പന്തളം: തുടർച്ചയായി എം.സി റോഡിൽ വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം സർവേ ആരംഭിച്ചു. വൈകാതെ അപകടമേഖലകളുടെ ഗൂഗിൾ മാപ്പ് പ്രസിദ്ധീകരിക്കും.
ഡൗൺലോഡ് ചെയ്യുന്നവർക്ക് ജില്ലയിലെ അപകട മേഖലകളെ തിരിച്ചറിയാം. അപകട മേഖല തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വാഹനം ഓടിക്കാം. മൂന്നു വർഷത്തിനുള്ളിൽ അഞ്ചിൽ കൂടുതൽ ഗുരുതര അപകടങ്ങൾ ഉണ്ടായ മേഖലകളെയാണ് ക്ലസ്റ്ററുകളിൽ ഉൾപ്പെടുത്തുന്നത്.
എം.സി റോഡിൽ ഏനാത്ത് മുതൽ കുളനട മാന്തുക വരെ അപകടമേഖലകൾ കൂടുതലെന്നാണ് പ്രാഥമിക വിവരം. മൂന്നു വർഷത്തിനുള്ളിൽ ഗുരുതര അപകടങ്ങളാണ് ഉണ്ടായത്. പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള രേഖകൾ പ്രകാരമാണ് സർവേ തയാറാക്കുന്നത്. ഒരാഴ്ചക്കുള്ളിൽ സർവേ പൂർത്തിയാക്കാനാണ് ഉന്നതതല നിർദേശം.
സുരക്ഷിത ഇടനാഴിയാക്കി എം.സി റോഡ് നവീകരിച്ച ശേഷം നൂറിലേറെപ്പേർ വാഹനാപകടങ്ങളിൽ മരിച്ചതായാണ് വിവരം. കഴിഞ്ഞ ആറു മാസമായി ജില്ലയിൽ ഏറ്റവും അധികം അപകടങ്ങൾ എം.സി റോഡിലാണ്. അന്തിമ കണക്കുകൾ തയാറാക്കി വരുന്നു. എം.സി റോഡിൽ വാഹന പരിശോധന കർശനമാക്കാൻ കഴിഞ്ഞ ദിവസം ആർ.ടി.ഒയും പൊലീസും തീരുമാനിച്ചിരുന്നു. ഒട്ടുമിക്ക അപകടങ്ങളും രാത്രിയിലും പുലർച്ചയുമാണ് സംഭവിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.