ആലത്തൂർ: ദേശീയപാതയുടെ സമീപത്തുനിന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയുടെ പിൻവശം വരെയുള്ള 600 മീറ്റർ ദൂരത്തിൽ ആലത്തൂർ ടൗൺ ബൈപാസ് റോഡ് നിർമാണം പുരോഗമിക്കുന്നു. ദേശീയപാതയിൽനിന്ന് ആലത്തൂർ കോർട്ട് റോഡിൽ ചേരുന്ന വാനൂർ റോഡിൽ തോട് ക്രോസ് ചെയ്യുന്ന ഭാഗത്തുനിന്നാണ് താലൂക്ക് ആശുപത്രി ഭാഗം വരെ ഇപ്പോൾ നിർമാണം നടത്തുന്നത്. ഇതിന്റെ ഭാഗമായി തോടിന് കുറുകെയുള്ള പഴയ പാലം പൊളിച്ച് പുതിയ പാലം നിർമിച്ചു.
തോടിന്റെ ഇരുവശങ്ങളിലും ഭിത്തികെട്ടി സംരക്ഷിച്ച് അതിന് മുകളിൽ സ്ലാബ് സ്ഥാപിച്ചാണ് റോഡ് നിർമിക്കുന്നത്. തോടിന്റെ അടിഭാഗത്തെയും വശങ്ങളിലെയും നിർമാണം നടന്നു വരുന്നു. അതോടൊപ്പം വാനൂർ റോഡിലെ തോട്ടുപാലം മുതൽ കുറച്ചു ദൂരം മുകളിലെ സ്ലാബ് നിർമാണം കഴിഞ്ഞിട്ടുണ്ട്.
ഇതേ തോടിന്റെ ദേശീയപാതക്ക് കുറുകെയുള്ള ആയാർകുളം ഭാഗത്ത് തുടങ്ങി പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് കിഴക്ക് ഭാഗത്ത് കൂടെ പോകുന്ന തോടിന്റെ മെയിൻ റോഡിൽ ചേരുന്നത് വരെയുള്ള 1200 മീറ്ററോളം വരുന്നതാണ് വിഭാവനം ചെയ്തിരുന്ന ടൗൺ ബൈപാസ് റോഡ്. അതിന് 25 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ രണ്ട് അറ്റങ്ങളും വിട്ട് 15 കോടി ചെലവിൽ മധ്യഭാഗത്ത് 600 മീറ്ററാണ് ഇപ്പോൾ നിർമാണം നടത്തുന്നത്. അടുത്ത ഭാഗം നിർമാണം രണ്ടാം ഘട്ടത്തിലാണെന്നാണ് പറയുന്നത്.
ദേശീയപാതയിലെ വാനൂർ റോഡ് തോട്ടുപാലത്തിൽനിന്ന് ബൈപാസ് റോഡ് നിർമാണം ഇപ്പോൾ നടക്കുന്നതിനാൽ തോട്ടുപാലം മുതൽ ആയാർകുളം വരെ തോടിന് മുകളിലൂടെയുള്ള ഭാഗം റോഡ് ഒഴിവാക്കാൻ കഴിയും. കോർട്ട് റോഡിൽ തുടങ്ങുന്ന വാനൂർ റോഡിന്റെ പുതിയ ബൈപാസ് റോഡ് വരെ ഭാഗവും ദേശീയപാതയിൽനിന്ന് വാനൂർ റോഡിലെ തോട്ടുപാലം വരെ ഭാഗവും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയാൽ ബൈപാസ് റോഡ് ഏറെ പ്രയോജനകരമാകും.
തോടിനുള്ളിലൂടെ ബോക്സ് കൾവെർട്ട് മാതൃകയിലാണ് നിർമാണം. കോൺക്രീറ്റ് ചെയ്ത് മുകളിൽ റോഡും താഴെ തോടും ഉണ്ടാകും. തോടിന്റെ നീരൊഴുക്കിന് തടസ്സമുണ്ടാവാത്ത വിധവും രണ്ട് വലിയ വാഹനങ്ങൾക്ക് ഒരുമിച്ച് പോകാനാവുന്ന വിധവുമാണ് റോഡ് നിർമാണം. ഒന്നാം ഘട്ട നിർമാണം പൂർത്തിയാകുന്ന മുറക്ക് രണ്ടാം ഘട്ടവും ആരംഭിക്കുമെന്നാണ് പറയുന്നത്. 2024 ഡിസംബർ 24 നാണ് ബൈപാസ് റോഡ് നിർമാണോദ്ഘാടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.