വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും പ്രചാരണം ഊർജിതമാക്കി. 16 ഡിവിഷനുള്ള ബ്ലോക്കിൽ 10 ഡിവിഷനിൽ ലീഗും നാലിടത്ത് കോൺഗ്രസും രണ്ട് ഡിവിഷനിൽ സി.പി.എമ്മും ജയിച്ചു. ഒരു ഡിവിഷൻ വർധിച്ച് ഇപ്പോൾ 17 ആയി. മുസ്ലിം ലീഗ് 12 ഡിവിഷനിലും കോൺഗ്രസ് അഞ്ചിടത്തും മത്സരിക്കുന്നു. എൽ.ഡി.എഫിൽ ഒരു ഡിവിഷനിൽ സി.പി.ഐയും മറ്റിടങ്ങളിൽ സി.പി.എമ്മും മത്സരിക്കുന്നു. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണം (ജനറൽ) വിഭാഗത്തിനാണ്.
ഡിവിഷൻ 13 നടുവട്ടത്ത് മത്സരിക്കുന്ന കെ.പി. ശങ്കരൻ മാസ്റ്ററാണ് ഇടതുമുന്നണിയിലെ പ്രമുഖൻ. സി.പി.എം ജില്ല കമ്മിറ്റി അംഗവും ലെബ്രറി കൗൺസിൽ ജില്ല സെക്രട്ടറിയുമാണ് ശങ്കരൻ മാസ്റ്റർ. കോൺഗ്രസിലെ അഷറഫ് രാങ്ങാട്ടൂരാണ് യു.ഡി.എഫ് സ്ഥാനാർഥി.
യു.ഡി.എഫിൽ പൂക്കാട്ടിരി ഡിവിഷനിൽനിന്ന് മത്സരിക്കുന്ന അബ്ദുൽ റഷീദ് കിഴിശ്ശേരിയാണ് പ്രമുഖൻ. മലപ്പുറം റീജനൽ പാസ്പോർട്ട് ഓഫിസർ, സംസ്ഥാന ഹജ്ജ് സെൽ ഓഫിസർ തുടങ്ങിയ സ്ഥാനങ്ങളിൽ വഹിച്ചിട്ടുണ്ട്. പാടശേഖര സമിതി ചെയർമാൻ, നിള ഫാർമർ പ്രൊഡ്യൂസർ കമ്പനി വൈസ് ചെയർമാൻ, സേവന പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന റഷീദ് കീഴിശ്ശേരി ലീഗ് നേതാവ് കൂടിയാണ്. മുഹമ്മദ് കുഞ്ഞി എന്ന ഇപ്പ മാസ്റ്ററാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി.
വെണ്ടല്ലൂർ ഡിവിഷനിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗം അഷറഫലി കാളിയത്തിന്റെ ഭാര്യ ഷഫീദ ബേബിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. നിലവിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അംഗമാണ് ഷഫീദ. കോൺഗ്രസിലെ ഷമീല ടീച്ചറാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി.
മാധ്യമപ്രവർത്തകനായ ബാബു എടയൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ഇവിടെ കോൺഗ്രസിലെ ബഷീർ മാവണ്ടിയൂർ മത്സരിക്കുന്നു. വെൽഫെയർ പാർട്ടി രണ്ട് ഡിവിഷനിൽ മത്സരിക്കുന്നു. വെട്ടിച്ചിറ ഡിവിഷനിൽ ജന്നത്ത് ഷെറിൻ കിളിയംപറമ്പിലും നടുവട്ടം ഡിവിഷനിൽ കെ.ടി. ഷുക്കൂറുമാണ് പാർട്ടി സ്ഥാനാർഥികൾ. ബി.ജെ.പി ഒമ്പത് ഡിവിഷനുകളിൽ മത്സരിക്കുന്നു. വലിയകുന്ന് ഡിവിഷനിൽ എസ്.ഡി.പി.ഐയും മത്സരിക്കുന്നു.
ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരമായി യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഭരിക്കുന്നത്. പട്ടികജാതി (ജനറൽ) സംവരണമായതിനാൽ പൈങ്കണ്ണൂരിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് പ്രതിനിധി എ.വി. അജയ് കുമാർ ആണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. പി.പി. മണികണ്ഠൻ ആണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി.
കെ.പി. ശങ്കരൻ മാസ്റ്ററുടെ നേതൃത്വത്തിൽ കൂടുതൽ ഡിവിഷനുകൾ പിടിച്ചെടുക്കുക എന്നതാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്താൻ സാധിക്കുമെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു. ബ്ലോക്ക് പഞ്ചായത്തിൽ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.