തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ബോധവൽക്കരണം നടത്തുന്നു

'കാത്തിരിക്കുന്ന കണ്ണുകൾ നനയാതിരിക്കാൻ'; മോട്ടോർ വാഹനവകുപ്പിന്റെ ജാഗ്രത സന്ദേശം ശ്രദ്ധേയമാവുന്നു

വേങ്ങര: പെരുന്നാൾ തിരക്കിൽ റോഡുകൾ കുരുതിക്കളമാവാതിരിക്കാൻ ജാഗ്രതാ സന്ദേശവുമായി തിരൂരങ്ങാടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. കാത്തിരിക്കുന്ന കണ്ണുകളെ കരയിക്കരുതെന്നും ആഘോഷവേളകളെ ദുരന്തവേദിയാക്കരുത് എന്നുമുള്ള സന്ദേശങ്ങളുയർത്തി നടത്തുന്ന ബോധവൽക്കരണ പരിപാടിയാണ് ശ്രദ്ധേയമാവുന്നത്.

റമദാൻ മാസത്തിൽ നോമ്പ്തുറ സമയത്ത് അപകടങ്ങൾ പതിവാകുന്നതിന്റെ അനുഭവത്തിൽ ഇത്തവണ മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിലും ശക്തമായ ബോധവൽക്കരണം നടത്തിയിരുന്നു. ഏറെ ജനപിന്തുണയാർജ്ജിച്ച ഈ പരിപാടിക്ക് ശേഷമാണ് പുതിയ പദ്ധതിയുമായി ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങിയിട്ടുള്ളത്. ആരാധനാലയങ്ങളിൽ ഭക്തരുടെ സാന്നിധ്യം അധികരിക്കുകയും ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കം ആരംഭിക്കുകയും വിപണി സജീവമാവുകയും ചെയ്ത സാഹചര്യത്തിൽ വാഹനത്തിരക്കും അനിയന്ത്രിതമായിട്ടുണ്ട്.

അമിത വേഗതയും അശ്രദ്ധയും നിയമലംഘനങ്ങളും അപകടങ്ങൾക്ക് വഴിയൊരുക്കുന്നതിന്റെ ഓർമ്മപ്പെടുത്തലുകളും അപകടങ്ങളുടെ ബാക്കിപത്രങ്ങളായ തീരാനഷ്ടങ്ങളുടെ ചിത്രങ്ങളും വരച്ച് കാട്ടുന്ന ബോധവൽക്കരണം ഏറെ ഗുണംചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും ഡ്രൈവർമാർക്ക് വിതരണംചെയ്തു.

തിരൂരങ്ങാടി ജോയിന്‍റ് ആർ.ടി.ഒ.എം.പി അബ്ദുൽ സുബൈർ, എം.വി.ഐമാരായ പി എച്ച് ബിജുമോൻ, എം.കെ പ്രമോദ് ശങ്കർ, എ.എം.വി ഐ മാരായ കെ. സന്തോഷ് കുമാർ, കെ അശോക് കുമാർ, ടി.മുസ്തജാബ്, എൻ.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വേങ്ങര യൂണിവേഴ്സിറ്റി, ചേളാരി, തലപ്പാറ, കൊളപ്പുറം, പൂക്കിപ്പറമ്പ്, കോട്ടക്കൽ, പരപ്പനങ്ങാടി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണം നടത്തിയത്.

Tags:    
News Summary - The warning message of the Department of Motor Vehicles is noteworthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.