കാട്ടുതീ നിരീക്ഷണം: ഏറുമാടവുമായി വനപാലകർ

വടക്കഞ്ചേരി: കാട്ടുതീ നിരീക്ഷണത്തിന്​ ഏറുമാടമൊരുക്കി വനപാലകർ. മംഗലംഡാം ഫോറസ്​റ്റ് സ്​റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരുമാണ് ഏറുമാടമൊരുക്കിയിരിക്കുന്നത്. വേനൽക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ ഏറുമാടത്തിലിരുന്ന് 24 മണിക്കൂറും നിരീക്ഷിക്കുകയാണ് ലക്ഷ്യം. എർത്ത്ഡാം ചൂരുപാറ റോഡിൽ നന്നങ്ങാടി ഭാഗത്താണ് ഏറുമാടം നിർമിച്ചിരിക്കുന്നത്. മരങ്ങളും മുളയും പനയോലയും പലകയും ചേർത്ത് മരങ്ങളിൽ തമ്മിൽ ബന്ധിപ്പിച്ചാണ് ഏറുമാടമൊരുക്കിയിരിക്കുന്നത്. ഇതിലേക്ക് കയറാനുള്ള ചവിട്ടുപടിയും ഒരുക്കിയിട്ടുണ്ട്. നന്നങ്ങാടിയിൽ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് നിർമിച്ച ഏറുമാടത്തിൽ ഇരുന്ന് നോക്കിയാൽ വനംവകുപ്പിന് കീഴിലുള്ള 32.35 സ്ക്വയർ കിലോമീറ്റർ ഭൂമിയുടെ ഏറിയ ഭാഗവും കാണാനാവും. പ്രധാന വനമേഖലയായ കുഞ്ചിയാർപതി, പപ്പടപ്പാറ, വട്ടപ്പാറ, ചുരുപാറ, മണ്ണെണ്ണക്കയം, വി.ആർ.ടി തുടങ്ങിയ പ്രദേശങ്ങൾ കൃത്യമായി ഏറുമാടത്തിൽനിന്ന്​ കാണാനാവുമെന്ന്​ അധികൃതർ പറഞ്ഞു. ഡെപ്യൂട്ടി റേഞ്ചർ കെ. അഭിലാഷി​ൻെറ നേതൃത്വത്തിൽ വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും ചേർന്നാണ് ഏറുമാടം ഒരുക്കിയത്. കഴിഞ്ഞവർഷവും ഇവിടെ ഇത്തരത്തിൽ ഇവിടെ ഏറുമാടം ഒരുക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.