വളാഞ്ചേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി മർദിച്ച കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. തൃശൂർ ദേശമംഗലം സ്വദേശി യദുകൃഷ്ണനാണ് (28) പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയത്തിലായിരുന്ന വളാഞ്ചേരി സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ് ഇയാൾ വീട്ടിൽ കയറി ഉപദ്രവിച്ചത്.
നാലു വർഷത്തോളമായി യുവതിയുമായി സൗഹൃദത്തിലായിരുന്നു യദുകൃഷ്ണൻ. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ ശ്രമിച്ചതോടെ യുവതിയുടെ നഗ്നവിഡിയോ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി നിരവധി തവണ യുവതിയെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തു.
ഒക്ടോബർ 23ന് രാത്രി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ കതക് തുറക്കാൻ ആവശ്യപ്പെടുകയും വീട്ടിനകത്തേക്ക് കയറി കത്തികാണിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. വീണ്ടും ഉപദ്രവം തുടർന്നതോടെ യുവതി ഭർത്താവിനെ കൂട്ടി വളാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതി തൃശൂർ ചെറുതുരുത്തിയിൽ ഒളിവിൽ താമസിക്കവേയാണ് പൊലീസ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. വളാഞ്ചേരി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്.ഐ ശശികുമാർ, സി.പി.ഒമാരായ വിജയനന്ദു, ശൈലേഷ്, രജിത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.