ശ്രീനിവാസൻ വധം: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് മേലാമുറി സ്വദേശി ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ സമാന്തര ടെലിഫോൺ എക്‌സ്‌ചഞ്ചുകൾ കേന്ദ്രീകരിച്ച് അന്വേഷണം. ഒളിവിൽ കഴിയുന്ന പ്രതികൾ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും സമാന്തര എക്സ്ചേഞ്ചുകൾ വഴി ആശയവിനിമയം നടത്തുന്നതായി സൂചന ലഭിച്ച സാഹചര്യത്തിലാണ്​ അന്വേഷണ സംഘത്തിന്‍റെ നടപടി. നിലവിൽ പൊലീസ് കണ്ടെത്തിയ ഇത്തരം എക്‌സ്‌ചേഞ്ചുകളുടെ വിവരങ്ങൾ അന്വേഷകസംഘം പരിശോധിച്ചുവരികയാണ്​. സംസ്ഥാനത്ത് ഇത്തരം കേസുകളിൽ പിടിയിലാകുന്ന പ്രതികൾക്ക് എസ്​.ഡി.പി.ഐയുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്ന്​ അധികൃതർ പറഞ്ഞു. ഒളിവിലുള്ള 13 പേരിൽ ഒമ്പതു പേർക്കെതിരെ കഴിഞ്ഞ മാസം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പട്ടാമ്പി പരുവക്കാട് അഷ്‌റഫ് (33), ഞാങ്ങാട്ടിരി അബ്ദുൽ റഷീദ് (31), കൊണ്ടൂർക്കര കെ. മുഹമ്മദ് ഹക്കീം (25), കീഴായൂർ കെ.വി. സഹീർ (32), തൃത്താല ഞാങ്ങാട്ടിരിക്കടവ് കെ.പി. അൻസാർ (28), കൽപ്പാത്തി സുന്ദരം കോളനി ജംഷീർ (29), ശംഖുവാരമേട് കാജാഹുസൈൻ (35), നൂറണി വെണ്ണക്കര ടി.ഇ. ബഷീർ (43), ചടനാംകുറിശ്ശി എച്ച്. നൗഷാദ് (39) എന്നിവർക്കെതിരെയാണ് നോട്ടീസ്. കേസിലെ മുഖ്യആസൂത്രകനായി കരുതപ്പെടുന്ന ലുക്ക്ഔട്ട് നോട്ടീസിലുള്ള അബ്ദുൽ റഷീദിന് കൊലപാതകശേഷം സാമ്പത്തിക സഹായം നൽകിയതായി കാണിച്ച്​ എസ്.ഡി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ ഡൽഹിയിലെ കനറാ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. വിദേശ കോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തെ മൊബൈൽ കോളാക്കി മാറ്റുന്നതാണ് സമാന്തര ടെലിഫോൺ എക്‍സ്ചേഞ്ച് പ്രവർത്തനം. സംസ്ഥാനത്ത് പലയിടത്തും ഇവ പ്രവർത്തിക്കുന്നതായാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 16നാണ്‌ ശ്രീനിവാസനെ മേലാമുറിയിലെ എസ്‌.കെ.എസ് ഓട്ടോസിൽ മൂന്ന് ഇരുചക്രവാഹനങ്ങളിൽ എത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.