കൊടുവായൂർ: നിയമങ്ങൾ കർശനമാക്കിയിട്ടും നിയന്ത്രണമില്ലാതെ കൊള്ളപ്പലിശ സംഘങ്ങൾ വീണ്ടും സജീവം. വിവിധ പേരുകളിൽ ഗ്രാമങ്ങളിൽ വേരുറപ്പിക്കുന്ന പലിശ ഇടപാട് സംഘങ്ങൾ മൈക്രോ ഫിനാൻസ് കമ്പനി എന്ന പേരുകളിലാണ് തലപൊക്കുന്നത്.
വീടുകളിലെത്തി അയൽക്കൂട്ടം ഭാരവാഹികളെ കണ്ടെത്തി പണം നൽകി വരുന്ന സംഘങ്ങൾ ചിലപ്പോൾ നിർബന്ധിച്ച് വായ്പ നൽകാനും മടിക്കാറില്ല. വ്യക്തിഗതമായും ഗ്രൂപ്പ് അടിസ്ഥാനത്തിലും വായ്പ നൽകുന്ന സംഘങ്ങൾ മൂന്നിരട്ടിയിലികം തുക ഭീഷണിപ്പെടുത്തി തിരികെ വാങ്ങുന്നുവെന്നാണ് ആരോപണം.
വീടുകയറി ഭീഷണിപ്പെടുത്തിയും ഈട് നൽകിയ വസ്തുവകകൾ പിടിച്ചെടുക്കുമെന്ന് ശബ്ദം മുഴക്കിയുമാണ് വട്ടിപ്പലിശ സംഘം കളം നിറയുന്നത്. തമിഴ്നാട് നിന്നുള്ള സംഘങ്ങളോടൊപ്പം കിടപിടിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ അതിർത്തി പഞ്ചായത്തുകളിൽ സജീവമാണ്. ഒരു ഈടും വാങ്ങിക്കാതെ ആധാർ, റേഷൻ കാർഡ്, പാൻ കാർഡ് കോപ്പികൾ മാത്രം കരസ്ഥമാക്കിയാണ് 18-22 ശതമാനം പലിശ നൽകി വായ്പ നൽകുന്നത്.
തിരിച്ചടവ് വർധിപ്പിച്ചാൽ പലിശ നിരക്ക് കൂടും. സഹകരണ ബാങ്കുകളിൽനിന്ന് ചുരുങ്ങിയ പലിശ നിരക്കിൽ വായ്പ ലഭിക്കുമെങ്കിലും ഈട് ആവശ്യമില്ല എന്ന പേരിലാണ് കൊള്ളപ്പലിശക്ക് പണം വായ്പ നൽകുന്നവരുടെ വലയിൽ വീട്ടമ്മമാർ കുടുങ്ങുന്നത്. മൊബൈൽ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ സമ്മാനമായി നൽകിവരുന്ന കമ്പനികളും ഉണ്ട്. പലിശ നിരക്കിന്റെ കെണി മനസ്സിലാകുന്നത് അടവ് മുടങ്ങുമ്പോഴാണ്.
ഒരിക്കൽ വലയിൽ വീണ് കരകയറാകാനാകാതെ കുടുംബസമേതം തമിഴ്നാട്, തിരുപ്പൂർ എന്നിവിടങ്ങളിലക്ക് പോയവരും കുറവല്ല. മൈക്രോ ഫിനാൻസ്, വട്ടിപ്പലിശ ഇടപാടുകളിൽ കുടുങ്ങിയവർക്ക് നിയമ സഹായങ്ങൾ നൽകാൻ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ റവന്യു, പൊലീസ്, ധനകാര്യ വകുപ്പ് എന്നിവയുടെ പൊതു ജനസമ്പർക്ക പരിപാടി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.