പാലക്കാട്: നാടിന് പ്രാഥമിക ചികിത്സ ഉറപ്പാക്കേണ്ട പഞ്ചായത്ത്-നഗരസഭകളിലെ ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവർത്തനം ജില്ലയിൽ തോന്നുംപടി. പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലും നാല് മുതൽ ആറ് വരെ ഉപകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
രാവിലെ ഒമ്പത് മുതൽ ഒന്നു വരെ ഫീൽഡ് പ്രവർത്തനവും ഉച്ചക്ക് രണ്ട് മുതൽ നാല് വരെ ഉപകേന്ദ്രങ്ങളിൽ ക്ലിനിക്കുകളും ഓഫിസ് ജോലികളുമാണ്. ആരോഗ്യ അടിയന്തരാവസ്ഥയിൽ 24 മണിക്കൂറും സേവനം നൽകണം. ഉപകേന്ദ്രങ്ങളിൽ ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ഫീൽഡ് പ്രവർത്തനത്തിന് പോകേണ്ടത്. ഈ വിവരം ഉപകേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. ജോലി സമയത്ത് സ്വന്തം ഫീൽഡ് ഡയറി കൈയിൽ കരുതണം. എന്നാൽ, പല കേന്ദ്രങ്ങളിലും ജീവനക്കാർ കൃത്യമായി ജോലിക്ക് എത്തുന്നില്ലെന്ന് പരാതിയുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കേന്ദ്രത്തിലെത്തി ഒരുമിച്ച് ഹാജർ രേഖപ്പെടുത്തിയ ശേഷം മുങ്ങുന്നതായാണ് പരാതി. പഞ്ചായത്തിന്‍റെയും മെഡിക്കൽ ഓഫിസറുടെയും നിയന്ത്രണത്തിലാണ് ഇവർ പ്രവർത്തിക്കേണ്ടത്. കഴിഞ്ഞയാഴ്ച മെഡിക്കൽ ഓഫിസർ ഓൺലൈനായി വിളിച്ച യോഗത്തിൽ ചില ജീവനക്കാർ ഓഫിസിലാണെന്ന് പറയുകയും വിഡിയോ ഓണാക്കിയപ്പോൾ യാത്രയിലാണെന്ന് അറിയുന്നത്. പോഷണം, ജീവിതശൈലീ രോഗ നിയന്ത്രണം, മാനസികാരോഗ്യം, ശിശു ക്ഷേമം, വയോജനാരോഗ്യം, വനിതാരോഗ്യം, കൗമാര ആരോഗ്യം, പകർച്ചവ്യാധി പ്രതിരോധം, പ്രഥമശുശ്രൂഷ, കൗൺസലിങ് തുടങ്ങിയ സേവനങ്ങളാണ് ഓരോ ആരോഗ്യ ഉപകേന്ദ്രങ്ങളിലുമുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.