പ്രതീകാത്മക ചിത്രം

വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്; മത്സരം യു.ഡി.എഫ് സ്ഥാനാർഥികൾ തമ്മിൽ

വേങ്ങര: തദ്ദേശ തെരഞ്ഞെടുപ്പുകൾ പലപ്പോഴും മുന്നണികൾ തമ്മിലുള്ള മത്സരം എന്നതിനപ്പുറത്ത് മുന്നണിയിൽ വേറിട്ടുനിൽക്കുന്ന പടലകൾ തമ്മിലുള്ള തൊഴുത്തിൽകുത്തിനാണ് സാക്ഷ്യം വഹിക്കാറുള്ളത്. തെരഞ്ഞെടുപ്പിനെ നേരിടുന്ന യു.ഡി.എഫ് മുന്നണിയിൽ മൂന്ന് വാർഡുകളിൽ വിമതശല്യമുണ്ട്. ഒരു വാർഡിൽ ലീഗിനെതിരെ ലീഗ് പ്രവർത്തകൻ തന്നെ സ്ഥാനാർഥിയായുണ്ട്. മറ്റൊരു വാർഡിൽ ലീഗ് സ്ഥാനാർഥിക്ക് റിബൽ ആയി കോൺഗ്രസ് പ്രവർത്തകനും അടുത്ത വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മുസ്‍ലിം ലീഗ് പ്രവർത്തകനും മത്സരിക്കുന്നുണ്ട്. യു.ഡി.എഫിലെ ഇത്തരം പടലപ്പിണക്കങ്ങൾ മുതലാക്കാൻ ശേഷിയില്ലാതെ എൽ.ഡി.എഫും വിയർക്കുന്നുണ്ട്.

1995ലാണ് യു.ഡി.എഫ് സംവിധാനത്തിൽനിന്ന് വിട്ടുനിന്ന് കോൺഗ്രസ് സി.പി.എമ്മുമായി ചേർന്ന് സാമ്പാർ മുന്നണിയായി മത്സരത്തെ നേരിട്ടത്. എതിർപക്ഷത്ത് ലീഗ് ഒറ്റക്കു മത്സരിക്കുകയും ചെയ്തു. എന്നാൽ 2000ൽ ലീഗും സി.പി.എമ്മും ചേർന്ന് അടവുനയം എന്ന് പേരിട്ട് മുന്നണിയായി. കോൺഗ്രസ് ഒറ്റക്ക് മത്സരിച്ച് എട്ടു സീറ്റും നേടി. 2005ലും 2010ലും യു.ഡി.എഫ് സംവിധാനത്തിൽ ലീഗും കോൺഗ്രസും ഭായി ഭായിയായി തെരഞ്ഞെടുപ്പിനെ നേരിട്ടു.

2015 ആയപ്പോഴേക്കും ലീഗും കോൺഗ്രസും വീണ്ടും തെറ്റി. കോൺഗ്രസ് സി.പി.എമ്മുമായി ചേർന്ന് അടവുനയം രൂപപ്പെടുത്തി. മറുഭാഗത്ത് ലീഗ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. അടവുനയം പൊട്ടിപ്പാളീസാവുകയും ലീഗ് സീറ്റുകൾ തൂത്തുവാരുകയും ചെയ്തു. 2020ൽ യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് വമ്പിച്ച വിജയം നേടി. 24 വാർഡുകളിലും മത്സരിച്ചെങ്കിലും എൽ.ഡി.എഫ് ഒറ്റ സീറ്റിലേക്ക് ചുരുങ്ങി. മൂന്നു സീറ്റിൽ സ്വതന്ത്രർ ജയിച്ചു കയറിയെങ്കിലും കാലാവധി തീരാനായപ്പോഴേക്ക് രണ്ടുപേർ യു.ഡി.എഫ് പക്ഷം ചേർന്നു.

ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കു കീഴിൽ വികസന പ്രവർത്തനങ്ങൾ നടന്നുവെങ്കിലും ചില പ്രധാന പരാതികൾ ബാക്കിയാണ്. അനുയോജ്യമായ 50 സെന്റ് റവന്യൂ ഭൂമി ഉണ്ടായിട്ടും പൊതുശ്മശാനം സ്ഥാപിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പൊതുകളിസ്ഥലം ഇന്നും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നു. ഇത്ര കാലമായിട്ടും വേങ്ങര ടൗണില്‍ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ മാറി വന്ന ഭരണ സമിതികൾക്ക് സാധിച്ചില്ല.

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ തുക ചെലവഴിക്കാൻ കഴിഞ്ഞില്ല. മാർക്കറ്റ് പുനർനിർമാണം ഇ-ടെൻഡർ ഒഴിവാക്കി ഏജൻസിക്ക് നൽകിയതിലൂടെ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായും പരാതിയുണ്ട്. വേങ്ങരയിൽ ശക്തമായ പ്രതിപക്ഷമാവാൻ പോലും എൽ.ഡി.എഫിനാകുന്നില്ലെന്നത് ഭരണത്തിലെ സുതാര്യതക്ക് തടസ്സമാകുന്നുണ്ട്.

Tags:    
News Summary - Vengara Gram Panchayat; The contest is between UDF candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.