ദേശീയപാത 66ൽ നിർമാണം നടക്കുന്ന കൂരിയാട്ട് ആറുവരിപ്പാതയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോൾ ഫോട്ടോ: മുസ്തഫ അബൂബക്കർ
വേങ്ങര: കൂരിയാട് ദേശീയപാത തകർന്നതോടെ കോഴിക്കോട്-തൃശൂർ റൂട്ടിൽ യാത്രാദുരിതം കൂടും. തീരദേശ ഹൈവേ വഴി യാത്ര മാറ്റിയാൽ അവിടെയും ഗതാഗതക്കുരുക്ക് രൂക്ഷമാവും. വർഷത്തിൽ ആറു മാസത്തോളം വെള്ളം കെട്ടിനിൽക്കുന്ന വയൽ പ്രദേശത്ത് അശാസ്ത്രീയമായി 50 അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ ദേശീയപാത അപകടം വിതക്കുമെന്ന് നാട്ടുകാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, പ്രത്യേക രീതിയിൽ ലോക്ക് ചെയ്തു പടുത്തുയർത്തിയ സിമന്റ് കട്ടകളിൽ വിള്ളൽ വീണത് നാട്ടുകാർ നിർമാണ കമ്പനിയായ കെ.എൻ.ആർ.സി.എൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും വിള്ളലുകളിൽ സിമന്റ് കലക്കിയൊഴിച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുകയാണ് അധികൃതർ ചെയ്തത്. ഇപ്പോൾ അപകടം നടന്ന വയലിന് ഒരു കിലോമീറ്റർ അകലെ മാസങ്ങൾക്കുമുമ്പ് പാതയുടെ വശങ്ങൾ 10 അടിയിലധികം ഉയരത്തിൽ അടർന്നുവീണിരുന്നു.
ഇവിടെയും മണ്ണ് മാറ്റി സിമന്റ് തേച്ചുപിടിപ്പിച്ചു എന്നല്ലാതെ മണ്ണിടിഞ്ഞുവീഴാതിരിക്കാൻ അധികൃതർ ഒന്നും ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു. 50 അടിയോളം ഉയരത്തിൽ നെൽവയലിന് കുറുകെ കെട്ടിപ്പൊക്കിയ അണക്കെട്ട് കണക്കെയുള്ള പാത ഗതാഗത യോഗ്യമാക്കണമെങ്കിൽ മാസങ്ങളുടെ അധ്വാനം വേണ്ടി വരുമെന്ന് തൊഴിലാളികൾ പറയുന്നു.
ഇത് വഴി ഗതാഗതം തടസ്സപ്പെടുന്നത് മൂലം തൃശൂർ -കോഴിക്കോട് യാത്രക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുക. അതോടൊപ്പം ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ കൂടി തീരദേശ ഹൈവേ വഴി യാത്ര ചെയ്താൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന തീരദേശ ഹൈവേയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.