൽ റോഡ് ഒലിച്ചുപോയി.
കൊട്ടേക്കാട് പടലിക്കാട് വീട് തകർന്നുവീണു. പിരായിരി കോട്ടായി മേഖലകളിൽ പരക്കെ നാശമുണ്ടായി. പിരായിരിയിൽ കനത്ത മഴയിൽ പമ്പ് ഹൗസ് തകർന്നുവീണു. വീടിനും കാറിനും മുകളിൽ മരം വീണു. കിണറുകൾ ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കമാണ് ഇടിഞ്ഞുതാഴ്ന്നത്.
നെല്ലിയാമ്പതിയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിയുണ്ടായി. തച്ചമ്പാറയിൽ വീടിന് മുകളിൽ മരം വീണു. മഴയിലും ചുഴലിക്കാറ്റിലും മണ്ണൂർ മേഖലയിൽ വ്യാപക നാശമുണ്ടായി. മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടാകുകയും വൈദ്യുതി വിതരണം താറുമാറാകുകയും ചെയ്തു.
ഞായറാഴ്ച ജില്ലയിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. മണ്ണാർക്കാട് മേഖലയിൽ മാത്രം 130.2 മില്ലി മീറ്റർ മഴ പെയ്തു. ആലത്തൂർ-86 മി.മീ., പാലക്കാട്-77.4 മി.മീ., തൃത്താല-76 മി.മീ., പട്ടാമ്പി-66.5 മി.മീ., ചിറ്റൂർ-65 മി.മീ., ഒറ്റപ്പാലം-62 മി.മീ., കൊല്ലങ്കോട്-50.8 മി.മീ. എന്നിങ്ങനെയും മഴ ലഭിച്ചു. അടുത്ത മൂന്ന് ദിവസം മഞ്ഞ അലർട്ടാണെങ്കിലും മഴ ശക്തമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.