വട്ടപ്പാറയിൽ സർവിസ് റോഡിനോട് ചേർന്ന് നിർമിച്ച ഡ്രൈനേജിലൂടെ വെള്ളവും ചളിയും വീട്ടുമുറ്റത്ത് ഒഴുകിയെത്തിയ നിലയിൽ
വളാഞ്ചേരി: ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ദുരിതത്തിലായി വട്ടപ്പാറ നിവാസികൾ. മഴ ആരംഭിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തുനിന്നും മഴ വെള്ളത്തോടൊപ്പം മണ്ണും ചളിയും ഒലിച്ചിറങ്ങി വളാഞ്ചേരി നഗരസഭയിലെ വട്ടപ്പാറ മേഖലയിലെ വീടുകളിലും കിണറുകളിലും എത്തുന്നു. 32, 33 വാർഡ് നിവാസികൾക്കാണ് ഏറ്റവും കൂടുതൽ ദുരിതം.
മഴ വെള്ളപ്പാച്ചിലിൽ വട്ടപ്പാറയുടെ ഇരുഭാഗത്തുമുള്ള വടക്കേകുളമ്പ്, വട്ടപ്പാറ ഫെയ്മസ് റോഡ്, തുടങ്ങി വിവിധ പ്രദേശത്തെ 150ഓളം വീട്ടുകാരാണ് ദുരിതത്തിലും ഭീതിയിലും കഴിയുന്നത്. സർവിസ് റോഡിനോട് ചേർന്ന് ഇരുഭാഗത്തും ഡ്രൈനേജ് നിർമിച്ചിട്ടുണ്ട്. ഈ ഡ്രൈനേജിൽ കൂടി കുത്തിയൊഴുകി വരുന്ന വെള്ളം നേരെ പറമ്പിലും വീട്ടും മുറ്റത്തും എത്തുകയാണ്. കാലവർഷം കനത്താൽ ഭീതിജനമാവും അവസ്ഥ. മുകൾ ഭാഗത്തുനിന്നും ഡ്രൈനേജിലൂടെയും മറ്റും ഒഴുകിവരുന്ന വെള്ളം തോടുകൾ വഴി ഒഴുക്കിവിടാൻ സംവിധാനം ഒരുക്കാത്തതാണ് പ്രശ്നം.
ഡ്രൈനേജ് ഉണ്ടാക്കി അതിലൂടെ മഴവെള്ളം ഒഴുക്കി കളയുക എന്നല്ലാതെ വെള്ളം എവിടേക്ക് പോകുന്നുവെന്ന് നിർമാണ കമ്പനിക്ക് വിഷയമല്ലന്നാണ് നാട്ടുകാർ പറയുന്നത്. വട്ടപ്പാറ ഇറക്കത്തിൽ സർവിസ് റോഡിന് ഇരുവശത്തും നിർമിച്ച ഡ്രൈനേജുകൾ സമീപപ്രദേശത്തെ തോടുകളിൽ എത്തിച്ചേരുന്ന രീതിയിൽ നീട്ടണമെന്നാണ് വാർഡ് കൗൺസിലർമാരുടെ ആവശ്യം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് വെള്ളപ്പാച്ചിലിൽ ദുരിതബാധിതരായ വീട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.