കരുളായി: വനമേഖലയോട് ചേർന്നുകിടക്കുന്ന കരുളായി പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും ഇന്ന് കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. സൂര്യനസ്തമിക്കുന്നതോടെ കൂട്ടമായും ഒറ്റയായും നാട്ടിലിറങ്ങുന്ന കാട്ടാനകൾ നേരം പുലർന്നാലും കാടുകയറാത്ത അവസ്ഥയാണ്. കരുളായി പഞ്ചായത്തിലെ മൈലമ്പാറ പനിച്ചോല തെക്കെ മുണ്ട, ചെറുപുഴ, പിലാക്കൽ, കിണറ്റിങ്ങൽ, ഒഴലക്കൽ, സുന്ദരി മുക്ക്, കല്ലാത്തോട് മുക്ക് തുടങ്ങി പല പ്രദേശങ്ങളിലും കാട്ടാനകൾ നിത്യ സന്ദർശകരാണ്.
രാത്രിയായാൽ കരിമ്പുഴ കടന്നെത്തുന്ന കാട്ടാന കൂട്ടം നാട്ടിലെ കാർഷിക വിളകൾ ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്താണ് തിരിച്ചുപോകുന്നത്. വനം വകുപ്പ് അധികൃതരും സ്വകാര്യ കൃഷി ഉടമകളും സൗരോർജ തൂക്കുപ്പാലവും വേലികളും സ്ഥാപിച്ച് ശല്യമൊഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഇതെല്ലാം തകർത്താണ് കാട്ടാനകൾ നാട്ടിലെത്തുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കരുളായി ചെറുപാലം വരെയെത്തിയ പത്തിലധികം കാട്ടാനക്കൂട്ടം നേരം പുലർന്നിട്ടും തിരിച്ചുപോകാതിരുന്നത് നാട്ടുകാരിൽ ആശങ്കയും ഭീതിയും ഉയർത്തിയിരുന്നു.
ചെറുപുഴ അങ്ങാടിയിൽ ഇറങ്ങിയ ഒറ്റയാനും ബൈക്ക് തള്ളിയിട്ട് ഭീതി പരത്തിയിരുന്നു. കാർഷിക വിളകൾ നശിപ്പിക്കുന്നതോടൊപ്പം മനുഷ്യന്റെ ജീവനും കാട്ടാനകൾ ഭീഷണിയാവുന്നുണ്ട്. വേനൽക്കാലം വന്നതോടെ നേരം സന്ധ്യയായാൽ വനമേഖലയോട് ചേർന്നു താമസിക്കുന്നവർക്ക് ഏതു സമയവും കാട്ടാനയുടെ ആഗമനം പ്രതീക്ഷിക്കാവുന്ന അവസ്ഥയാണ്. കാട്ടാന ശല്യം ഏറെ രൂക്ഷമാവുമ്പോൾ താൽക്കാലിക വാച്ചർമാരെ നിയോഗിച്ചാണ് വനം വകുപ്പ് പരിഹാരം കാണാറുള്ളത്. എന്നാൽ, ഒന്നോ രണ്ടോ മാസം കൊണ്ട് ഇവരെയും പിരിച്ചുവിടുന്നതാണ് പതിവ്.
മാത്രമല്ല, കാർഷിക വിളകൾ നശിപ്പിച്ചാൽ കർഷകർക്ക് നഷ്ടപരിഹാരമോ മറ്റു ആനുകൂല്യങ്ങളോ ലഭ്യക്കുന്നുമില്ല. ഇതിനാവശ്യമായ നടപടികൾ വേണമെന്ന ആവശ്യവും കർഷകർക്കുണ്ട്. ഈ പ്രദേശങ്ങളിൽ കാട്ടാനകൾ സ്ഥിരമായി തമ്പടിക്കുന്നതിനാൽ തെക്കേമുണ്ട-മൈലമ്പാറ-ചെറുപുഴ-പാലങ്കര വരെ ഏകദേശം 15 കിലോമീറ്ററോളം സൗരോർജ വേലി സ്ഥാപിച്ചാൽ ഒരു പരിധി വരെ കാട്ടാന ശല്യത്തിന് പരിഹാരം കാണാനാകുമെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ വനം മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ആനത്താര മതിയോ ആക്രമണം കുറക്കാൻ വിവിധ നിർമാണ പ്രവൃത്തികളുടെ ഭാഗമായി തടസ്സപ്പെട്ട ആനത്താരകൾ/സഞ്ചാരപാതകൾ പുനഃസ്ഥാപിച്ചാൽ കാട്ടാന ആക്രമണം കുറക്കാൻ കഴിയുമോ എന്നതിലും ആശങ്കയുണ്ട്. നിലവിലെ വനം വകുപ്പിന്റെ പഠന പ്രകാരം ആനത്താരകൾ സജീവമാക്കുന്നതിലുടെ പ്രശ്നം കുറക്കാൻ വഴിയൊരുക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂർ കോവിലകം-ന്യൂ അമരമ്പലം, നിലമ്പൂർ-അപ്പൻകാപ്പ്, നിലമ്പൂർ ‘ഒ’ വാലി-മുതുമല എന്നിവയാണ് ജില്ലയിലെ പ്രധാന ആനത്താരകൾ. നിലമ്പൂർ കോവിലകം-ന്യൂഅമരമ്പലം മാത്രമാണ് ജില്ലയിലേത്. നിലമ്പൂർ-അപ്പൻകാപ്പ്, നിലമ്പൂർ ‘ഒ’ വാലി-മുതുമല എന്നിവ കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്നതാണ്.
മലപ്പുറം: ജില്ലയിൽ ആറ് പഞ്ചായത്തുകളാണ് നിലവിൽ ബഫർ സോൺ പരിധിയിൽ വരുന്നത്. അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, കരുളായി, വഴിക്കടവ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ മേഖലയിൽ ഉൾപ്പെട്ടവരുടെ ആശങ്ക പരിഹരിക്കാൻ ഏന്തെങ്കിലും നടപടി വനസൗഹൃദ സദസ്സിലുണ്ടാകുമോ എന്നതാണ് ജനങ്ങൾ നോക്കുന്ന കാര്യം. ബഫർ സോണുമായി ബന്ധപ്പെട്ട് കരിമ്പുഴ, സൈലന്റ് വാലി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് 1,855 പരാതികളാണ് ആകെ ലഭിച്ചത്. വീട് നിർമാണം, കൃഷി, എന്നിവയിൽ ആളുകൾ നേരിടുന്ന ആശങ്ക യോഗത്തിൽ ചർച്ചയാകും.
മലപ്പുറം: വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും ചർച്ച നടത്തി പരിഹാരം കാണാനുമായി സർക്കാർ നടത്തുന്ന വനസൗഹൃദ സദസ്സ് ശനിയാഴ്ച രാവിലെ 9.30ന് കരുളായി പി.ജി ഓഡിറ്റോറിയത്തിൽ നടക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കായിക-ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയാവും. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.