ആലത്തൂർ: വീടിന്റെ മേൽക്കൂര തകർത്ത് വയോധിക സ്ത്രീകളെ ഒഴിപ്പിക്കാൻ ശ്രമമെന്ന് പരാതി. തുടർന്ന് ഇവർ പൊലീസിന്റെ സഹായം തേടി. മുടപ്പല്ലൂർ ചക്കാന്തറയിൽ പരേതനായ വെള്ളപ്പ എന്ന അബ്ദുൽ ഖാദർ റാവുത്തറുടെ മക്കളായ ജമീല (73) പാത്ത് മുത്ത് (71) റഹ്മത്ത് (59) എന്നിവരാണ് വാർധക്യത്തിൽ സ്വന്തം വീട്ടിൽ കിടക്കാൻ പറ്റാതെ കഷ്ടപ്പെടുന്നത്. ജമീല വിധവയും മറ്റ് രണ്ടുപേർ അവിവാഹിതരുമാണ്.
സ്വത്ത് തർക്കത്തിന്റെ പേരിൽ ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയാണെന്നാണ് പരാതി. 10 മക്കളും ഏക്കർ കണക്കിന് ഭൂമിയുമുണ്ടായിരുന്ന ഇവരുടെ കുടുംബം ഒരു കാലത്ത് നാട്ടിൽ പ്രശസ്തരായിരുന്നു.
30 സെൻറ് സ്ഥലവും ഓടിട്ട വീടുമാണ് ഇപ്പോൾ കുടുംബത്തിനാകെയുള്ളത്. ഇതിൽ കുറച്ച് സ്ഥലവും പഴയ ഓട്ടുപുരയുമാണ് സഹോദരിമാർക്കുള്ളത്.
അതും കൈയേറാനാണ് ശ്രമമെന്നാണ് പരാതി. താമസിക്കുന്ന വീട്ടിൽനിന്ന് ഇവർ ഇറങ്ങി പോകണമെന്നാണത്രേ അവകാശമുന്നയിക്കുന്നവരുടെ ആവശ്യം. സുമനസ്സുകളുടെ സഹായവും വാർധക്യകാല പെൻഷനും കൊണ്ടാണ് ഇവരുടെ നിത്യജീവിതം.
ഇവർക്കെതിരെ ഇടക്കിടെ ബലപ്രയോഗം നടക്കുന്നതിനാൽ ജില്ല കലക്ടർക്കും പൊലീസിനുമെല്ലാം പരാതി നൽകി. പൊലീസിൽ പരാതിപെട്ടിട്ടും യഥാസമയം സഹായം കിട്ടുന്നില്ലെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന വീടിന്റെ ഓട് മുഴുവൻ താഴേക്ക് ഇട്ട് പൊട്ടിച്ച് അതിക്രമം നടത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.