മലപ്പുറം: കുട്ടികളുടേതുൾപ്പെടെ അശ്ലീല വിഡിയോകൾ ടെലഗ്രാം വഴി വിൽപന നടത്തിയ യുവാവിനെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാനാണ്(20) അറസ്റ്റിലായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബർ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പോക്സോ, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്ട് അടക്കം വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുമ്പ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും പ്രതി അറസ്റ്റിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി എസ്. അഷാദിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ചിത്തരഞ്ജൻ, എസ്.ഐമാരായ നജുമുദ്ദീൻ, അബ്ദുൽ ലത്തീഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീപ്രിയ, അരുൺ, റിജിൽ, ജസീം, രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.