വാ​ഗ​ൺ ട്രാ​ജ​ഡി സ്മാ​ര​ക ഹാ​ൾ

സ്വാതന്ത്ര്യപോരാട്ടത്തിൽ ദുരന്ത സ്മരണയായി വാഗണ്‍ കൂട്ടക്കൊല

തിരൂർ: സ്വാതന്ത്ര്യ സമരത്തിന്‍റെ ജ്വലിക്കുന്ന ഓർമയിൽ തിരൂരിന്‍റെ സ്ഥാനം വലുതാണ്. സമരത്തിലെ പ്രധാന ഏടുകളിലൊന്നായ വാഗണ്‍ കൂട്ടക്കൊലയുടെ ദുരന്ത സ്മരണക്ക് നൂറ്റാണ്ട് പിന്നിട്ടു. 1921കളിലെ മാപ്പിള സമരത്തെ ബ്രിട്ടീഷുകാര്‍ നിഷ്ഠുരമായി നേരിട്ടതിന്‍റെ നടുക്കുന്ന ഓര്‍മകളാണ് വാഗണ്‍ കൂട്ടക്കൊലക്ക്. മലബാറിലെ ഹിന്ദുക്കളും ഈ സമരത്തില്‍ പങ്കാളികളായിരുന്നു.

100 വര്‍ഷം പൂര്‍ത്തിയായിട്ടും സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഉജ്ജ്വല ഏടുകളിലൊന്നായ വാഗണ്‍ സ്മരണയെയും മലബാര്‍ ചെറുത്തുനിൽപിനെയും ചരിത്രത്തില്‍നിന്ന് വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടക്കുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത സ്വാതന്ത്ര്യ സമര പോരാട്ടമായ വാഗണ്‍ കൂട്ടക്കൊല സമര യോദ്ധാക്കളെ പോലും ചരിത്രരേഖയില്‍നിന്ന് നീക്കംചെയ്തു. മാപ്പിള സമരത്തെ തുടര്‍ന്ന് 1921 നവംബറില്‍ ബ്രിട്ടീഷ് പട്ടാളം കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ തിരൂരില്‍നിന്ന് റെയിൽവേയുടെ ചരക്ക് വാഗണില്‍ കുത്തിനിറച്ചു കൊണ്ടുപോയ തടവുകാര്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗണ്‍ കൂട്ടക്കൊല. കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എം.എസ്.എം -എല്‍.വി റെയില്‍വേയുടെ 1711ാം നമ്പര്‍ വാഗണില്‍ നവംബര്‍ 19ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ഇരുട്ടറയില്‍ തള്ളിക്കയറ്റി കോയമ്പത്തൂരിലേക്ക് അയക്കുകയായിരുന്നു. അതില്‍ അഞ്ച് ഹിന്ദുക്കളുമുണ്ടായിരുന്നു. പോത്തന്നൂരിൽവെച്ച് വാഗണ്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ദാരുണമായിരുന്നു. പരസ്പരം മാന്തിപ്പൊളിച്ചും കണ്ണുകള്‍ തുറിച്ചും കെട്ടിപ്പുണര്‍ന്നും മരണം വരിച്ച 64 മൃതദേഹങ്ങള്‍. ബാക്കിയുള്ളവര്‍ ബോധരഹിതരായിരുന്നു. എട്ടുപേര്‍ കൂടി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.

ശേഷിച്ച 28 പേരെ തടവുകാരാക്കി. തിരൂരിലെ കോരങ്ങത്ത് ജുമുഅത്ത് പള്ളിയിലും കോട്ട് ജുമുഅത്ത് പള്ളിയിലുമാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. ഹൈന്ദവ സഹോദരങ്ങളെ മുത്തൂരിലും സംസ്കരിച്ചു. അക്കരവീട്ടില്‍ കുന്നുംപള്ളി അച്യുതന്‍ നായര്‍, കിഴക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണി പുറവന്‍, ചോലകപറമ്പില്‍ ചെട്ടിച്ചിപ്പു, മേലടത്ത് ശങ്കരന്‍ നായര്‍ എന്നിവരാണ് വാഗണ്‍ കൂട്ടക്കൊലയില്‍ ജീവന്‍ പൊലിഞ്ഞ ഹൈന്ദവ സഹോദരങ്ങള്‍.

മലബാര്‍ കലാപം എന്ന പേരില്‍ ഇറങ്ങിയ രണ്ടു പുസ്തകങ്ങളില്‍ വാഗണ്‍ ട്രാജഡി നടന്നത് 1921 നവംബര്‍ 20 എന്നാണ് രേഖപ്പെടുത്തിയത്. വാഗണ്‍ ദുരന്തത്തിലെ രക്തസാക്ഷികളായവരെ അനുസ്മരിച്ച് കൊല്ലപ്പെട്ട 70 പേരുടെ നാമത്തില്‍ തിരൂര്‍ നഗരസഭ പണിത വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍ 1987 ഏപ്രില്‍ ആറിനാണ് ഉദ്ഘാടനം ചെയ്തത്. അതില്‍ എഴുതിവെച്ച രക്തസാക്ഷികളുടെ പേരുവിവര പട്ടിക 1993 മാര്‍ച്ച് 20ന് അനാച്ഛാദനം ചെയ്തു. 100 വര്‍ഷം പൂര്‍ത്തിയാവുന്ന സമയത്ത് വാഗണ്‍ ട്രാജഡി സ്മരണക്ക് നിയമസഭയില്‍ വാഗണ്‍ കൂട്ടക്കുരുതിയെന്ന് പറഞ്ഞ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നീതിയുക്തമായ പേര് മലബാറിന്‍റെ ഉജ്ജ്വല പോരാട്ടത്തിന് നല്‍കിയിരുന്നു. 

Tags:    
News Summary - Wagon massacre as a tragic memory in freedom struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.