പാലക്കാട്: മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് മാസങ്ങളായി പാലക്കാട് നിന്നും യാത്ര പുറപ്പെടുന്നത് മണിക്കൂറൂകൾ വൈകി. പാലക്കാടിനും-ഒറ്റപ്പാലത്തിനും ഇടയിൽ പാളത്തിൽ പണിനടക്കുന്നതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡിസംബർ വരെ 40 മിനിറ്റ് വൈകുമെന്നാണ് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ്.
എന്നാൽ, ജനുവരി കഴിഞ്ഞിട്ടും പണി പൂർത്തികരിക്കാനോ, വൈകി ഓട്ടം അവസാനിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രണ്ടര മണിക്കൂർ വൈകിയാണ് ഒറ്റപ്പാലത്തും തൃശൂരിലും ട്രെയിൻ എത്തിയതെന്ന് യാത്രക്കാർ പറയുന്നു. 35 മിനിറ്റ് വൈകി ഒലവക്കോട് നിന്നും പുറപ്പെട്ട ട്രെയിൻ പറളി, ലെക്കിടി എന്നിവിടങ്ങളിൽ ട്രാക്കിൽ പിടിച്ചിടുകയായിരുന്നു.
റെയിൽവേയുടെ ഔദ്യോഗിക ആപ്പ് എൻ.ടി.ഇ.എസിലും പാലക്കാട് നിന്ന് പുറപ്പെടുന്ന സമയക്രമം കൃത്യമായി അറിയിക്കാറില്ല. ട്രെയിൻ പുറപ്പെടുമ്പോൾ മാത്രമാണ് അമൃത എക്സപ്രസിന്റെ സമയം അപ്ഡേറ്റ് ചെയ്യുന്നത്. സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പും ലഭിക്കാറില്ല. വണ്ടി പുറപ്പെടുമ്പോൾ മാത്രമാണ് യാത്രക്കാർ അറിയുന്നത്. കഴിഞ്ഞ ദിവസം വണ്ടി പുറപ്പെടുന്നത് കണ്ട് ധിറുതിയിൽ ഓടിക്കയറാൻ ശ്രമിച്ച മധ്യവയസ്ക ട്രെയിനിൽനിന്ന് വീണ് രണ്ടുകാലും മുറിഞ്ഞു. പാലക്കാട് നഗരത്തിലെയും കോയമ്പത്തൂരിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഏറെ സൗകര്യമാണ് ഈ ട്രെയിൻ.
വൈകീട്ട് ആറിന് പാലക്കാട് നിന്നുള്ള കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ കഴിഞ്ഞാൽ പിന്നെ അമൃതയാണ് ഏക ആശ്രയം. മാത്രമല്ല, 9.33ന് ഒറ്റപ്പാലത്ത് എത്തുന്ന യാത്രക്കാർക്ക് ഷൊർണൂർ, പട്ടാമ്പി എന്നിവിടങ്ങിളിലേക്ക് 9.45ന് ഒറ്റപ്പാലത്ത് നിന്നും ബസ് ലഭിക്കും. എന്നാൽ, ഈ സൗകര്യങ്ങളെല്ലാം ഇല്ലാതാക്കിയാണ് 30 മിനിറ്റ് മുതൽ രണ്ടര മണിക്കൂർ വരെ വൈകി ഓടുന്നത്. പഴനിയിലേക്കുള്ള തീർഥാടകരും, തിരുവനന്തപുരം ആർ.സി.സിക്കുള്ള രോഗികളുമുള്ളതിനാൽ ട്രെയിനിൽ മിക്ക ദിവസങ്ങളിലും തിരക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.