പ​ല്ലാ​വൂ​ർ ജി.​എ​ൽ.​പി സ്കൂ​ളി​ൽ ഒ​രു​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

പാലക്കാട് മൂന്ന് ലക്ഷത്തോളം കുട്ടികൾ നാളെ വിദ്യാലയങ്ങളിലേക്ക്

പാലക്കാട്: കാലവർഷത്തിന്‍റെ അകമ്പടിയിൽ പുതിയ അധ്യയന വർഷത്തിന് ബുധനാഴ്ച തുടക്കമാവും. രണ്ടു വർഷത്തെ ഓൺലൈൻ പഠനത്തിന് വിരാമമിട്ടാണ് ഇത്തവണ വിദ്യാലയങ്ങൾ സജീവമാകുന്നത്. അധ്യയന വർഷാരംഭത്തിന്‍റെ ഒരുക്കം പൂർത്തിയായി. സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവൃത്തികൾ ഏതാണ്ട് എല്ലായിടങ്ങളിലും പൂർത്തിയായി. പ്രവേശന നടപടികളും അന്തിമ ഘട്ടത്തിലാണ്.

ചൊവ്വാഴ്ചക്കകം കെട്ടിടത്തിന്‍റേയും വാഹനങ്ങളുടേയും ഫിറ്റ്നസ് നേടണമെന്നാണ് നിർദേശം. ജില്ലയിൽ ആകെ 1002 വിദ്യാലയങ്ങളുണ്ട്. ഇവയിൽ 333 എണ്ണം സർക്കാർ സ്കൂളുകളും 585 എയ്ഡഡും 84 അൺ എയ്ഡഡുമാണ്. കഴിഞ്ഞ വർഷം ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 2,91,639 കുട്ടികളാണ് ഉണ്ടായിരുന്നത്. 1,49,218 ആണും 1,42,421 പെണ്ണും. ഇത്തവണ കുട്ടികളുടെ എണ്ണം മൂന്നു ലക്ഷം കവിയുമെന്നാണ് അനുമാനം.

ഈ വർഷം അഡ്മിഷൻ നേടിയ കുട്ടികളുടെ എണ്ണം ഉൾപ്പെടെയുള്ള കണക്ക് ആറാംപ്രവൃത്തി ദിവസം മാത്രമേ ലഭിക്കുകയുള്ളൂ. ഇതിനകം ലഭിച്ച വിവരങ്ങൾ വെച്ച് പൊതു വിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും കൂടുമെന്നാണ് സൂചന. അധ്യാപക-വിദ്യാർഥി അനുപാതം കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ നിജപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലെ മുഴുവൻ കുട്ടികളുടേയും യു.ഐ.ഡി ആറാം പ്രവൃത്തി ദിവസത്തിനു മുമ്പായി ശേഖരിക്കണം.

കഴിഞ്ഞ രണ്ടു വർഷവും ഓൺലൈൻ ക്ലാസുകൾ ആയതിനാൽ ആറാംപ്രവൃത്തി ദിവസം ശരിയായ രീതിയിലുള്ള കുട്ടികളുടെ വിവരശേഖരണം നടന്നിരുന്നില്ല.

മാർഗനിർദേശങ്ങൾ

  • കുട്ടികൾ ക്ലാസിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ചു വിവരം തിരക്കണം
  • വിദ്യാലയത്തിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ഗതാഗത സൂചന ബോർഡുകൾ
  • എന്നിവ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിന്‍റെ സഹായം തേടണം
  • സ്കൂൾ പരിസരത്തെ കടകളിൽ പൊലീസ് കൃത്യമായ പരിശോധന നടത്തുകയും ലഹരി വിൽപനയില്ലെന്ന് ഉറപ്പാക്കുകയും വേണം
  • കുട്ടികൾ സഞ്ചരിക്കുന്ന വാഹനത്തിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം

ജില്ലതല പ്രവേശനോത്സവം കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസില്‍

പാലക്കാട്: ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കഞ്ചിക്കോട് ജി.വി.എച്ച്.എസ് സ്കൂളില്‍ നടക്കുന്ന ജില്ലതല സ്കൂള്‍ പ്രവേശനോത്സവം രാവിലെ 9.30ന് വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കും.

എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

ജില്ലതല പ്രവേശനോത്സവം നടക്കുന്ന കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസില്‍ ഒരുക്കം അവസാനഘട്ടത്തിലാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പെയിന്‍റിങ് എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. കുട്ടികള്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചു വരണമെന്നും കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി എല്ലാ വിദ്യാര്‍ഥികളും സാനിറ്റൈസ് ചെയ്തുവെന്ന് ഉറപ്പു വരുത്തുമെന്നും ഹെഡ്മാസ്റ്റര്‍ അറിയിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കഞ്ചിക്കോട് ക്ലസ്റ്റര്‍ പരിധിയില്‍ വരുന്ന സ്കൂള്‍കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.