പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായതോടെ നെല്ലറയുടെ നാട്ടിൽ ഇനി രണ്ടാഴ്ച പോരാട്ടത്തിന്റെ ഉത്സവമാണ്. ജില്ലയിലെ 109 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2,116 നിയോജകമണ്ഡലത്തിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ മത്സരരംഗത്തുള്ളത് 6724 സ്ഥാനാർഥികൾ. ഇതിൽ 3,262 പുരുഷൻമാരും 3,462 സ്ത്രീകളുമാണ്.
88 ഗ്രാമപഞ്ചായത്തുകളിലെ 1636 വാർഡുകളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ 2,502 പുരുഷൻമാരും 2,676 സ്ത്രീകളും ഉൾപ്പെടെ 5,178 പേർ മത്സരത്തിനുണ്ട്. 24 വാർഡ് ഉള്ള ഓങ്ങല്ലൂർ പഞ്ചായത്തിലാണ് കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് - 95 പേർ ഇവിടെ 24 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുണ്ട്. 14 വാർഡ് വീതമുള്ള വെള്ളിനേഴി, ഷോളയൂർ പഞ്ചായത്തിലാണ് കുറവ് സ്ഥാനാർഥികളുള്ളത്. ഇവിടെ 41 പേർ വീതമാണ് അങ്കത്തിനുള്ളത്.
13 ബ്ലോക്ക് പഞ്ചായത്തിലെ 200 ഡിവിഷനുകളിലേക്ക് 630 പേരാണ് മത്സരിക്കുന്നത്. 18 ഡിവിഷനുള്ള മണ്ണാർക്കാടാണ് കുടുതൽ മത്സരാർഥികളുള്ളത്. ഇവിടെ 58 സ്ഥാനാർഥികളുണ്ട്. കുറവ് നെന്മാറ, കുഴൽമന്ദം, ശ്രീകൃഷ്ണപുരം ബ്ലോക്കുകളിലാണ്. 14 ഡിവിഷൻ വീതമുളള ഇവിടെ 44 വീതം സ്ഥാനാർഥികളുണ്ട്.
31 ഡിവിഷനുള്ള ജില്ല പഞ്ചായത്തിലേക്ക് 118 പേർ മത്സരിക്കുന്നുണ്ട്. ഏഴ് നഗരസഭകളിലായി 249 നിയോജമണ്ഡലങ്ങളിലേക്ക് 783 പേരാണ് മത്സരിക്കുന്നത്. ഇതിൽ 379 പുരുഷൻമാരും 404 സ്ത്രീകളുമാണ്. 53 വാർഡുള്ള പാലക്കാട് നഗരസഭയിലേക്ക് 181 പേർ മത്സരിക്കുന്നുണ്ട്. കുറവ് പട്ടാമ്പിയിലാണ് -29 വാർഡുകളിലേക്ക് 77 പേരാണ് മത്സരിക്കുന്നത്.
തദ്ദേശ സ്ഥാപനം, വാർഡ് എണ്ണം, സ്ഥാനാർഥികളുടെ എണ്ണം,
ബ്രാക്കറ്റിൽ പുരുഷൻ, സ്ത്രീ ക്രമത്തിൽ:
ജില്ല പഞ്ചായത്ത്
31- 118 (60,58)
നഗരസഭ
1. ഷൊർണൂർ 35-108 (50,58)
2. ഒറ്റപ്പാലം 39-127 (63,64)
3. പാലക്കാട് 53-181 (89,92)
4. ചിറ്റൂർ-തത്തമംഗലം 30-91(40,51)
5. പട്ടാമ്പി 29 -77 (34,43)
6. ചെർപ്പുളശ്ശേരി 33-106(54,52)
7. മണ്ണാർക്കാട് 30-93(49,44)
േബ്ലാക്ക് പഞ്ചായത്തുകളിലേക്ക് 630 പേർ
പാലക്കാട്: നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ ജില്ലയിലെ 13 േബ്ലാക്ക് പഞ്ചായത്തുകളിൽനിന്ന് 630 പേർ ജനവിധിക്ക് കാത്തുനിൽക്കുന്നു. ഇതിൽ 317 പുരുഷ സ്ഥാനാർഥികളും 313 സ്ത്രീകളുമാണ്. നിലവിൽ 11 േബ്ലാക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫ് ആധിപത്യമാണുള്ളത്.
തൃത്താല
തൃത്താല േബ്ലാക്ക് പഞ്ചായത്തിൽ അവസാന അങ്കത്തിനായി 16 മണ്ഡലത്തിലായി 51 അംഗങ്ങൾ അവശേഷിക്കുന്നു. അംഗീകരിച്ച പത്രികകളിലെ അംഗങ്ങൾ എല്ലാവരും മത്സരരംഗത്തുണ്ട്. 27 പുരുഷൻമാർ ജനവിധി തേടുമ്പോൾ 24 സ്ത്രീകളാണ് മത്സരത്തിനായുള്ളത്.
പട്ടാമ്പി
പട്ടാമ്പി േബ്ലാക്ക് പഞ്ചായത്തിൽ 52 പേരാണ് ജനവിധിക്കായി കാത്തുനിൽക്കുന്നത്. പത്രിക അംഗീകരിച്ച 16 മണ്ഡലങ്ങളിലെ എല്ലാവരും മത്സര രംഗത്തുണ്ട്. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാർ മത്സരിക്കുന്ന േബ്ലാക്ക് പഞ്ചായത്തുകൂടിയാണ് പട്ടാമ്പി.
22 സ്ത്രീകൾ ജനവിധി തേടുമ്പോൾ 30 പുരുഷൻമാരാണ് രംഗത്തുള്ളത്. ജില്ലയിൽ കൂടുതൽ പുരുഷൻമാർ മത്സരത്തിനുള്ളതും പട്ടാമ്പിയിലാണ്. ഇവിടെ ഒരു സ്ത്രീയുടെ പത്രിക തള്ളിപ്പോയിരുന്നു.
ഒറ്റപ്പാലം
ഒറ്റപ്പാലത്ത് അംഗീകരിച്ച പത്രികകളിലെ 55 അംഗങ്ങളും മത്സരരംഗത്ത് അവശേഷിക്കുന്നു. 16 മണ്ഡലങ്ങളിലായി 28 പുരുഷൻമാരും 27 സ്ത്രീകളുമാണ് ജനവിധി തേടുന്നത്. ആരുടെയും പത്രിക തള്ളിപ്പോയില്ല.
ശ്രീകൃഷ്ണപുരം
ശ്രീകൃഷ്ണപുരം േബ്ലാക്ക് പഞ്ചായത്തിൽ 14 മണ്ഡലങ്ങളിലേക്ക് 44 പേരാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. ഇവരിൽ 25 പുരുഷൻമാരും 19 സ്ത്രീകളുമാണ്. പുരുഷ സ്ഥാനാർഥികളാണ് ഇവിടെയും കൂടുതൽ.
മണ്ണാർക്കാട്
മണ്ണാർക്കാട്ട് 58 പേരുടെ പത്രികകൾ അംഗീകരിച്ചപ്പോൾ പിൻവലിക്കാനുള്ള തീയതി കഴിഞ്ഞപ്പോഴും 58 പേരും രംഗത്തുണ്ട്. 18 മണ്ഡലങ്ങളിലേക്കായി 30 പുരുഷൻമാരും 28 സ്ത്രീകളുമാണ് ജനവിധിക്കായി കാത്തു നിൽക്കുന്നത്.
അട്ടപ്പാടി
അംഗീകരിച്ച 46 മത്സരാർഥികളിൽ 45 പേരാണ് അട്ടപ്പാടി േബ്ലാക്ക് പഞ്ചായത്തിൽ അവശേഷിക്കുന്നത്. 22 പുരുഷൻമാരും 23 സ്ത്രീകളും. ഒരു സ്ത്രീ പത്രിക പിൻവലിച്ചു. 14 മണ്ഡലങ്ങളിലേക്കാണ് 45 പേർ ജനവിധി തേടുന്നത്.
പാലക്കാട്
സൂക്ഷ്മ പരിശോധനയിൽ ഒരു സ്ത്രീയുടെ പത്രിക തള്ളിയ പാലക്കാട് 47 പേരാണ് മത്സരരംഗത്തുള്ളത്. 21 പുരുഷൻമാർ രംഗത്തുള്ളപ്പോൾ 26 സ്ത്രീകളാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. 15 മണ്ഡലങ്ങളിലേക്കാണ് പാലക്കാട്ട് മത്സരം. നിലവിൽ എൻ.ഡി.എക്ക് രണ്ട് അംഗങ്ങളുള്ള ജില്ലയിലെ ഏക േബ്ലാക്ക് പഞ്ചായത്തുകൂടിയാണ് പാലക്കാട്.
കുഴൽമന്ദം
44 പേർ അവശേഷിക്കുന്ന കുഴൽമന്ദം േബ്ലാക്ക് പഞ്ചായത്തിൽ 21 പുരുഷൻമാരും 23 സ്ത്രീകളുമാണ് മത്സരത്തിനുള്ളത്. 14 മണ്ഡലങ്ങളിലേക്കാണ് ഈ 44 പേർ രംഗത്തിറങ്ങുന്നത്.
ചിറ്റൂർ
24 സ്ത്രീകളും 24 പുരുഷൻമാരുമാണ് ചിറ്റൂരിൽ അങ്കത്തട്ടിൽ അവശേഷിക്കുന്നത്. 15 മണ്ഡലങ്ങളിലേക്കാണ് ഈ 48 പേർ ജനവിധി തേടുന്നത്.
കൊല്ലങ്കോട്
13ൽനിന്ന് 15 മണ്ഡലങ്ങളായി വർധിച്ച കൊല്ലങ്കോട് േബ്ലാക്ക് പഞ്ചായത്തിൽ 47 പേരാണ് ജനവിധി തേടുന്നത്. 24 സ്ത്രീകളും 23 പുരുഷൻമാരും മത്സര രംഗത്തുണ്ട്.
നെന്മാറ
14 മണ്ഡലങ്ങളുള്ള നെന്മാറ േബ്ലാക്ക് പഞ്ചായത്തിൽ 44 പേർ ജനവിധിയറിയാൻ നിൽക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിലായി 20 പുരുഷൻമാർ മത്സരരംഗത്തുള്ളപ്പോൾ സ്ത്രീ പ്രാതിനിധ്യം 24 ആണ്.
മലമ്പുഴ
മലമ്പുഴ േബ്ലാക്ക് പഞ്ചായത്തിൽ 15 മണ്ഡലങ്ങളിലേക്കായി 47 പേരാണ് പോരിനിറങ്ങുന്നത്. 22 പുരുഷൻമാരും 25 സ്ത്രീകളുമാണ്. രണ്ട് പുരുഷൻമാരുടെ പത്രിക നേരത്തെ തള്ളിപ്പോയിരുന്നു.
ആലത്തൂർ
ആലത്തൂരിൽ അന്തിമ പട്ടികയിൽ 48 പേർ അവശേഷിക്കുന്നു. ഇവിടെ സ്ത്രീ-പുരുഷ അനുപാതം തുല്യമാണ് -24 പേർ വീതം. ആലത്തൂരും ഒരു പുരുഷ പത്രിക തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.