കാട്ടുകുളം അംഗൻവാടി കെട്ടിട നിർമാണോദ്ഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ നിർവഹിക്കുന്നു
അലനല്ലൂർ: 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാട്ടുകുളം അംഗൻവാടിക്ക് സ്വന്തമായി കെട്ടിടമൊരുങ്ങുന്നു. അംഗൻവാടിക്ക് സ്ഥലം ലഭിച്ചതിന് പുറമേ എത്തിച്ചേരാൻ റോഡും നിർമിക്കുന്നുണ്ട്. മണ്ണാർക്കാട് മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലക്കാഴി എ.എൽ.പി സ്കൂൾ മാനേജറുമായ സൈനുദ്ദീൻ ഹാജി താമസിക്കുന്ന വീട്ടുവളപ്പിന്റെ ഒരു ഭാഗത്തെ മൂന്ന് സെന്റ് സ്ഥലമാണ് നൽകിയത്.
റോഡിനായി രാധാകൃഷ്ണൻ നെന്മിനിശ്ശേരി, ആണിയൻ പറമ്പൻ സിദ്ദീഖ്, ആലായൻ സൈനുദ്ദീൻ ഹാജി എന്നിവർ സൗജന്യമായി സ്ഥലം വിട്ടുനൽകി. എട്ട് അടി വീതിയിലാണ് റോഡ് നിർമിക്കുന്നത്.
2005ൽ അംഗൻവാടി ആരംഭിച്ചതു മുതൽ ഇതുവരെ പത്ത് കെട്ടിടത്തിൽ മാറി മാറി പ്രവർത്തിക്കേണ്ട അവസ്ഥ വന്നിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിയിലേക്ക് ഭീതിയോടെയായിരുന്നു രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞയച്ചിരുന്നത്.
അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ 50 അംഗൻവാടികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ കാട്ടുകുളം ഒഴികെയുള്ള അംഗൻവാടികൾക്ക് സ്വന്തമായി നല്ല കെട്ടിടങ്ങളാണുള്ളത്. അംഗൻവാടിയുടെ ദുരവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം രൂപ വകയിരുത്തിയതാണ് കെട്ടിട നിർമാണ ചെലവുകൾക്ക് ഉപയോഗിക്കുന്നത്. കെട്ടിട നിർമാണോദ്ഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ നിർവഹിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്തംഗം കെ. റംല അധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഷീദ് ആലായൻ, ബ്ലോക്ക് ആസൂത്രണ സമിതിയംഗം കാസിം ആലായൻ, ബ്ലോക്ക് അസിസ്റ്റന്റ് എൻജിനിയർ എൽ.സി. ദീപ്തി, സ്വതന്ത്ര കർഷക സംഘം ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദാലി ആലായൻ, മുഹമ്മദ് ആണിയംപറമ്പൻ, കരിമ്പൻ ഉമ്മർ, അസീസ് തെക്കൻ, കെ. ബഷീർ ഫൈസി, കെ. ഷൗക്കത്ത്, എ.പി. കുഞ്ഞാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.