മലപ്പുറം: ഖര, ദ്രവ്യ, ജൈവ, ഇ-മാലിന്യ സംസ്കരണ പരിപാലന നിയമ ഭേദഗതിക്ക് നഗരസഭ കൗൺസിൽ അംഗീകാരം. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം അധ്യക്ഷനായ നിയമ ഭേദഗതി സബ് കമ്മിറ്റിയുടെ നിർദേശങ്ങളാണ് ശനിയാഴ്ച നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയുടെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചത്. ഇതനുസരിച്ച് ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾക്ക് ഉള്ള യൂസർ ഇനത്തിൽ 50 രൂപയും, സ്ഥാപനങ്ങൾ 100 രൂപയും നൽകേണ്ടിവരും.
സ്ഥാപനങ്ങളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങളുടെ തോതനുസരിച്ച് യൂസർ ഫീ നിശ്ചയിക്കാനുള്ള അധികാരം നഗരസഭ സെക്രട്ടറിയോ ചുമതലപ്പെട്ട ഉദ്യോഗസ്ഥരോ നിശ്ചയിക്കുന്നത് ആയിരിക്കും. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ, ഏജൻസികൾ എന്നിവയെ യൂസർ ഫീ ഇനത്തിൽ ഫീസ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കും. 100ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പൊതു, സ്വകാര്യ പരിപാടികളിലെ ജൈവ മാലിന്യങ്ങൾ സംഘാടകരുടെ ഉത്തരവാദിത്വത്തിൽ സംസ്കരിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം 5,000 മുതൽ 50,000 രൂപ വരെ പിഴ ഈടാക്കുന്നതിനും സബ് കമ്മിറ്റി നിയമം ഭേദഗതി ചെയ്തു.
പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനുള്ള പിഴ വീടുകൾക്ക് 1,000 രൂപയും, സ്ഥാപനങ്ങളിലോ- പൊതുസ്ഥലങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടന്നാൽ 2,000 രൂപ വരെ പിഴ ഈടാക്കും. ഇതേ കുറ്റം രണ്ടാമതും ആവർത്തിക്കപ്പെട്ടാൽ യഥാക്രമം 2,500, 5,000, 5,000 എന്ന നിരക്കിലും, മൂന്നാമതും ഇതേ കുറ്റം ആവർത്തിക്കുന്ന പക്ഷം 5,000, 10,000, 10,000 എന്ന നിരക്കിലും പിഴ ഈടാക്കുന്നതിന് സബ് കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ഭേദഗതി നഗരസഭ കൗൺസിൽ അംഗീകരിച്ചതോടെ ജൂൺ ഒന്ന് മുതൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും. കെ.പി.എ.ശരീഫ്, ഇ.പി. സൽമ, കെ.എം. വിജയലക്ഷ്മി എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.