representative image
പാലക്കാട്: സ്തംഭനത്തിലേക്ക് നീങ്ങി ജില്ലയിലെ കാർഷികമേഖല. ലോക്ഡൗണിലെ ഇളവുകൾക്കപ്പുറം പ്രതിസന്ധികൾ തഴച്ചതോടെ പലരും കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതി. കാർഷിക സാമഗ്രികൾ വിൽപന നടത്തുന്ന കടകൾ ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഇതോടെ അടിയന്തരമായി ചെയ്തുതീർക്കേണ്ട കാർഷിക പ്രവൃത്തികളടക്കം മുടങ്ങിക്കിടക്കുകയാണ്. കോവിഡിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനത്തിനൊപ്പം തദ്ദേശീയ തൊഴിലാളികളുടെ അഭാവവും വലക്കുന്ന കർഷകർക്ക് വളമടക്കം ഉൽപന്നങ്ങളുടെ ലഭ്യതക്കുറവും ഇരുട്ടടിയാവുകയാണ്. അടിയന്തരമായി സർക്കാർ ഇടപെടലില്ലെങ്കിൽ ഗുരുതമായ പ്രതിസന്ധികൾ മേഖലയിലുണ്ടാകുമെന്ന് കല്ലടിക്കോട് കർഷകനായ ജോർജ് പറയുന്നു.
വേനൽമഴ വില്ലനായ വയലുകൾ
വേനൽമഴ നീണ്ടതോടെ പൊടിവിതയും അവതാളത്തിലായി. പലരും ചാണകവും ചുണ്ണാമ്പും പാടങ്ങളിൽ കൃഷിക്ക് മുന്നൊരുക്കമായി പ്രയോഗിച്ചെങ്കിലും മണ്ണിൽ ഇൗർപ്പം ഉയർന്ന് തുടരുന്നതോടെ ഉഴുതുമറിക്കാനാവാത്ത നിലയിലാണ്. പൊടിവിതയ്ക്ക് ഈർപ്പം കൂടിയാൽ നെൽവിത്ത് മുളകളെയും ചെടിയുടെ വളർച്ചയെ സാരമായി ബാധിക്കുകയും ഉൽപാദനക്ഷമത കുറയുകയും ചെയ്യും. കാലവർഷം കൂടെ അടുത്തെത്തിയതോടെ ഞാറ്റടി തയാറാക്കിയാലേ കൃഷിയിറക്കാനാവൂ. തൊഴിലാളി ക്ഷാമം രൂക്ഷമായേതാടെ ഇനിയെന്ത് എന്ന ചോദ്യംമാത്രം ബാക്കി.
വള്ളിയില്ലാതെ വലച്ച് റബർ, നീറാതെ നീറ്റുകക്ക
മഴയും ലോക്ഡൗണും ഒന്നിച്ചെത്തിയതോടെ വിലക്കുറവിനൊപ്പം പരിപാലനവും വില്ലനായ റബർ കർഷകർക്ക് ദുരിതമേറുകയാണ്. മലയോരമേഖലകളിൽ ഏതാനും ദിവസങ്ങളായി മഴ തുടരുകയാണ്. മഴ തുടങ്ങുന്നതിന് മുമ്പ് ഇടേണ്ട ഷേയ്ഡ് ഇനിയും മിക്കയിടങ്ങളിലും തയാറാക്കാനായിട്ടില്ല. ഇതിനായി പ്രത്യേക പ്ലാസ്റ്റിക് ഉൽപന്നവും പശയും വേണം.
കടകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ മഴയൽപ്പം മാറിനിന്നാലും ഷേയ്ഡ് ഇടാനാവില്ലെന്ന് തച്ചമ്പാറ സ്വദേശിയായ ജാഫർ 'മാധ്യമ'ത്തോട് പറഞ്ഞു. മഴക്ക് മുമ്പ് ഷേയ്ഡ് ഇട്ടില്ലെങ്കിൽ അടുത്ത മഴക്കാലത്ത് ടാപ്പിങ് നടത്താൻ സാധിക്കാതെ വരുമെന്നും ജാഫർ പറയുന്നു. കാലവർഷത്തിന് മുന്നോടിയായി വളപ്രയോഗം നടത്തേണ്ട കൃഷികളിറക്കിയ മലയോര കർഷകർ ഒന്നുപോലെ ദുരിതത്തിലാണ്. വളങ്ങളും നീറ്റുകക്കയും കീടനാശിനിയും ഒന്നും കിട്ടാനില്ലാത്ത സ്ഥിതി. അടിയന്തരമായി അധികൃതർ വിഷയത്തിൽ ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
ഹെൽപ് ഡസ്ക്
പാലക്കാട്: ലോക്ഡൗൺ പശ്ചാത്തലത്തിൽ പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം കൃഷി സംബന്ധമായ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഹെൽപ് ഡസ്ക് ആരംഭിച്ചു. നെൽകൃഷി, പച്ചക്കറി കൃഷി, ജൈവകൃഷി രീതികൾ, രോഗകീടനിയന്ത്രണം, വളപ്രയോഗം, കളനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് ഹെൽപ് ഡസ്കുമായി ബന്ധപ്പെടാം.
കീടരോഗ നിയന്ത്രണം -ഡോ. കെ.വി. സുമിയ 9446211346.
പച്ചക്കറി കൃഷി -ഡോ. ജെ. രശ്മി - 9496827965.
കാർഷിക യന്ത്രവത്കരണം -ഡോ. ഗിൽഷാഭായ് ഇബി - 9495062840.
വിള പരിചരണം കളനിയന്ത്രണം -ഡോ. ശ്രീലക്ഷ്മി - 9447822656.
പഴം പച്ചക്കറി സംസ്കരണം -ഡോ. ആർ. രശ്മി - 9895229545.
കാലിവളർത്തൽ - ഡോ. സ്മിജിഷ - 9495667349.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.