പാലക്കാട്: ജില്ല ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് നിയമനത്തിൽ മാസങ്ങളായിട്ടും പരിഹാരമായില്ല. നൂറുകണക്കിന് രോഗികൾ ഹൃദയശസ്ത്രക്രിയക്കു വേണ്ടി കാത്തിരിപ്പ് തുടരുമ്പോഴും ഹൃദ്രോഗ വിഭാഗം ഡോക്ടർമാരുടെ കുറവിന് പരിഹാരം കാണാതെ സർക്കാർ തീരുമാനം നീളുന്നു.
സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ജില്ല ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ചീഫ് കൺസൾട്ടന്റ് തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇവിടുത്തെ ചീഫ് കൺസൾട്ടന്റ് ജോലി ക്രമീകരണ വ്യവസ്ഥയിൽ നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. നിലവിൽ ഒരു അസിസ്റ്റന്റ് സർജൻ ആണ് ജില്ല ആശുപത്രിയിൽ ഹൃദ്രോഗികളെ പരിശോധിക്കുന്നത്.
എറണാകുളത്ത് ജോലി ചെയ്യുന്ന കാർഡിയോളജിസ്റ്റിന്റെ ജോലി ക്രമീകരണ വ്യവസ്ഥ മുഴുവനായി റദ്ദ് ചെയ്യുകയോ അല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും പാലക്കാട് ജില്ല ആശുപത്രിയിൽ സേവനം ഉറപ്പുവരുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ച് തുടർനടപടിക്കായി കാത്തിരിക്കുകയാണിപ്പോൾ. മാർച്ച് 15നാണ് കത്ത് നൽകിയത്. രണ്ട് മാസം പിന്നിട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഡി.എം.ഒ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും കത്ത് നൽകിയിരുന്നു. ഇനി സർക്കാറാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്.
ജില്ല ആശുപത്രിയിലെ ഹൃദ്രോഗികളുടെ ദുരിതം സംബന്ധിച്ച വാർത്തകളും ജനകീയ പ്രതിഷേധവും ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി വിഷയത്തിലിടപെട്ടിരുന്നെങ്കിലും നാളിതുവരെ നടപടിയായിട്ടില്ല. നിലവിൽ 100-120 രോഗികൾ ഒ.പിയിലെത്താറുണ്ടെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ആഴ്ചയിൽ രണ്ട് ദിവസവും ശസ്ത്രക്രിയകളും നടക്കുന്നുണ്ട്. ഇതിനിടയിൽ അത്യാഹിത കേസുകളും നോക്കുന്നുണ്ടെന്നും കാർഡിയോളജിസ്റ്റ് ചീഫ് കൺസൾട്ടന്റ് നിയമനം സംബന്ധിച്ച് നടപടികളൊന്നും ആയിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
ഒരു ദിവസം നൂറിലധികം രോഗികളെ പരിശോധിക്കാനും ശസ്ത്രക്രിയകൾ നടത്താനും അത്യാഹിത കേസുകൾ നോക്കാനുമെല്ലാം ആകെ ഒരു ഡോക്ടർ മാത്രമാണുള്ളത് എന്നത് സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നു. എന്നിട്ടും മാസങ്ങളായിട്ടും വിഷയത്തിൽ സർക്കാർ നടപടി സ്വീകരിക്കാൻ വൈകുകയാണെന്നാണ് ആക്ഷേപം. ഡോക്ടറില്ലാത്തതിനാൽ ഒ.പി ടോക്കൺ 40 ആയി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കത്തിൽ പറയുന്നു.
നേരത്തെ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ജില്ല ആശുപത്രിയിൽ ഒ.പിയുണ്ടായിരുന്നത്. ജില്ലയുടെ ദൂരപ്രദേശങ്ങളിൽ നിന്നടക്കം ധാരാളം രോഗികൾ ഈ ദിവസങ്ങളിൽ ആശുപത്രിയിലെത്താറുണ്ട്. എന്നാൽ പലപ്പോഴും ടോക്കൺ ലഭിക്കാതെയും മതിയായ ചികിത്സ ലഭിക്കാതെയും തിരികെ പോകേണ്ട സാഹചര്യം ഉണ്ടായതോടെയാണ് പ്രതിഷേധം ഉയർന്നത്.
യുവജനസംഘടനകൾ വിഷയത്തിൽ ഇടപെട്ടതോടെ ദിവസവും ഒ.പി തുടങ്ങുമെന്നും ടോക്കണിന്റെ എണ്ണം വർധിപ്പിക്കുമെന്നും ഡി.എം.ഒ ഉറപ്പുനൽകുകയും കാർഡിയോളജിസ്റ്റിനെ എച്ച്.എം.സി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഏപ്രിൽ മൂന്നിന് ചേർന്ന എച്ച്.എം.സി കമ്മിറ്റി യോഗത്തിൽ ഈ നിർദേശം ചർച്ചയായില്ല. പകരം ജോലി ക്രമീകരണത്തിന്റെ ഭാഗമായി എറണാകുളത്ത് പ്രവർത്തിക്കുന്ന ജില്ല ആശുപത്രിയിലെ കാർഡിയോളജിസ്റ്റിനെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് സർക്കാരിന് കത്ത് നൽകാൻ തീരുമാനമായിരുന്നു. എന്നാൽ സർക്കാർ നടപടി വൈകുന്നതോടെ ബുദ്ധിമുട്ടിലാവുന്നത് സാധാരണക്കാരായ നിരവധി രോഗികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.